Image

കെ. അജിതയ്‌ക്ക്‌ കേരള സെന്ററില്‍ സ്വീകരണം നല്‍കുന്നു

മനോഹര്‍ തോമസ്‌ Published on 31 May, 2012
കെ. അജിതയ്‌ക്ക്‌ കേരള സെന്ററില്‍ സ്വീകരണം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: സര്‍ഗ്ഗവേദിയും, കേരള സെന്ററും സംയുക്തമായി ജൂണ്‍ മൂന്നാം തീയതി വൈകുന്നേരം അഞ്ചുമണിക്ക്‌ കേരളാ സെന്ററില്‍ വെച്ച്‌ അന്വേഷി പ്രസിഡന്റ്‌ കെ. അജിതയ്‌ക്ക്‌ സ്വീകരണം നല്‍കും.

അജിതയെ മാറ്റി നിര്‍ത്തിയാല്‍ കേരളത്തിന്റെ ചരിത്രം പൂര്‍ണ്ണമാവില്ല. പ്രത്യയശാസ്‌ത്രത്തില്‍ അധിഷ്‌ഠിതമായ വര്‍ഗ്ഗവിപ്ലവത്തിന്റെ വക്താവായാണ്‌ നമ്മള്‍ ആദ്യം അജിതയെ പരിചയപ്പെടുന്നത്‌. മേലാളന്മാരാല്‍ ചൂഷണം ചെയ്യപ്പെടുകയും, ചവിട്ടിമെതിക്കപ്പെടുകയും, ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ സായുധ വിപ്ലവത്തിലൂടെ മാത്രമേ ഇതിന്‌ ഒരറുതി വരുത്താന്‍ കഴിയുകയുള്ളുവെന്ന വിശ്വാസത്തിലൂടെ ചരിത്രം ചോരകൊണ്ടെഴുതിയ ഒരധ്യായത്തിന്റെ സൃഷ്‌ടിയാണ്‌ അജിത.

കാലം മാറി. ഇന്നവര്‍ `അന്വേഷി' എന്ന സംഘടനയുടെ സാരഥിയാണ്‌. അഭ്യസ്‌തവിദ്യര്‍ എന്ന്‌ കൊട്ടിഘോഷിക്കപ്പെടുമ്പോഴും, സാക്ഷതയില്‍ കേരളത്തെ വെല്ലാന്‍ മറ്റൊരു നാടില്ല എന്ന്‌ ഹുങ്ക്‌ പയുമ്പോഴും സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുകയും, പാര്‍ശ്വവത്‌കരിക്കപ്പെടുകയും ചെയ്യുന്ന നാടാണ്‌ കേരളം. അവിടെ ആ അമ്മമാരുടെ, ഭാര്യമാരുടെ, പെങ്ങന്മാരുടെ ശബ്‌ദമായി `അന്വേഷി' പ്രവര്‍ത്തിക്കുന്നു.

മുസ്ലീമുകളുടെ ഇടയില്‍ നടമാടുന്ന ബാലവിവാഹങ്ങളും, അറബികല്യാണങ്ങളും, ട്രെയിനിലും ബസിലും പീഢിപ്പിക്കപ്പെടുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങളും, നമ്മളെ ഭരിക്കുന്ന മേലാളന്മാര്‍ കൈയ്യാളിയ ഐസ്‌ക്രീം കേസും... അങ്ങനെ കേരളത്തിലെ സ്‌ത്രീകള്‍ അനുഭവിക്കുന്ന നൂറുനൂറു പ്രശ്‌നങ്ങളുടെ അണയാത്ത ശബ്‌ദമായി അന്വേഷിയിലൂടെ അജിത എത്തുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ അവര്‍ നല്‍കുന്ന പൊള്ളുന്ന മറുപടിയ്‌ക്കും, അവരുടെ വാക്കുകളിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്കും, മനസാക്ഷിയെ ഞെട്ടിക്കുന്ന തെളിഞ്ഞ സത്യങ്ങള്‍ക്കും നമുക്ക്‌ കാതോര്‍ക്കും.

അജിതയെ കേള്‍ക്കാന്‍ നിങ്ങള്‍ വരണം. കാരണം അവര്‍ നിങ്ങള്‍ക്കുവേണ്ടി മാത്രമാണ്‌ സമൂഹത്തോട്‌ സംസാരിക്കുന്നത്‌. www.anveshi.org
കെ. അജിതയ്‌ക്ക്‌ കേരള സെന്ററില്‍ സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക