Image

കോവിഡ് വായുവില്‍ കൂടി പകരുന്നത് പ്രത്യേക സാഹചര്യത്തില്‍ മാത്രം

Published on 09 July, 2020
കോവിഡ് വായുവില്‍ കൂടി പകരുന്നത് പ്രത്യേക സാഹചര്യത്തില്‍ മാത്രം
അഞ്ചാംപനി പോലെയുള്ള വൈറസുകള്‍ വായുവില്‍ കൂടി പകരുന്ന രീതിയിലല്ല കോവിഡ്-19 വായുവില്‍ കൂടി പകരുന്നതെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍.

ചില സാഹചര്യങ്ങളില്‍ മാത്രമാണ് കോവിഡ് പകരുന്നത് .അഞ്ചാംപനി പോലുള്ള വൈറസുകള്‍ വായുവില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതിനാല്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വേഗം പകരും.

എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ എയ്റോസോള്‍ മുഖേനെ മാത്രമെ രോഗം പകരൂ.

ചുമക്കുക, തുമ്മുക ഉറക്കെ സംസാരിക്കുക തുടങ്ങിയ ചെയ്യുമ്പോള്‍ പുറത്തുവരുന്ന സ്രവകണങ്ങള്‍ വലുതായിരിക്കും. ഇവയ്ക്ക്  രണ്ടുമീറ്ററുകള്‍ക്കപ്പുറത്തേക്ക് പോകാന്‍ സാധിക്കില്ല. ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ താഴേക്ക് പതിക്കും. ഇതുകൊണ്ടാണ് ആളുകള്‍ അകലം പാലിച്ച് നില്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ അഞ്ച് മൈക്രോണില്‍ താഴെയുള്ള സ്രവകണങ്ങള്‍ ആണ് പുറത്തുവരുന്നതെങ്കില്‍ അവയെ എയ്റോ സോളുകള്‍ എന്നാണ് പറയുക. ഭാരക്കുറവ് കാരണം ഇവ വായുവില്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കും. ചെറിയ കാറ്റോ മറ്റോ ഉണ്ടായാല്‍ അവ മറ്റൊരിടത്തേക്ക് മാറിപ്പോവുകയും ചെയ്യും. 10 മുതല്‍ 15 മിനിറ്റുകള്‍ വരെ വായുവില്‍ ഇവ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്തിനിടയില്‍ ഇവ ആരെങ്കിലും ശ്വസിക്കുന്നതിലൂടെ ഉള്ളിലെത്തിയാല്‍ അവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് കോവിഡ്-19 വായുവില്‍കൂടി പകരുമെന്ന് പറയുന്നതെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നു.

ഒരു മുറിയിലോ മറ്റോ ഉള്ളവരില്‍ നിന്ന് മറ്റൊരാളിലേക്ക് ഇങ്ങനെ പകരാം. അതുപോലെ ആശുപത്രികള്‍ക്കുള്ളിലും ഇങ്ങിനെ സംഭവിക്കാം. അതിനര്‍ഥം ഇത് വായുവില്‍ കൂടി പകരുന്ന സാംക്രമിക രോഗമാണെന്നല്ല. അഞ്ചാംപനി പോലെ ഇവയും വായുവില്‍ കൂടി പകരുന്നവയായിരുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ അത് എല്ലാവരിലും ബാധിച്ചു കഴിഞ്ഞേനേയെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ വിശദീകരിക്കുന്നു.

കോവിഡ് കൂടുതലും പകരുന്നത് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അടുത്തിടപഴകുന്നതിലൂടെയോ ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക