Image

കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവെച്ച്‌ കൊലപ്പെടുത്തി

Published on 10 July, 2020
കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവെച്ച്‌ കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലെ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് വന്ന പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊന്ന കേസിലെ കൊടുംകുറ്റവാളിയാണ് വികാസ് ദുബെ‍.

ഇന്നലെയാണ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കാണ്‍പൂരിലേക്ക് വരുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. 


ബാര എന്ന സ്ഥലത്തുവച്ച്‌ മറിഞ്ഞ വാഹനത്തില്‍ നിന്ന് വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പൊലീസ് വെടിവച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.


നിരവധി കേസുകളില്‍ പ്രതിയാണ് വികാസ് ദുബെ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വികാസ് ദുബെയും കൂട്ടാളികളും നടത്തിയ വെടിവയ്പില്‍ ഡിഎസ്പി ദേവേന്ദ്രകുമാര്‍ മിശ്ര ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടത്. 


ഇതിന് പിന്നാലെ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയില്‍ നിന്ന് ഇയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. 


ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കല്‍ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ ഒളിച്ച്‌ താമസിച്ചിരുന്നത്. പൊലീസ് ഇവിടെ എത്തുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മധ്യപ്രദേശിലെ ഉജ്ജയ്നില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക