Image

അറസ്റ്റ് ഭീതിയില്‍ ഒളിവിലിരുന്ന് സ്വപ്നയുടെ ആത്മഹത്യാ ഭീഷണി (ശ്രീനി)

Published on 09 July, 2020
അറസ്റ്റ് ഭീതിയില്‍ ഒളിവിലിരുന്ന് സ്വപ്നയുടെ ആത്മഹത്യാ ഭീഷണി (ശ്രീനി)
''ഡിപ്ലോമാറ്റിക് സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ അറസ്റ്റ് ഭയമുള്ള സ്വപ്ന സുരേഷ് ഇപ്പോള്‍ താനും കുടുംബവും ഒന്നിച്ച് ആത്മഹത്യ ചെയ്യുമെന്ന് തിരിച്ചു ഭീഷണി മുഴക്കിയിരിക്കുകയാണ്. റെക്കോഡു ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശത്തില്‍ തന്റെ മേലുള്ള എല്ലാ ആരോപണങ്ങളും പാടെ നിഷേധിച്ചിരിക്കുകയാണ് കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ മുഖ്യ ആസൂത്രക എന്ന് സംശയിക്കുന്ന സ്വപ്ന. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അജ്ഞാത കേന്ദ്രത്തിലിരുന്നുകൊണ്ട് സ്വപ്ന തന്റെ ഏതാണ്ട് പന്ത്രണ്ട് മിനിറ്റ് നീളുന്ന ഓഡിയോ ക്ലിപ്പ് മാധ്യമങ്ങള്‍ക്കു നല്‍കിയത്. വിതുമ്പിക്കൊണ്ടാണ് സ്വപ്ന പറഞ്ഞു തുടങ്ങിയത്.

സ്വയം ന്യായീകരിക്കുന്ന സ്വപ്ന പറയുന്നത് താന്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദികള്‍ നിങ്ങള്‍ ഓരോരുത്തരും ആയിരിക്കും എന്നാണ്. ഇവിടെ 'നിങ്ങള്‍' എന്നതുകൊണ്ട് സ്വപ്ന ഉദ്ദേശിക്കുന്നത് പ്രധാനമായും മാധ്യമങ്ങളെയും ഗവണ്‍മെന്റിനെയും അന്വേഷണ ഏജന്‍സികളെയുമാണ്. ഇതിനിടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയതു സംബന്ധിച്ച് സ്വപ്നയുടെ കൂട്ടാളി സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി. എന്നാല്‍ സ്വപ്ന ഇപ്പോള്‍ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ പറഞ്ഞു. ജാമ്യഹര്‍ജി നാളെ (ജൂലായ് 10) ഹൈക്കോടതി പരിഗണിക്കും.

ഏതായാലും സരിത ഉയര്‍ത്തിവിട്ട സോളാര്‍ വിവാദം പോലെ തന്നെ സ്വര്‍ണ കള്ളക്കടത്തുകേസും സ്വപ്നയുടെ ഉന്നതതല ബന്ധങ്ങളും കേരള രാഷ്ട്രീയത്തെ ചൂടു പിടിപ്പിക്കുകയാണ്. സ്വപ്ന സുരേഷ് ഐ.ടി വകുപ്പില്‍ ജോലി ചെയ്തിരുന്നതിനാല്‍ പ്രസ്തുത വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണം നിര്‍വഹിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും ഇടതുമുന്നണിയും സി.പി.എമ്മും പ്രതിപക്ഷ കക്ഷികളുടെയും ബി.ജെ.പിയുടെയും അടുത്ത ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

പിണറായി വിജയനും സ്വപ്നയും ഉള്ള ചിത്രം പുറത്തുവന്നതോടെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം സ്വപ്ന നില്‍ക്കുന്ന ഫോട്ടോയും മറുവിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഈ കേസ് കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്കാണ് പോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കസ്റ്റംസിനു പുറമേ വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല. പ്രതികള്‍ക്കെതിരെ കസ്റ്റംസ് നിയമമനുസരിച്ചുള്ള നിയമനടപടി മാത്രമേ ഇപ്പോള്‍ കസ്റ്റംസിന് എടുക്കാന്‍ കഴിയൂ. ക്രിമിനല്‍ അന്വേഷണം നടത്താന്‍ അവര്‍ക്ക് അനുമതിയില്ല. അതിനാല്‍ സി.ബി.ഐ രംഗത്ത് വരും. ആവശ്യമെങ്കില്‍ എന്‍.ഐ.എ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഏജന്‍സികളും എത്തി പഴുതടച്ചുളള അന്വേഷണമായി മുന്നോട്ടു പോകുമെന്ന് ഉറപ്പാണ്.

കേന്ദ്രം പിടി മുറുക്കുന്നതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ അന്വേഷണ പുരോഗതി വിലയിരുത്തും. കേന്ദ്ര ആഭ്യന്തരം, ധനം, വിദേശ കാര്യം എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്രം സമഗ്രമായ അന്വേഷണം നടത്തുമെന്നും കേസിലുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെയടക്കം നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. സ്വര്‍ണക്കേസില്‍ മുന്‍വിധിയോടെയാണ് പിണറായി സര്‍ക്കാരിനെതിരെയുള്ള മുരളീധരന്റെ നീക്കങ്ങള്‍.
***

കേരളത്തിലെ രണ്ട് സര്‍ക്കാരുകളെ കുരുക്കിലാക്കാന്‍ രണ്ടു ഘട്ടങ്ങളിലായി അവതരിച്ചവരാണ് സരിത എസ് നായരും സ്വപ്ന സുരേഷും. ഏഴു വര്‍ഷം മുമ്പാണ് സരിതയുമായി ബന്ധപ്പെട്ട സോളാര്‍ കേസ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ചത്. ഇപ്പോള്‍ സ്വര്‍ണ കള്ളക്കടത്തു കേസ് പിണറായി സര്‍ക്കാരിനും തലവേദന സൃഷ്ടിച്ചതോടെ ഈ രണ്ട് കേസുകളും തമ്മില്‍ വലിയ സാമ്യമുണ്ട്. സരിതയും സ്വപ്നയും ഒരേ തൂവല്‍ പക്ഷികളാണ്.

സോളാര്‍ കേസിലും സ്വര്‍ണ കേസിലും ആരോപണ വിധേയമായത് മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്നുള്ളതാണ് ഇതിലേറ്റവും പ്രധാനം. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ജോപ്പന്‍, ജിക്കുമോന്‍ തുടങ്ങിയവരാണ് അദ്ദേഹത്തെ ഊരാക്കുടുക്കിലാക്കിയത്. സ്വര്‍ണ കടത്തു കേസിലാകട്ടെ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ ഐ.ടി സെക്രട്ടറി എ ശിവശങ്കറാണ് പിണറായി വിജയന് തലവേദനയായിരിക്കുന്നത്.

സരിതയും സ്വപ്നയും ആള്‍ക്കാരെ വശീകരിച്ച് തങ്ങളുടെ പാട്ടിലാക്കുന്നതില്‍ കേമത്തമുള്ളവരാണ്. ആഡംബര ജീവിതം നയിക്കുന്ന ഇരുവരും വില കൂടിയ വസ്ത്രങ്ങളാണ് അണിയുന്നത്. അധികാര കേന്ദ്രങ്ങളിലെ ഉന്നത വ്യക്തികളുമായി ഇരുവര്‍ക്കും പല വിധത്തിലുള്ള ബന്ധങ്ങളുണ്ട്. അവരുമൊത്ത് പതിവു പാര്‍ട്ടികളിലും സല്ലാപങ്ങളിലും ഏര്‍പ്പെടുകയും ചെയ്യുന്നു. വിദേശയാത്രയുടെ കാര്യത്തിലും രണ്ടു പേര്‍ക്കും തുല്യതയുണ്ട്. സരിതയുടേതുപോലെ സ്വപ്നയുടെ വിവാഹ ജീവിതത്തിലും താളപ്പിഴകള്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ മുഖ്യ പ്രചാരണ ആയുധമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ മന്ത്രിക്കുന്ന സരിതയുടെ ഫോട്ടോ. സ്വപ്ന കേസിലും അത്തരമൊരു ചിത്രം പ്രചരിക്കുന്നുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിലെ ഇഫ്താര്‍ വിരുന്നിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുന്ന സ്വപ്നയുടെ ചിത്രം പകരത്തിനു പകരമെന്നോണം യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടി മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

ആഭ്യന്തര മന്ത്രിയായിരുന്ന തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇളനീര്‍ കുടിക്കുന്ന ചിത്രം അദ്ദേഹത്തെ സോളാര്‍ കുരുക്കിലാക്കി. അതിന് സമാനമെന്നോണം സ്വപ്നയുടെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ചിത്രം വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മിക്കവരും സരിതയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ജനകീയ വിചാരണ നേരിട്ടവരാണ്. ഇപ്പോള്‍ സ്വപ്നയുടെ കാര്യത്തില്‍ കക്ഷിഭേദമെന്യേ പല രാഷ്ട്രീയക്കാരും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്.

സോളാര്‍ കേസില്‍ സരിതയുടെ അറസ്റ്റ് തടയാനും അതോടൊപ്പം അവരുടെ ബിസിനസ്സ് മെച്ചപ്പെടുത്താനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളികള്‍ ഉണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വര്‍ണ്ണം അടങ്ങിയ ബാഗ് വിട്ടു നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിലേക്ക് ഫോണ്‍വിളി എത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സരിതയുടെ ഫോണ്‍വിളിയില്‍ കേന്ദ്രമന്ത്രിമാര്‍, കേരള മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെല്ലാമുണ്ടായിരുന്നു. സ്വപ്ന സുരേഷിന്റെ കോള്‍ ലിസ്റ്റ് പുറത്തുവരാനിരിക്കുന്നതേയുള്ളു. സരിത മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ജോപ്പന് പണം നല്‍കിയെന്ന് പറയപ്പെടുമ്പോള്‍ സ്വപ്ന സെക്രട്ടേറിയറ്റില്‍ നിരന്തരം കയറിയിറങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സോളാര്‍ അഴിമതി കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അതില്‍ നിന്ന് ഒരു പടിയും കൂടി കയറി കേന്ദ്ര ഏജന്‍സികളെ കൊണ്ട് സ്വര്‍ണ കള്ളക്കടത്തു കേസ് അന്വേഷിക്കണമെന്നാണ് പിണറായി വിജയന്‍ കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സോളാര്‍ സമരം മൂലം രണ്ട് ദിവസം സെക്രട്ടേറിയറ്റ് അടയയ്‌ക്കേണ്ടതായി വന്നു. സ്വപ്ന കേസ് ഉടലെടുത്ത പശ്ചാത്തലത്തിലും യാദൃശ്ചികമായി സെക്രട്ടേറിയറ്റ് അടച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മൂലമാണ് സെക്രട്ടേറിയറ്റ് ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുന്നത്.

സ്വപ്ന സുരേഷ് ഓഡിയോ സന്ദേശത്തില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്, വരുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് തന്നെ കുരുക്കി എന്നാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കനത്ത പരാജയത്തിന് ഒരു കാരണം സോളാര്‍ അഴിമതിക്കേസായിരുന്നു. രണ്ട് മഹാപ്രളയങ്ങള്‍, നിപ്പ എന്നിവയെ ഫലപ്രദമായി നേരിടുകയും ഇപ്പോള്‍ കൊറോണ പ്രതിരോധത്തിലൂടെ ലോക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തുകൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയ്ക്ക് മാന്‍ഡേറ്റ് നേടിയിരിക്കുന്നു എന്ന് പ്രചരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് അശനിപാതം പോലെ സ്വര്‍ണ കള്ളക്കടത്തു കേസ് വിവാദമായിരിക്കുന്നത്.

'പെണ്ണ് ഒരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ല...' എന്ന ചൊല്ല് പിണറായി സര്‍ക്കാരിന്റെ കാര്യത്തിലും അന്വര്‍ഥമാവുമോ എന്ന് കാത്തിരുന്നു കാണാം.
Join WhatsApp News
CID Moosa 2020-07-09 11:25:44
ഇത്തിരികൂടി ശക്തമായ വീഡിയോ, അതായത് പിണറായിയോ, ചീന്നിത്തലയോ ഒക്കെയുള്ള കണ്ടാൽ ഇത്തിരി ഇളക്കം തട്ടുന്ന വീഡിയോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക