Image

കേരളത്തിലേക്ക് സ്വർണം കടത്തുന്നവരിൽ ഐ.എസ് ബന്ധം ഉള്ളവരുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

Published on 10 July, 2020
കേരളത്തിലേക്ക് സ്വർണം കടത്തുന്നവരിൽ ഐ.എസ് ബന്ധം ഉള്ളവരുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലെന്ന് സൂചന. കേസിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും. സംസ്ഥാനത്തേക്ക് സ്വർണം കടത്തുന്നവരിൽ ഭീകര സംഘടനയായ ഐഎസ് ബന്ധമുള്ളവരും ഉണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. സ്വർണക്കടത്ത് കേസ് എൻഐഎക്ക് വിട്ടത് ഈ സാഹചര്യത്തിലാണ്. കേസന്വേഷണം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ മാത്രമായി ഒതുങ്ങില്ല.

കേന്ദ്ര സർക്കാരിലെ ഉന്നതർ ഈ വിഷയം പരിശോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കൂടി അനുമതിയോടെയാണ് അന്വേഷണം എൻഐഎക്ക് വിട്ടത്. കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയ ആളുകള്‍ സ്വര്‍ണക്കടത്തിലൂടെ സമ്പത്ത് ഇന്ത്യയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ആർക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് വ്യക്തമാകാതെയാണ് പലപ്പോഴും കേസ് അന്വേഷിക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ കൂടി പിന്തുണ ഈ കേസന്വേഷണത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എൻഐഎ നിയമത്തിൽ കള്ളക്കടത്ത് അന്വേഷിക്കാൻ അനുവാദമുണ്ട്. വിദേശത്തേക്ക് പോയി അന്വേഷണം നടത്താനും എൻഐഎക്ക് അനുമതിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക