Image

മഴക്കാലസന്ധ്യ (കഥ: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 09 July, 2020
മഴക്കാലസന്ധ്യ  (കഥ: രാജന്‍ കിണറ്റിങ്കര)
കര്‍ക്കിടക പേമാരിയിലെ മഴത്തുള്ളികള്‍ ഓട് മേഞ്ഞ പുരയുടെ തകരപ്പാത്തിയിലൂടെ ഊര്‍ന്നു കളിക്കുകയാണ്, താഴെ നടുമുറ്റത്ത് നിരത്തി വച്ച ചെമ്പുകളില്‍ നിറയുന്ന ഓട്ടുമണ്ണിന്റെ ഗന്ധമുള്ള വെള്ളം.  മുറ്റത്തെ ഗോട്ടി കുഴികളില്‍ പ്രളയം തീര്‍ത്ത് ബാല്യത്തിന്റെ കളിമുറ്റങ്ങളെ അരുവിയാക്കി മഴ കുതിച്ചൊഴുകുകയാണ്. .  ഉമ്മറത്തേക്ക് ചാഞ്ഞു നില്‍ക്കുന്ന പ്രായം ഇപ്പോഴും തിട്ടപ്പെടുത്താത്ത ഗോമാവിന്റെ താഴത്തെ കൊമ്പുകള്‍ തല തല്ലിക്കരയുന്നുണ്ട്.  ചറ പറ വീഴുന്ന പഴുത്ത മാങ്ങകള്‍ ഓവുചാലിലൂടെ ഒഴുകി പോകുന്നു, വേര്‍പാടിന്റെ നിശബ്ദ രോദനം പോലെ അവ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നു, ഓവ് ചാലിലെ ചെടികളില്‍ തടഞ്ഞ് ഇടക്കൊക്കെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
വേലിക്കപ്പുറത്തെ ഇടവഴിയിലൂടെ തലയില്‍ ഒരു വാഴയിലകൊണ്ട് മഴയെ മറച്ച് കണാരന്‍ നടന്നു പോകുന്നു, ഇടയ്ക്കിടെ ആരോടെന്നില്ലാതെ പിറുപിറുക്കുന്നു, .. 'എന്തൊരു മഴ, പുഴയും പാടവും ഒന്നായിരിക്കുന്നു.  ഇനി എന്നാണാവോ ഈ മഴയൊന്നു തോരുക. ' കണാരന്റെ ആത്മഗതങ്ങളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ശക്തിയായ ഒരു കാറ്റ് അയാളെ തട്ടി കടന്നുപോയി.  കാറ്റില്‍ വാഴയിലകള്‍ കീറുകളായി അയാളുടെ തലയ്ക്കുമുകളില്‍ നൃത്തം ചവിട്ടി.  മഴപ്പാച്ചിലില്‍ കണാരന്റെ മുറുക്കാന്‍ കെട്ടു നനഞ്ഞു, അയാള്‍ അതെടുത്ത് മടിയിലേക്ക് ഒന്നുകൂടി ആഴത്തില്‍ തിരുകി. എന്നിട്ട് ചാരിവച്ച ഇല്ലിപ്പടി തുറന്നു മുറ്റത്തേക്ക് വന്നു,  'കുട്ട്യേ, ഒരു പ്ലാസ്റ്റിക് കടലാസ് കിട്ടോ,  ആ ഉമ്മറിക്കാന്റെ കടയിന്നു കിട്ടിയതാ ഒരു കഷ്ണം പുകല, ജാനകിക്ക് പുകല കൂട്ടി മുറുക്കിയാലേ തൃപ്തി ആകൂ, പകുതീം നനഞ്ഞു, അതൊന്നു കുടി വരെ എത്തിക്കണം.  '
കണാരന്റെ ശബ്ദം കേട്ട് അമ്മ പുറത്ത് വന്നു, അല്ല, ഈ പെരുമഴയത്ത് കണാരന്‍ എവിടുന്നാ? ആകെ നനഞ്ഞല്ലോ, ഇങ്ങട് കോലായിലേക്ക് കേറിയിരുന്നോളൂ, അമ്മ കണാരനെ ഉമ്മറക്കോലായിലേക്ക് ക്ഷണിച്ചു, അയ്യോ വേണ്ട, ജാനകി കാത്തിരിക്കാവും അവിടെ, ഒരു കഷ്ണം പുകലക്ക് വേണ്ടി പുറത്തിറങ്ങിയതാ, അപ്പോഴാ പട്ടിപ്പാടവും തോടും പുഴയും ഒക്കെ ഒന്നായി മലവെള്ള പാച്ചില്‍. കുറേനേരം അത് നോക്കി നിന്നു .  നാശമാണെങ്കിലും പുഴങ്ങനെ നിറഞ്ഞ് സംഹാരം കാട്ടണത് കാണാന്‍ ഒരു രസം തന്നെയാണേ , നേരം പോയതറിഞ്ഞില്ല, അങ്ങാടി ചെന്നപ്പോ ഉമ്മറിക്ക കടയ്ക്ക് നിരപ്പലക ഇടുന്നു, ഭാഗ്യത്തിന് ഒരു കഷണം പുകല കിട്ടി.  ഞാനിറങ്ങാ ഇമ്പ്രാളെ, കണാരന്‍ പടികടന്നു പിന്നെയും നടന്നു.  കാലത്തിന്റെ കുത്തൊഴുക്കില്‍ കണാരന്‍ മാത്രം ശീലങ്ങളൊന്നും മറന്നിട്ടില്ല, ഇപ്പോഴും ഇമ്പ്രാള്‍ തമ്പ്രാന്‍ എന്നൊക്കെയേ നാവില്‍ വരൂ, അമ്മ പറയും, കാലൊക്കെ മാറി കണാരാ  ഇനി ഇതൊക്കെ നിര്‍ത്തിക്കൂടെ,  അപ്പോള്‍ വായിലെ മുറുക്കാന്‍ ചുണ്ടില്‍ വിരല്‍ വച്ച് നീട്ടി തുപ്പി കണാരന്‍ മോണ കാട്ടി ചിരിക്കും, പിന്നെ പറയും,  ആളുകള്‍ മാറട്ടെ ഇമ്പ്രാളെ , കണാരന്‍ എന്നും കണാരന്‍ തന്നെയായിരിക്കും.  ഈ തറവാടിന്റെ ഉമ്മറത്ത് കടന്നല്ലേ കണാരന്‍ വളര്‍ന്നത്. ഇവിടുത്തെ വയ്‌ക്കോല്‍ കൂനയല്ലേ മഴക്കോളില്‍ കണാരന്റെ തന്തയെയും തള്ളയേയും കാത്തത്.  കര്‍ക്കിടക പെയ്ത്തില്‍ ഈ മുറ്റത്തല്ലേ കണാരന്റെ കുടുംബം വന്നു നിന്നത്.  എപ്പോ വന്നാലും അങ്ങട് വടക്കോറത്തെക്ക് വന്നോന്ന് പറയാന്‍ ഈ വീടു മാത്രേ ഉണ്ടായിരുന്നുള്ളൂ.

'പാവം, കണാരന്‍  പടി കടന്നു പോകുന്നത് നോക്കി അമ്മ നെടുവീര്‍പ്പിട്ടു.
ചോലപ്പാട് കവിഞ്ഞൊഴുകാത്രെ. അക്കരെ കടക്കാന്‍ വച്ച കവുങ്ങിന്‍ പാലം ഒഴുകിപ്പോയി, കുട്ടികള്‍ എങ്ങനാ വരാ,  സ്‌കൂള്‍ വിട്ടൂന്നാ കേട്ടത്.  പടിഞ്ഞാറേ വീട്ടില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു.  അയ്യോ കുട്ടികള്‍ എന്താ ചെയ്യാ, അല്ലെങ്കിലും ഈ മഴയത്ത് കുട കൊണ്ട് എന്താ കാര്യം.  കുട്ടികളെ പുറത്ത് വിടണ്ടാന്ന് ഹെഡ്മാഷോട് ആരെങ്കിലും ഒന്ന് പോയി പറഞ്ഞിരുന്നെങ്കില്‍?  അമ്മ അക്ഷമയായി വടക്കോറത്തേക്കും ഉമ്മറത്തേക്കും നടന്നു. 

മാഷ്‌ക്ക് അതൊക്കെ അറിയാതിരിക്കോ, ങ്ങള് ബേജാറാവാതിരിക്കിന്ന്, തോട്ടത്തില്‍ കൂരടക്ക വീണത് പെറുക്കാന്‍ വന്ന കദീശുമ്മ അമ്മയെ ആശ്വസിപ്പിച്ചു. 
അമ്മ തട്ടിന്‍ പുറത്ത് ചോരുന്ന ഓടുകള്‍ക്കിടയില്‍ കവുങ്ങിന്‍ പാള വച്ച് വെള്ളത്തെ അണ കെട്ടി നിര്‍ത്തുകയാണ്.  ഒരു സ്ഥലത്ത് വയ്ക്കുമ്പോള്‍ വേറൊരു സ്ഥലത്ത് ഠിം ഠിം വെള്ളം ഇറ്റിറ്റു വീഴുന്ന ശബ്ദം കേള്‍ക്കാം, അപ്പോള്‍ അമ്മ പാള കഷണമെടുത്ത്  അവിടേക്കു പോകും, അപ്പോള്‍ വേറൊരു സ്ഥലത്ത്.  അമ്മയുടെ കയ്യില്‍  കുറെ പാത്രങ്ങളും പാളക്കഷണങ്ങളുമായി ഒരു കര്‍ക്കിടകം അങ്ങിനെ പെയ്തു തോരും
വലിയൊരു അലര്‍ച്ചയില്‍ എന്തോ തോട്ടത്തില്‍ പൊട്ടി വീണു, കുളക്കരയില്‍ നിന്നിരുന്ന പാറ്റ തെങ് ഇടവഴിയിലേക്ക് മറഞ്ഞിരിക്കുന്നു .  അതിന്റെ തലപ്പ് അടുത്ത പറമ്പിലെ രക്ഷസ്സിന്‍ തറയില്‍ തലതല്ലി ചിതറി.  ഒന്ന് രണ്ടു പേട് തേങ്ങകള്‍ ഇടവഴിയിലെ വരിച്ചാലില്‍ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോയി. ഒരു പക്ഷെ അടുത്ത വേനലില്‍ തോട്ടുവക്കത്ത് അതൊരു തേങ്ങായി കിളിര്‍ക്കും.  അല്ലെങ്കില്‍ ആരെങ്കിലും തുഴയിട്ടു പിടിച്ച് വീട്ടില്‍ കൊണ്ടുപോകും.  പുഴവെള്ളം കയറി കയറി വന്നു. ഇപ്പോള്‍ ഗ്രാമം മൊത്തത്തില്‍ ഒറ്റപ്പെട്ടിരിക്കുന്നു.   പട്ടിത്തറയില്‍ ഒരു ശവം കരയ്ക്കടിഞ്ഞുന്നൊക്കെ ആരൊക്കെയോ പറയുന്നു കേട്ടു, പോലീസ് കേസാകും എന്ന് കരുതി ആളുകള്‍ കഴുക്കോല്‍ കൊണ്ട് ശവം പുഴയിലേക്ക് തന്നെ തള്ളി വിട്ടുവത്രെ.  ഇടവഴിയിലൂടെ ഇടക്കൊക്കെ നടന്നു പോകുന്ന ആളുകള്‍ പടിക്കല്‍ നിന്ന് അവര്‍ കേട്ട വാര്‍ത്തകള്‍ വിളമ്പി കടന്നു പോയി.

അല്ലാ, കുട്ട്യോള്‌ടെ ശബ്ദല്ലേ കേള്‍ക്കണത് ഇടവഴിന്ന്, അല്ലെ തങ്കം ഒന്ന് ഇവിടെ വന്നു നോക്കിക്കേ, അമ്മ അകത്തോട്ട് നോക്കി വിളിച്ചു പറഞ്ഞു.  അമ്മയുടെ വിളിക്ക് പക്ഷെ മറുപടി ഉണ്ടായില്ല, അമ്മ ഇടനാഴികയിലെ ജനല്‍ പാതി തുറന്ന് പുറത്തേക്കു നോക്കി, അതെ, ആരോ കുട്ടികളെക്കൊണ്ട് വരുന്നുണ്ട്.  അമ്മ ഉമ്മറത്തേക്കോടി,  നനഞ്ഞൊട്ടിയ ദേഹവുമായി  മീന്‍കാരന്‍ സുലൈമാന്‍ രണ്ടു കുട്ടികളെ തോളത്ത് വച്ച് പടി കടന്നു വന്നു, നനയാതിരിക്കാന്‍ ഞാറു നടുന്ന പെണ്ണുങ്ങള്‍ വയ്ക്കുന്ന ഒരു കുണ്ടന്‍ കുടയും ദേഹത്ത് കമിഴ്ത്തിയാണ് വരവ്. 

ദാ ഇങ്ങടെ കുട്ട്യോള്, ഞാന്‍ നിക്കണില്ല പോവാ, കുറെ കുട്ടികള്‍ സ്‌കൂളില്‍ നിക്കാണ് വീട്ടില്‍ പോകാന്‍ പറ്റാതെ, അവരെയൊക്കെ വീടുകളില്‍ എത്തിക്കണം.. സുലൈമാന്‍ മഴയില്‍ പുറത്തേക്കോടി. മഴക്കോളില്‍ സന്ധ്യ കറുത്തിരുണ്ടിരുന്നു.  ഒരു ഇടിവാള്‍ നിലത്തിറങ്ങി പട പട പടാ ശബ്ദത്തില്‍ പൊട്ടി, ഗ്രാമത്തിന്റെ സ്‌നേഹവഴിയിലൂടെ സുലൈമാന്‍ സ്‌കൂളിനെ ലക്ഷ്യമാക്കി ഓടുന്നത് ഇടിമിന്നലില്‍ ഒരു മിന്നായം പോലെ കണ്ടു. അമ്മ കുട്ടികളെ ചേര്‍ത്ത് പിടിച്ച്  തന്റെ മുണ്ടിന്റെ കോന്തലകൊണ്ട് തലയും ദേഹവും തോര്‍ത്തി അകത്തേക്ക് നടന്നു.

ഓര്‍മ്മകളുടെ മഴക്കാല സന്ധ്യയില്‍ ഒരു ചാറ്റല്‍ മഴ നഗരത്തിന് മീതെ മുഖാവരണമണിഞ്ഞ് നില്‍ക്കുന്നുണ്ട്.

മഴക്കാലസന്ധ്യ  (കഥ: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക