Image

സ്വപ്ന ഇനി എന്‍.ഐ.എ കസ്റ്റഡിയിലും ജയിലിലുമായി കാലങ്ങളോളം (ശ്രീനി)

Published on 12 July, 2020
സ്വപ്ന ഇനി എന്‍.ഐ.എ കസ്റ്റഡിയിലും ജയിലിലുമായി കാലങ്ങളോളം (ശ്രീനി)
തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ ബംഗളൂരുവിലേക്ക് രക്ഷപ്പെട്ട സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ മുഖ്യ കണ്ണി സ്വപ്ന സുരേഷിനെ സമര്‍ത്ഥമായ നീക്കത്തിലൂടെ പിടികൂടിയ എന്‍.ഐ.എ അതേ വേഗത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഒപ്പം കേസിലെ മറ്റൊരു നിര്‍ണ്ണായക പ്രതി സന്ദീപ് നായരും ഉണ്ട്. ഇതുവരെയും കൊച്ചി കലൂരിലെ എന്‍.ഐ.എ കോടതി സ്‌പെഷല്‍ ജഡ്ജ് പി കൃഷ്ണകുമാര്‍ 3 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. ഇവരുടെ കോവിഡ് ടെസ്റ്റ് ഫലം കിട്ടിയാലുടന്‍ എന്‍.ഐ.എ കോടതി കസ്റ്റഡി അപേക്ഷ നല്‍കും. സ്വപ്നയെയും സന്ദീപിനെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കും.

സ്വര്‍ണ്ണ കള്ളക്കടത്തിലെന്ന പോലെ ബംഗളൂരുവിലേക്ക് കടക്കാന്‍ സ്വപ്ന തന്റെ ഉന്നതതല ബന്ധം ഉപയോഗിച്ചിട്ടുണ്ട്. കോവിഡ് വ്യാപന കാലഘട്ടത്തില്‍ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തിലേക്ക് കടക്കണമെങ്കില്‍ നിര്‍ബന്ധമായും എന്‍ട്രി പാസ്സ് വേണം. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് എത്തണമെങ്കില്‍ നിരവധി ചെക്ക് പോയിന്റുകള്‍ കടക്കണം. സംസ്ഥാന അതിര്‍ത്തികളെല്ലാം കര്‍ശന പരിശോധന നടക്കുന്ന സമയവുമാണിത്.

സ്വപ്നയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇത്തരം ഒരാള്‍ക്ക് ആള്‍മാറാട്ടം നടത്തി സംസ്ഥാനം വിട്ടു പോവുക എന്നത് അസാധ്യമായ കാര്യമാണ്. അതിനാല്‍ സ്വപ്നയ്ക്കും കുടുംബത്തിനും ഉന്നത തലത്തിലുള്ള ഇടപെടല്‍ ലഭിച്ചിട്ടുണ്ടെന്ന കാര്യം തര്‍ക്കമറ്റ സംഗതിയാണ്. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലെ കൊറമംഗലയിലേക്ക് എത്തണമെങ്കില്‍ കാര്‍ മാര്‍ഗ്ഗം ഇവര്‍ക്ക് 1474 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇതിന് കേരളത്തില്‍ മാത്രമല്ല, കര്‍ണ്ണാടകയിലും സ്വപ്നയ്ക്ക് സഹായം ലഭിച്ചിട്ടുണ്ട്. ആ നിലയ്ക്ക് സ്വപ്നയുടെ കുടുംബസമേതമുള്ള ബംഗളൂരു യാത്രയും വിവാദമാവുകയാണ്.

സ്വര്‍ണ്ണ കടത്തിന് ഭീകരപ്രവര്‍ത്തകരുമായുള്ള ബന്ധം ഉള്ളതിനാല്‍ ആണ് യു.എ.പി.എ നിയമം പ്രതികള്‍ക്കു മേല്‍ ചുമത്തിയത്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയോടെയാണ് ബംഗളൂരുവില്‍ നിന്നും അതിവേഗത്തില്‍ സ്വപ്നയെയും സന്ദീപിനെയും എന്‍.ഐ.എ കേരളത്തില്‍ എത്തിച്ചത്. ഈ കേസില്‍ ഒരു നിമിഷം പോലും പാഴാക്കിക്കളയാന്‍ എന്‍.ഐ.എ അനുവദക്കുന്നില്ല. പ്രതികളെ നിരന്തരം ചോദ്യം ചെയ്ത് എത്രയും പെട്ടെന്ന് തന്നെ സ്വര്‍ണ്ണ കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തുകയെന്നതാണ് അന്വേഷണ ഏജന്‍സിയുടെ ലക്ഷ്യം. അതുകൊണ്ടാണ് ബംഗളൂരുവില്‍ ഇന്നലെ രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും അവിടുത്തെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് വൈകുന്നേരത്തോടുകൂടി തന്നെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ എത്തിച്ചത്.

പ്രതികള്‍ കേരളം വിട്ടതിനാല്‍ കോവിഡ് ടെസ്റ്റ് അനിവാര്യമാണ്. ഇവരെ ബംഗളൂരിവില്‍ നിന്നു കൊണ്ടു വരുംവഴി ആലുവ ഗവണ്‍മെന്റ് ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. നാലു മണിക്കൂറിനുള്ളില്‍ തന്നെ പരിശോധന ഫലം ലഭ്യമാക്കണമെന്ന് എന്‍.ഐ.എ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ചാണിത്. റിസല്‍റ്റ് നെഗറ്റീവ് ആകുന്ന പക്ഷം ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലിന് വിധേയമാക്കും. 

എന്‍.ഐ.എ നിയമമനുസരിച്ച് പിടിക്കപ്പെടുന്ന പ്രതികളെ 72 മണിക്കൂര്‍ കസ്റ്റഡിയില്‍ വയ്ക്കാനും 90 ദിവസം ജാമ്യമില്ലാ വകുപ്പു പ്രകാരം റിമാന്‍ഡില്‍ വയ്ക്കാനും സാധിക്കും. എന്നാല്‍ കസ്റ്റംസ് നിയമം അനുസരിച്ച് പിടിയിലാകുന്നവരെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. 60 ദിവസത്തേക്കു മാത്രമാണ് കസ്റ്റഡിയില്‍ ലഭിക്കുക. ഇതിനിടയില്‍ പ്രതികള്‍ക്ക് ജാമ്യാപേക്ഷ നല്‍കാനും കഴിയും. അതുകൊണ്ടാണ് എന്‍.ഐ.എ നിയമപ്രകാരം കേസ് ചുമത്തുന്നത്. കൂടാതെ മറ്റ് ഏജന്‍സികളുടെ പക്കലുള്ള വിവരങ്ങള്‍ ഇവര്‍ക്ക് ആവശ്യപ്പെടാം. അതിലൂടെ സമഗ്രമായ കുറ്റപത്രം തയ്യാറാക്കാനാകും. വിദേശത്തേയ്ക്ക് തുടരന്വേഷണം വേണമെങ്കില്‍ എന്‍.ഐ.എയ്ക്ക് ഇന്റര്‍ പോളിന്റെ സഹായം തേടാനുമാകും. 

അതേസമയം, കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലത്തെ മൂന്നു പീഡിക സ്വദേശിയായ ഫൈസല്‍ ഫരീദ് 19-ാം വയസ്സിലാണ് ദുബായിലെത്തിയത്. ഇയാള്‍ക്ക് തീവ്രവാദി പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തുന്നത് ഇയാളുടെ നേതൃത്വത്തിലാണ്. നിരവധി സ്വര്‍ണ്ണക്കടത്തുകളില്‍ ഫൈസലും ഇന്ന് പിടിയിലായിരിക്കുന്ന റമീസും ഉള്‍പ്പെട്ടിട്ടുണ്ട്. സ്വപ്നയെയും സന്ദീപിനെയും ഒരുമിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കും.

സ്വപ്ന സുരേഷ് വഴിവിട്ട ചില നീക്കങ്ങള്‍ നടത്തുന്നതായി ഇന്റലിജന്‍സിനറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഏതാനും മാസങ്ങളായി ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു സ്വപ്ന സുരേഷ്. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം 2019 ഫെബ്രൂവരി മാസത്തില്‍ ഈ റാക്കറ്റിനെ കുറിച്ച് കേന്ദ്ര അധികൃതര്‍ക്ക്് വിവരം നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. അധികൃതരുടെ ബോധപൂര്‍വ്വമായ ഈ അനാസ്ഥയിലൂടെ നിരവധി സ്വര്‍ണ്ണ കള്ളക്കടത്തുകളാണ് കേരളത്തില്‍ അരങ്ങേറിയിട്ടുള്ളത്. ഈ കേസില്‍ എന്‍.ഐ.എ പെട്ടെന്ന് ഇടപെട്ടതല്ല എന്നാണ്  വിലയിരുത്തല്‍. കുറഞ്ഞത് ആറുമാസമെങ്കിലും കള്ളക്കടത്തു സംഘത്തെ പിന്‍തുടര്‍ന്നതിന്റെ തുടര്‍ച്ചയായിട്ടാണിത്.

ഫൈസല്‍ ഫരീദ് ആയുധ കടത്തിലും പങ്കാളിയാണെന്ന് എന്‍.ഐ.എ സംശയിക്കുന്നു. ഇയാള്‍ കണ്ടെയ്‌നറിലൂടെയും സ്വര്‍ണ്ണവും ആയുധങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കടത്തിയിട്ടുണ്ട്. ഇതിനിടെ സ്വപ്നയുമായുള്ള വഴി വിട്ട ബന്ധത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലിലായ മുന്‍ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സ്വര്‍ണ്ണ കടത്തു കേസ് വിവാദമായതോടെ മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ ശിവശങ്കര്‍ തിരുവനന്തപുരം നഗരത്തിലെവിടെയോ ഒളിച്ചിരിക്കുകയാണ്. ഇയാളുടെ വീടിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രമാദമായ ഈ കേസ് എന്‍.ഐ.എയ്ക്ക് വിട്ടതിനു പിന്നില്‍ പാകിസ്താന്‍ ബന്ധമുണ്ടത്രെ. അതുകൊണ്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൊച്ചി കസ്റ്റംസില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചത്. ഡോവലിന്റെ ഫോണ്‍ കോളിനു ശേഷം പിറ്റേ ദിവസം തന്നെ കേസ് എന്‍.ഐ.എയ്ക്ക് വിട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങുകയും ചെയ്തു. സ്വര്‍ണ്ണ കടത്തു കേസില്‍ ഇതാദ്യമായാണ് യു.എ.പി.എ ചുമത്തുന്നത്. ദേശദ്രോഹകുറ്റം ചുമത്തിയതിനാല്‍ പ്രതികള്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ഏറെക്കാലത്തെ പോരാട്ടം വേണ്ടിവരുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ത്യയില്‍ സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് തടയുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയതാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അഥവാ യു.എ.പി.എ. (അണ്‍ ലോഫുള്‍ ആക്ടിവിറ്റീസ്- പ്രിവന്‍ഷന്‍ ആക്ട്). രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ക്രിമിനല്‍ നടപടി ക്രമത്തിലെ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാകുമ്പോള്‍ യു.എ.പി.എ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടാല്‍ 30 ദിവസവം കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയുമായി നീളും. ഇങ്ങനെ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ 180 ദിവസം വരെ കുറ്റാരോപിതരെ ജയിലിലിടാന്‍ കഴിയും. ഇനി കുറ്റപത്രം സമര്‍പ്പിച്ചാല്‍ തന്നെ അനിശ്ചിതമായി വിചാരണയില്ലാതെ ജയില്‍ വാസം നീളും. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദു ചെയ്യുന്നു.

സ്വര്‍ണ്ണ കടത്തില്‍ സംശയമുള്ളവരുടെ അക്കൗണ്ടുകള്‍ നിരീക്ഷിച്ച ശേഷം പിന്‍വലിക്കുന്ന തുക എവിടേക്കു പോകുന്നുവെന്ന് മനസ്സിലാക്കുകയാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നത്. സ്വര്‍ണ്ണ കടത്തിന്റെ ഉറവിടവും ഫണ്ട് പോകുന്നതടക്കം വിവിധ ദിശയിലുള്ള അന്വേഷണമാണ് എന്‍.ഐ.എ നടത്തുക. സ്വത്തു കണ്ടുകെട്ടല്‍, പാസ്സ് പോര്‍ട്ട് കണ്ടു കെട്ടല്‍ തുടങ്ങിയ നടപടികള്‍ ഇതിന്റെ തുടര്‍ച്ചയായി ഉണ്ടാകും.
സ്വപ്ന ഇനി എന്‍.ഐ.എ കസ്റ്റഡിയിലും ജയിലിലുമായി കാലങ്ങളോളം (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക