Image

മരട് ഫ്‌ളാറ്റ് പൊളിച്ചിട്ട് 6 മാസം, അവശിഷ്ടങ്ങള്‍ കായലില്‍ തന്നെ, മൗനം അവലംബിച്ച് നഗരസഭ

Published on 12 July, 2020
മരട് ഫ്‌ളാറ്റ് പൊളിച്ചിട്ട് 6 മാസം, അവശിഷ്ടങ്ങള്‍ കായലില്‍ തന്നെ, മൗനം അവലംബിച്ച് നഗരസഭ
കൊച്ചി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു പൊളിച്ച ആല്‍ഫാ ഫ്‌ലാറ്റിന്റെ കായലില്‍ വീണ അവശിഷ്ടം പൂര്‍ണമായി നീക്കം ചെയ്യാതെ കരാര്‍ കമ്പനി മടങ്ങി. ഫ്‌ലാറ്റ് പൊളിക്കാന്‍ കരാറെടുത്ത ചെന്നൈ വിജയ് സ്റ്റീല്‍സാണ് കായലിലെ അവശിഷ്ടം പൂര്‍ണമായി നീക്കം ചെയ്യാതിരുന്നത്.  സമീപ വീടുകള്‍ക്കു നാശനഷ്ടം ഉണ്ടാകാതിരിക്കാനായി ഇരട്ട ടവറില്‍ ഒന്നിന്റെ 30% ഭാഗമാണ് കായലിലേക്കു വീഴ്ത്തിയത്. ഇവ നീക്കം ചെയ്‌തെന്ന വിജയ് സ്റ്റീല്‍സ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ റിപ്പോര്‍ട്ട് തയാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നല്‍കിയിട്ടുണ്ട്. എന്നാല്‍, ടവറിന്റെ നല്ലൊരു ഭാഗം ഇപ്പോഴും വെള്ളത്തിലാണ്.

അവശിഷ്ടങ്ങള്‍ കായലില്‍ മുങ്ങിക്കിടക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇപ്പോള്‍ കായലില്‍ അരയോളമേ വെള്ളമുള്ളൂ. കോണ്‍ക്രീറ്റ് കമ്പികള്‍ വെള്ളത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ ഭാഗത്തു വലയിട്ട ഉദയംപേരൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ വല കീറി. അവശിഷ്ടം കായലില്‍ നിന്നു പൂര്‍ണമായി നീക്കം ചെയ്യാത്തതിനെപ്പറ്റി പ്രതികരിക്കാന്‍ നഗരസഭാധികൃതര്‍ തയാറായില്ല.

പൊളിച്ച എല്ലാ ഫ്‌ലാറ്റുകളിലെയും കോണ്‍ക്രീറ്റിലെ കമ്പിയുടെ അവകാശവും ഇടനിലക്കരാറിലൂടെ വിജയ് സ്റ്റീല്‍സിന് ആയിരുന്നു. കമ്പി ഒഴികെയുള്ള അവശിഷ്ടങ്ങള്‍ ആലുവയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനിക്കു കൈമാറി. അവശിഷ്ടങ്ങള്‍ പ്രധാനമായും വെങ്ങോലയിലെ യൂണിറ്റിലേക്കു മാറ്റി എം സാന്‍ഡും കോണ്‍ക്രീറ്റ് കട്ടകളുമാക്കുകയാണു ചെയ്തത്. മേയ് 21ന് അവശിഷ്ടനീക്കം പൂര്‍ത്തിയായെന്നാണ് അധികൃതരെ അറിയിച്ചത്.

ആല്‍ഫാ പരിസരത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ബലക്ഷയമുണ്ട്. ചില കിണറുകള്‍ ഉപയോഗ ശൂന്യമായി. വാടക വീട്ടിലേക്കു മാറിയതിന്റെ ദുരിതം വേറെ. വീടിന്റെ ശോച്യാവസ്ഥ കാരണം പലര്‍ക്കും ഇനിയും തിരിച്ചെത്താനായില്ല. സ്വന്തം പോക്കറ്റില്‍ നിന്നാണ് ഇവര്‍ ഇപ്പോള്‍ വാടക നല്‍കുന്നത്. വിള്ളല്‍ വീണ വീടുകളുടെ അറ്റകുറ്റപ്പണി നാമമാത്രമായിരുന്നെന്ന് പരിസരവാസികള്‍ ആരോപിച്ചു. മഴക്കാലം കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യമെന്ന് ഇവര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക