Image

ഒരു മണൽത്തരിയുടെ കഥ : ജി.രമണി അമ്മാൾ

Published on 13 July, 2020
ഒരു മണൽത്തരിയുടെ കഥ : ജി.രമണി അമ്മാൾ
ചുട്ടുനീറ്റുന്ന പകലുകളായിരുന്നു ആയിടെയെല്ലാം നഗരത്തിലേത്. 
മൂന്നാലു ദിവസം അടുപ്പിച്ചങ്ങു പെയ്ത മഴ എന്തൊരാശ്വാസമായെന്നോ.
പലസമയങ്ങളിൽ ഇടവിട്ടുപെയ്യുന്ന മഴ.
ഒരു മഴ, ഇപ്പോൾ പെയ്തു തോർന്നതേയുളളു.
നിരത്തിൽ അവിടവിടെയായി 
വെളളം തളംകെട്ടിക്കിടക്കുന്നുണ്ട്.
വാഹനങ്ങൾ പാഞ്ഞോടി
വെളളം തെറിപ്പിച്ചു രസിച്ചു കളിക്കുന്നു. 
ഓരംചേർന്നു നടന്നിട്ടും ദേഹത്തു വെളളം 
തെറിക്കുന്നു.
വീണ്ടും കൂടുകൂട്ടാനൊരുങ്ങുന്നുണ്ട്
ആകാശത്തു മഴക്കാറുകൾ..
എപ്പോൾ വേണമെങ്കിലും പെയ്തേക്കാം..
നീളമുളള കാലൻകുട കയ്യിൽ കരുതിയിട്ടുണ്ട്...
ശക്തമായ മഴയത്തും ഒട്ടും നനയാത്ത വലിയ കുട.

വായനശാലയുടെ പുറകുവശത്തെ ഇടനാഴിവഴി അകത്തു കയറി. മുൻവാതിലിൽക്കൂടി അകത്തു കയറണമെങ്കിൽ
പിന്നെയും ഒരു വലം വയ്ക്കണം..
കൂട്ടംകൂടിയും, 
ഒറ്റയ്ക്കിരുന്നും, തനിയെ സംസാരിച്ചും, ചിരിച്ചും, ഉറക്കം തൂങ്ങിയുമൊക്കെയിരിക്കാറുളള ചെറുപ്പക്കാരിലാരേയും പരിസരത്തെങ്ങും കാണാനില്ല.. മഴയായതുകൊണ്ടാവുമോ?

സന്ധ്യമയങ്ങിക്കഴിഞ്ഞാൽ
പോലിസുകാർ ഇടയ്ക്കുവന്നൊന്നു റോന്തുചുറ്റിപ്പോകാറുണ്ട്..
ആണും പെണ്ണും തമ്മിലുള്ള അനാശാസ്യമല്ല, 
ആണും ആണും തമ്മിലുള്ള അനാശാസ്യം പരിസരത്തു നടക്കാറുണ്ടുപോലും..  
മഴപെയ്തു കുളിർന്ന ഇന്നത്തെ രാത്രിയിൽ എനിക്കുറങ്ങാൻ കഴിഞ്ഞേക്കും..
ലഹരിയടിമയാക്കിയ ചെറുപ്പക്കാരെയാരെയും ഇന്നു കാണാഞ്ഞതുകൊണ്ട്..
അവരുടെ ജീവനില്ലാത്ത കണ്ണുകൾ ഇരുട്ടിൽ നുഴഞ്ഞുകയറിവന്നുറക്കം
കെടുത്തില്ല.

വരാന്തയിൽ കുടകളുടെ നീണ്ട നിരതന്നെയുണ്ട്.  നനഞ്ഞ കുടകളിൽനിന്നിറ്റു വീഴുന്ന വെളളത്തുളളികൾ
വരാന്തയിലും ഒരു മഴപ്പെയ്ത്തിന്റെ പ്രതീതിയുളവാക്കി.
പ്രവർത്തിദിവസങ്ങളിലെ
വൈകുന്നരങ്ങളിൽ
പുസ്തകമെടുപ്പുകാർ കുറവല്ല. 
റീഡിംഗ് റൂമിലും തിരക്കുണ്ട്..
നിരന്ന ചില്ലലമാരകളിൽ, 
റാക്കുകളിൽ പുസ്തകം പരതുമ്പോൾ  എന്നും മടുപ്പാണ്. 
ഒരുപാടു പഴക്കമുളള പറംചട്ടയിൽ പൂപ്പൽ പിടിച്ച പുസ്തകങ്ങളാണ് കയ്യിൽ തടയുന്നതത്രയും..
അന്വേഷിച്ചു വരുന്ന പുസ്തകങ്ങൾ 
വല്ലപ്പോഴുമൊന്നു  കിട്ടിയാലായി..
പരതിപ്പരതി മടുക്കുമ്പോൾ ഏതെങ്കിലുമൊക്കെ എടുത്തോണ്ടു പോരും.

പുറത്ത് മഴപെയ്യുകയാണ്.
"മഴയായാലെന്താ  പോലീസൂകാർക്കിന്നത്തേക്കിനുകിട്ടി..
ഈ കോമ്പൗണ്ടീന്നു കുറെയെണ്ണത്തിനെ പൊക്കി
ജീപ്പിനകത്തിട്ടു കൊണ്ടുപോയിട്ടുണ്ട്."
ആരോ പറയുന്നു.
അപ്പോൾ അതാണു കാര്യം..
മരച്ചോട്ടിലും പടിക്കെട്ടിലും കിറുങ്ങിയിരിക്കാറുളളവരും
അക്കൂട്ടത്തിൽ പെട്ടുകാണും..
അനാശാസ്യപ്രവത്തനങ്ങളുടെ വിഹാര കേന്ദ്രമാണ് നഗരത്തിന്റെ പഴമയുടെ സംസ്കാരം വീളിച്ചോതുന്ന ഈ ഭാഗം..
ചെടികളും ഇടതൂർന്നു നിൽക്കുന്ന വൻമരങ്ങളും ഒക്കെയുള്ള വിസ്തൃതമായ സ്ഥലം. 
ഇടയ്ക്കിടയ്ക്ക് പോലീസിന്റെ മിന്നൽ പ്രഹരങ്ങൾ ഇവിടെ അരങ്ങേറാറുണ്ട്.
കൂട്ടം കൂടി നാട്ടുവർത്തമാനം പറഞ്ഞുനിന്ന മഴക്കാറുകൾ വീണ്ടും 
പെയ്യാനുളള ഒരുക്കത്തിൽ..

ചന്നം ചിന്നം പെയ്യുന്ന മഴയെനിക്കിഷ്ടമല്ല. തുളളിക്കൊരു കുടം കണക്കെ
വാശിതീർത്തങ്ങു പെയ്യണം. 
മഴനൂലുകൾ കനം കൂടിയും കുറഞ്ഞും ആകാശത്തൂന്നിറങ്ങിവരുമ്പോൾ വലിയ സന്തോഷമാണ്..
കടലാസു തോണിയുണ്ടാക്കി അതിൽ പാതി കൊന്ന കട്ടുറുമ്പിനേയും
ചിറകൊടിച്ച തുമ്പിയേയും  എടുത്തിട്ടു നാടു കടത്തി രസിക്കുമായിരുന്നു.
അന്നത്തെ ആ മനസ്സുതന്നെയാണ് ഇപ്പോൾ ഈ മഴ കാണുമ്പോഴും...

ഇനി ഇറങ്ങിയേക്കാം.. ഏഴുമണിക്കു മുൻപ് ഹോസ്റ്റലിൽ  എത്തണം..
താമസിക്കുന്തോറും ഗേറ്റിനു വെളിയിൽ കൂടുതൽ സമയം
നിൽക്കേണ്ടിവരും.
പി. കുഞ്ഞിരാമൻ നായരുടെ 
"ഒരു മണൽത്തരിയുടെ ചിരി" എന്ന കവിതാപുസ്തകം കയ്യിലിരുന്നു ചിരിക്കുന്നു. 
പുറത്തെ മഴവെള്ളപ്പാച്ചിലിൽ
മണ്ണും പൊടിയും ചിരിച്ചു മറിഞ്ഞൊഴുകുന്നു. 
മഴയിലൂടിറങ്ങി നടന്നു..
എന്റെ താവളത്തിലേക്ക്..
ഇന്നത്തെയുറക്കം മഴയുടെ പാട്ടുകേട്ട്. 
അർദ്ധ മയക്കക്കാർ പോലീസ് കസ്റ്റഡിയിൽ ആവുമോ...
അവർക്കു ജീവിതത്തിലേക്കു തിരിച്ചു വരാൻ കഴിഞ്ഞെങ്കിൽ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക