Image

ബാങ്ക് ജോലി ലഭിച്ചില്ല; എസ്.ബി.ഐയുടെ വ്യാജ ശാഖ തുടങ്ങിയ 19-കാരന്‍ അറസ്റ്റില്‍

Published on 11 July, 2020
ബാങ്ക് ജോലി ലഭിച്ചില്ല; എസ്.ബി.ഐയുടെ വ്യാജ ശാഖ തുടങ്ങിയ 19-കാരന്‍ അറസ്റ്റില്‍
ചെന്നൈ: മൂന്ന് മാസം മുമ്പാണ് തമിഴ്‌നാട് കൂടല്ലൂര്‍ ജില്ലയിലെ പന്‍റുട്ടി നോര്‍ത്ത് ബസാറില്‍ എസ്.ബി.ഐയുടെ പുതിയ ശാഖ തുറന്നത്. കമ്പ്യൂട്ടറുകളും ലോക്കറുകളും ചലാന്‍ സ്ലിപ്പുകളും മറ്റ് ഇടപാട് രേഖകളുമൊക്കെ ബാങ്കിലുണ്ടായിരുന്നു. എന്നാല്‍, കോവിഡ് കാലമായതിനാല്‍ പുതിയ ശാഖയില്‍ കാര്യമായ ഇടപാടുകളൊന്നും നടന്നില്ല. കഴിഞ്ഞ ദിവസം നോര്‍ത്ത് ബസാര്‍ ബാങ്കിലെ രസീത് സമീപത്തെ എസ്.ബി.ഐ ശാഖയിലെ മാനേജര്‍ കണ്ടതോടെയാണ് വ്യാജ ബാങ്കിനെ കുറിച്ചുള്ള വിവരം പുറത്തായത്. മൂന്ന് മാസമായി നോര്‍ത്ത് ബസാറില്‍ പ്രവര്‍ത്തിച്ച എസ്.ബി.ഐ ശാഖ വ്യാജനാണെന്ന് അറിഞ്ഞതോടെ നാട്ടുകാരാകെ അമ്പരന്നിരിക്കുകയാണ്.

എസ്.ബി.ഐ മുന്‍ജീവനക്കാരായ ദമ്പതികളുടെ 19കാരനായ മകനാണ് ഒറിജിനലിനെ വെല്ലുംവിധം വ്യാജ ബാങ്ക് ശാഖ തുറന്നത്. സംഭവത്തില്‍ കമല്‍ ബാബു (19), കൂട്ടാളികളായ എ. കുമാര്‍ (42), എം. മാണിക്കം (52) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബാങ്ക് ജീവനക്കാരായ ദമ്പതികളുടെ മകനായതിനാല്‍ കമല്‍ ബാബുവിന് ചെറുപ്പം മുതല്‍ക്കേ ബാങ്ക് പ്രവര്‍ത്തനങ്ങളെല്ലാം പരിചയമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളുടെ പിതാവ് മരിച്ചു. മാതാവ് വിരമിക്കുകയും ചെയ്തു. പിതാവിന്‍റെ ജോലി തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, ജോലി ലഭിച്ചില്ല.

തുടര്‍ന്നുണ്ടായ നിരാശയില്‍ നിന്നാണ് വ്യാജ ബാങ്ക് ശാഖ തുടങ്ങാനുള്ള തീരുമാനമുണ്ടായത്. ബാങ്കിലെ ഇടപാടുകളെ കുറിച്ച് വിശദ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പരാതിയുമായി ഇടപാടുകാര്‍ ആരും വന്നിട്ടില്ല.

താന്‍ ആളുകളെ വഞ്ചിക്കാനായല്ല ബാങ്ക് ആരംഭിച്ചതെന്ന് ബാബു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, ബാബുവിന്‍റെ മാതാവിന്‍റെയും അമ്മായിയുടെയും അക്കൗണ്ടിലേക്ക് നിരവധി ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക