Image

ബി.ജെ.പി മന്ത്രിപുത്രനെ തടഞ്ഞ വനിത കോണ്‍സ്റ്റബിളിന് പണീഷ്‌മെന്റ് ട്രാന്‍സ്ഫര്‍

Published on 13 July, 2020
ബി.ജെ.പി മന്ത്രിപുത്രനെ തടഞ്ഞ വനിത കോണ്‍സ്റ്റബിളിന് പണീഷ്‌മെന്റ് ട്രാന്‍സ്ഫര്‍
സൂറത്ത്: ഗുജറാത്തില്‍ നിയമം ലംഘിച്ച ബി.ജെ.പി മന്ത്രിപുത്രനെ തടഞ്ഞ വനിത കോണ്‍സ്റ്റബിളിനെ സ്ഥലം മാറ്റി. വരാച്ച റോഡ് എം.എല്‍.എയും ആരോഗ്യമന്ത്രിയുമായ കുമാര്‍ കനാനിയുടെ മകന്‍ പ്രകാശ് കനാനിയെ പിടികൂടിയതിനാണ് നടപടി. സുനിത യാദവ് എന്ന കോണ്‍സ്റ്റബിളിനെയാണ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സ്ഥലം മാറ്റിയത്. മാസ്ക് പോലും ധരിക്കാതെ കര്‍ഫ്യൂ സമയത്ത് ഡ്രൈവിങ്ങിനിറങ്ങിയ പ്രകാശിന്‍െറ സുഹൃത്തുക്കളെ ഇവര്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30നായിരുന്നു സംഭവം. രാത്രികാല കര്‍ഫ്യൂ ലംഘിച്ച കനാനിയുടെ സുഹൃത്തുക്കളെ യാദവ് തടയുകയായിരുന്നു.

ഉടന്‍ തന്നെ അവര്‍ പ്രകാശിനെ ഫോണിലൂടെ വിളിച്ചു. തുടര്‍ന്ന് അച്ഛന്‍െറ വാഹനത്തില്‍ പ്രകാശ് സംഭവസ്ഥലത്തെത്തി. ശേഷം ഇവര്‍ തമ്മില്‍ നടന്ന വാഗ്വാദം ശനിയാഴ്ച സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സൂറത്ത് കമീഷണര്‍ ആര്‍.ബി. ബ്രഹ്മദത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഓഡിയോ ക്ലിപ്പില്‍ ഇതേ സ്ഥലത്ത് നിങ്ങള്‍ 365 ദിവസം തുടരുന്നത് കാണാമെന്ന തരത്തില്‍ മന്ത്രിപുത്രന്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ഞാന്‍ നിങ്ങളുടെ അടിമയല്ലെന്നായിരുന്നു അവരുടെ മറുപടി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് സ്ഥലം മാറ്റം. ഞായറാഴ്ച അറസ്റ്റിലായ പ്രകാശും സുഹൃത്തുക്കളും പിന്നീട് ജാമ്യത്തിലിറങ്ങി. അവധിയില്‍ പോയ യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക