Image

ശിവശങ്കറിനെതിരേ അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ ദുരൂഹത

Published on 12 July, 2020
ശിവശങ്കറിനെതിരേ അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ ദുരൂഹത
യുഎപിഎ ചുമത്തി കേസെടുത്ത സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയും മുന്‍ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടി സംശയ നിഴലില്‍.

ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയ ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാന്‍ മൂന്നു സാഹചര്യത്തില്‍ കഴിയും.

• സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അഖിലേന്ത്യാ സര്‍വീസില്‍ പെട്ടവരായതിനാല്‍ കേന്ദ്ര സര്‍ക്കാരിനു നേരിട്ട് അന്വേഷണം നിര്‍ദേശിക്കാം. ഇക്കാര്യം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കാം.

• അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും സംസ്ഥാന ചീഫ് സെക്രട്ടറിക്കു പരാതി സമര്‍പ്പിച്ചാല്‍, അദ്ദേഹത്തിന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടാം.

• ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയിട്ടും വകുപ്പുതല അന്വേഷണം നടത്താന്‍ തയാറാകാതിരുന്നാല്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ കോടതി നിര്‍ദേശാനുസരണം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം.

അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടത്തില്‍ നിര്‍ദേശിക്കുന്ന മൂന്നു ചട്ടലംഘനം ശിവശങ്കര്‍ നടത്തിയതായാണു പ്രധാനമായും പരാതി ഉയരുന്നത്.

• സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തി.

നേരത്തേ ക്രൈംബ്രാഞ്ച് കേസില്‍ ഉള്‍പ്പെട്ടവരുമായി ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറി അടുത്ത ബന്ധം പുലര്‍ത്തി.

അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് എന്തെങ്കിലും കേസുകളില്‍ പ്രതികളായവരുമായി അടുത്ത ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ ഇവര്‍ക്കെതിരേ അന്വേഷണം ആവശ്യമാണ്.

ഔദ്യോഗിക തലത്തില്‍ ഇവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു വകുപ്പുതല സമിതി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എന്തെങ്കിലും സഹായം ചെയതതായി തെളിഞ്ഞാല്‍ ഇവരെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത് തുടരന്വേഷണം നടത്തണമെന്നാണു ചട്ടത്തില്‍ പറയുന്നത്.

• ഉന്നത പദവിയിലിരുന്ന് അനധികൃത നിയമനം നടത്തിയെന്ന് ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ ഉടന്‍തന്നെ വകുപ്പുതല അന്വേഷണം നടത്തേണ്ടതും വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു തുടര്‍ നടപടി സ്വീകരിക്കേണ്ടതുമാണ്.

• ഓഫിസിനു പുറമേ ഔദ്യോഗിക താമസസ്ഥലത്ത് അടക്കം സര്‍വീസ് ചട്ടത്തിനനുസരിച്ചു മാത്രമേ സന്ദര്‍ശകരെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇതില്‍ ലംഘനം നടന്നോ എന്നും പരിശോധിക്കാം. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ളാറ്റില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക