Image

വിട ( കഥ: പുഷ്പമ്മ ചാണ്ടി )

Published on 14 July, 2020
വിട ( കഥ: പുഷ്പമ്മ ചാണ്ടി )
അവൾ, എന്നെക്കാണാൻ വരുമെന്ന ഒരുറപ്പും എനിക്കില്ലായിരുന്നു. 
ഒന്നു തമ്മിൽ കാണണമെന്ന  ആഗ്രഹം അറിയിച്ചിരുന്നുവെന്നു മാത്രം..
നിനച്ചിരിക്കാതെ ഒരു സായാഹ്നം അവൾ വന്നു, കതകിൽ  മെല്ലെ തട്ടിവിളിച്ചു, ഒരു ചെറുകാറ്റുപോലെ.
ആ പഴയ മന്ദഹാസം ഒട്ടും മാഞ്ഞിട്ടില്ല. പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു .
"എങ്ങനെയുണ്ട് ?"

"Physically , Mentally  or Emotionally ..?
Physically  ആണെങ്കിൽ ദിവസങ്ങൾ  എണ്ണപ്പെട്ടു കഴിഞ്ഞു.
Mentally ആണെങ്കിൽ Still Strong ."

"Emotionally a very happy mood "

" ഒട്ടും മാറിയിട്ടില്ല അല്ലേ ?"

"മാറാൻ കഴിയാത്തതായിരുന്നല്ലോ നമുക്കിടയിലെ പ്രശ്‌നം "

"എവിടെ ശോഭ ?"

നേഴ്സസ് റൂമിലേക്കു പോയ ശോഭ തിരികെ വന്നതപ്പോഴാണ്..

ദുഃഖഛായകലർന്ന ഒരു പുഞ്ചിരിയോടെ ശോഭ പറഞ്ഞു.
"ഇരിക്കൂ നിമ്മി !"
പെട്ടെന്ന് ഞങ്ങൾക്കിടയിൽ കടന്നുകൂടിയ  മൂകത  എന്നെ ശ്വാസം മുട്ടിച്ചു.

"ശോഭ നിമ്മിയെ ഓർക്കുന്നുണ്ടോ ? "
"ഒരിക്കൽ കണ്ടിരുന്നു, 
അശോകന്റെ  മോളുടെ കല്യാണ റിസപ്ഷന് ;"

"ഒരു മരുന്ന് റീപ്ലേസ് ചെയ്യാൻ മറന്നു , ഞാൻ ഫാർമസി വരെ പോയിട്ട് വരാം " 
ശോഭ പുറത്തേക്കു പോയി.
നിമ്മിയെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു . പഴയ രൂപത്തിനൊരു മാറ്റവുമില്ല.  
ഈ സൗന്ദര്യത്തെയാണൊ അതോ അതിനുള്ളിലെ ആത്മാവിനെയാണോ ഞാൻ പ്രണയിച്ചത് ? 
സൗന്ദര്യത്തെ തന്നെയായിരിക്കും .
പെട്ടെന്ന് അവൾ ചോദിച്ചു.
" മരണത്തെ നീ ഭയപെടുന്നുണ്ടോ ?"

"നീ കൂടെയുണ്ടെങ്കിൽ  മരണത്തെ എനിക്കു  ഭയമില്ല"
എന്നു പറയണമെന്നുണ്ടായിരുന്നു. 
പക്ഷേ പറഞ്ഞില്ല.

"മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. ആ യാത്രയ്ക്കു  ഞാൻ
തയാറെടുത്തു കഴിഞ്ഞു."

നിമ്മി പൊട്ടിക്കരയാൻ തുടങ്ങി.
"കരയാതെ ഞാനൊരു തമാശ പറഞ്ഞതല്ലേ?"

"ഒന്നും മറന്നിട്ടില്ല, അല്ലേ..?"
"ഓർമ്മകളില്ലെങ്കിൽ  ജീവിതമുണ്ടോ?

"നിമ്മീ,  ഒരു ദിവസം  നമ്മളെല്ലാവരും യാത്രയാകേണ്ടവരാണ്. ചിലരങ്ങു വേഗത്തിൽ, ചിലർ ഒരുപാടു വൈകി. പക്ഷെ, വിട പറച്ചിൽ അനിവാര്യമാണ് "

അവൾ   ഒന്നും പറയാതെ എന്റെ കിടപ്പിലേക്കു കണ്ണോടിച്ചു .
"മോഹനെ ഇങ്ങനെയൊരവസ്ഥയിൽ കാണേണ്ടിവരുമെന്നു ഞാൻ  കരുതിയില്ല." 
'ഞാനും."
ഇങ്ങനെയല്ലാത്ത അവസ്ഥയിലായിരുന്നെങ്കിൽ   എന്റെയീ മുടിയൊക്കെ കറുപ്പിച്ച്, നല്ല പെർഫ്യൂമൊക്കെയടിച്ച്,  ഇളം നീലനിറത്തിലുളള ആ ലിനൻ ഷർട്ടുമിട്ടിട്ടായിരിക്കും ഞാൻ നിന്റെ മുന്നിൽ  വന്നിരിക്കുക. കാരണം എന്നെ ഏറ്റവും സുന്ദരനായി കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ഈ ലോകത്തു നീ മാത്രമായിരുന്നു.

"എന്താണ് മോഹൻ  ആലോചിക്കുന്നത് ?"
"എന്തൊക്കെയോ "
ഞങ്ങൾക്കിടയിൽ 
മൗനം ഒരാവരണംപോലെ ചുറ്റിനും വന്നു പൊതിയുന്നതറിഞ്ഞു.  
എത്ര സംസാരിച്ചാലും  മതിയാവാതിരുന്ന ഞങ്ങൾക്കിടയിൽ മൗനമോ ?
പ്രണയം പങ്കുവെച്ച നിമിഷങ്ങളിൽ
കൊടുക്കാതെപോയ ചുംബനങ്ങളായിരിന്നു  കൊടുത്ത ചുംബനങ്ങളെക്കാൾ കൂടുതൽ.. 
ഇന്ന്,  എൻ്റെ ചുണ്ടുകൾ വരണ്ടുണങ്ങിയിരിക്കുന്നു. നാവു നിശ്ശബ്ദമായിരിക്കുന്നു ..
പെട്ടെന്നവൾ കുനിഞ്ഞ് എൻ്റെ നെറ്റിമേൽ ഒന്നു ചുംബിച്ചു., 
എന്നിട്ടു പതുക്കെ  പറഞ്ഞു. 
" ഞാൻ പോയി വരാം "

ഞങ്ങൾ തമ്മിലുണ്ടായിരുന്ന പ്രണയത്തിന്റെ ഉപ്പിന്റേയും, മധുരത്തിന്റേയും നനവ് ഞാനെൻ്റെ നെറ്റിമേലറിഞ്ഞു.

കയ്യൊന്നുയർത്തി  നെറ്റിയിലെ ആ ചുംബന  നനവിലൊന്നു  സ്പർശിക്കണമെന്നുണ്ടായിരുന്നു.   കൈകളിൽ കുത്തിയിട്ടിരിക്കുന്ന സൂചികളിലൂടെ മരുന്നുകയറിപ്പോകുന്ന വേദനയേക്കാൾ വലുത് ആ ചുംബനത്തിന്റെ വേദനയായിരുന്നു .

ഞങ്ങൾ തമ്മിൽ വീണ്ടും കാണുമെന്ന ഒരുറപ്പും എനിക്കില്ലായിരുന്നു. 
കാലം നിശ്ചലം,
മനസ്സ് നിശ്ചലം,
ഉടൽ എപ്പോൾ വേണമെങ്കിലും  
നിശ്ചലമായേക്കാം.. ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക