Image

ഓർമ്മകളിൽ വിക്ടർ (ജോബി ബേബി)

Published on 09 July, 2020
ഓർമ്മകളിൽ വിക്ടർ (ജോബി  ബേബി)
മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫറായിരുന്ന വിക്ടർ ജോർജ് പകർത്തിയ ചിത്രങ്ങൾക്ക് ഇന്നും പറയാൻ ഒരുപാട് കഥകൾ ഉണ്ട്. എന്നും മികച്ച ഫ്രെയിമിങായിരുന്നു വിക്ടർ ചിത്രങ്ങളുടെ പ്രത്യേകത. 2001 ജൂലൈ 9ന് തൊടുപുഴയ്ക്കടുത്തു വെണ്ണിയാനി ഗ്രാമത്തിൽ ഉണ്ടായ ഉരുൾപൊട്ടില്ലിൽ വിക്ടിന്റെ ക്യാമറ നിലയ്ക്കും വരെ കണ്ട കാഴ്ചകൾ എല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു.

ഡൽഹിയിലെ നാഷണൽ ഗെയിംസിൽ നീന്തൽ മൽസരം നടക്കുമ്പോൾ അനിതാസൂദിന്റെ അമ്മ ഗാലറിയിൽ മകളെ മതിമറന്നു പ്രോൽസാഹിപ്പിക്കുന്ന ആ രംഗം. അന്നത്തെ ‘വാർത്താചിത്ര’ത്തെ വിസ്മരിച്ച വിക്ടറെടുത്ത ആ ചിത്രമായിരുന്നു പിറ്റേ ദിവസത്തെ ഏറ്റവും വലിയ ‘വാർത്ത’. ഈ ചിത്രത്തിന് 1986-ലെ പ്രസ് ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ അവാർഡും ’87-ലെ സപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അവാർഡും ലഭിച്ചു. ‘അമ്മയുടെ ആവേശം’ എന്ന ആ ചിത്രം ബൾഗേറിയയിൽ നിന്നു ഗബറാവോയിലെ ഹൗസ് ഓഫ് ഹ്യൂമർ ആൻഡ് സറ്റയറിന്റെ ഹാസ്യചിത്രത്തിനുള്ള രാജ്യാന്തര അവാർഡും കരസ്ഥമാക്കി.
മലയാളികൾ മനസ്സറിഞ്ഞ് വിക്ടറിന് ‘അവാർഡ്’ നൽകിയ ഒട്ടേറെ ചിത്രങ്ങൾ വേറെയുണ്ട്. കോൺഗ്രസിൽ മൂന്നാം ഗ്രൂപ്പ് ശക്തമായ സമയത്ത് കോട്ടയത്തെ കുറുപ്പന്തറയിൽ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഭാഗവത കാസറ്റ് പ്രകാശനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും മൂന്നാംഗ്രൂപ്പിന്റെ നേതാവ് രമേശ് ചെന്നിത്തല എം.പി.യും ഒരേ ഇലയിൽ പ്രഭാതഭക്ഷണം കഴിച്ചത് വികടറിന്റെ ക്യാമറ വിട്ടില്ല. ‘ഒരുമയുണ്ടെങ്കിൽ...’ എന്ന ആ ചിത്രത്തിന്റെ ‘സ്വാദ്’ രാഷട്രീയക്കാർക്കു മാത്രമല്ല രുചിച്ചത്.
പത്രത്തിന്റെ പ്രദേശിക പേജിൽ ഒതുങ്ങി നിന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനെ ഒന്നാം പേജിൽ എത്തിക്കുന്നതാണ് വിക്ടറിന്റെ ചിത്രം. 1984ലെ സിഎംഎസ് കോളജിലെ തിരഞ്ഞെടുപ്പ് ചിത്രം ‘പെങ്ങളേ ഒരു വോട്ട്’ മലയാളി ഇന്നും മായാതെ മനസിൽ സൂക്ഷിക്കുന്ന ചിത്രമാണ്.

ചങ്ങനാശേരിയിൽ ട്രാഫിക് ഡ്യൂട്ടിയിൽ നിന്ന പൊലീസുകാരൻ വഴിയിൽ കണ്ട അനാഥ ബാലനു ഭക്ഷണം വാങ്ങിക്കൊടുക്കാൻ കൈപിടിച്ച് കൊണ്ടുപോകുന്ന ചിത്രം ഏറെ പ്രശംസ നേടി. ഏതൊരു ഫൊട്ടോഗ്രഫറും ആ ചിത്രം കൊണ്ട് തൃപ്തനായേനേ. പക്ഷേ, കുറെ ദൂരം കൂടി പിറകെ നടന്നപ്പോൾ വിക്ടറിനു താൻ ആഗ്രഹിച്ച ദൃശ്യം കിട്ടി. മകന്റെ കൈപിടിച്ച് സ്കൂളിലേക്കു കൊണ്ടുപോകുന്ന സ്ത്രീ കൂടി അങ്ങനെ ഫ്രെയ്മിലേക്ക് കയറിവന്നു.
രകതബന്ധത്തിന്റെ ആഴവും ജീവിതത്തോടുള്ള കൊതിയും ഒരു പിഞ്ചുബാലന്റെ മുഖത്തു പ്രതിഫലിക്കുന്ന ‘ ഈ ബന്ധം അറ്റുപോകരുതേ’ എന്ന ചിത്രം അസ്വസ്ഥമാക്കാത്ത മനസ്സുകളുണ്ടാവില്ല. പേവിഷബാധയേറ്റു മരിക്കാൻ തുടങ്ങുമ്പോൾ തളർന്ന കൈകൾകൊണ്ട പിതാവിന്റെ കൈകൾ മുറുക്കിപ്പിടിക്കുന്ന ആ ബാലന്റെ മുഖം ഇന്നും മായില്ല മനസിൽ.
ഓർമ്മകളിൽ വിക്ടർ (ജോബി  ബേബി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക