Image

ഇരുട്ടിലേക്കുള്ള അടയാളപ്പെടുത്തലുകൾ...! ( കഥ: ചാമക്കാലായിൽ രതീഷ്)

Published on 08 July, 2020
ഇരുട്ടിലേക്കുള്ള അടയാളപ്പെടുത്തലുകൾ...! ( കഥ: ചാമക്കാലായിൽ  രതീഷ്)
നേരം പത്തുകഴിഞ്ഞ പകൽ .
ധരിക്കാനുതകുന്ന വസ്ത്രങ്ങൾക്കുവേണ്ടി വീടുകൾതോറും കയറിയിറങ്ങുന്ന നാടോടികളായ സ്ത്രീകളിൽ രണ്ടുപേർ ഇരുനിലവീടിന്റെ ഗേറ്റിന് മുൻപിലെത്തി .
ഗേറ്റ് താഴിട്ടു പൂട്ടിയ നിലയിലായിരുന്നു .  തലയിലുണ്ടായിരുന്ന ഭാണ്ഡമിറക്കിവെച്ച സ്ത്രീകൾ വലിയ ഇരുമ്പ് ഗേറ്റിനിടയിലൂടെ
അകത്തേക്ക് നോക്കി . 
വീടിന്റെ പ്രൗഢിയും ആർഭാടവും പണമൊഴുക്കിയൊരുക്കിയ പരിസരവും  അവരുടെ ചാരക്കണ്ണുകൾ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു .
വീട്ടിൽ ആളനക്കമില്ലെന്ന് മനസ്സിലാക്കിയ നാടോടിസ്ത്രീകൾ അല്പനേരം വിശ്രമിച്ചതിനുശേഷം ഭാണ്ഡങ്ങളും ചുമന്ന് നടന്നകന്നു .
വൃത്തിക്ക് നിരയൊപ്പിച്ച് പാകിയ ടൈലിൽ അവർ മുറുക്കിത്തുപ്പിയതിന്റെ ചുവപ്പ്  ഉണങ്ങാതെ കിടന്നിരുന്നു...!
കമ്പിളിപ്പുതപ്പും കശ്മീർഷാളും വീടുവീടാന്തരം നടന്നുവിൽക്കുന്ന രാജസ്ഥാനിയുവാക്കളിലൊരുവനും  അന്നുച്ചയോടെ ഗേറ്റിന് മുൻപിലെത്തി .
നേരത്തേ വന്നുപോയ സ്ത്രീകൾ
മുറുക്കിത്തുപ്പിയിട്ടതിൽ ചവിട്ടാതെ മുൻവാതിലടഞ്ഞുകിടക്കുന്ന വീട്ടിലേക്കു നോക്കി..,
" സാബ് കമ്പൾ ചായിയെ..."യെന്നവൻ ഉറക്കെ വിളിച്ചുചോദിച്ചു .
വീട്ടിൽനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല .
പോർച്ചിലെ ലൈറ്റണയ്ക്കാത്തതും മുറ്റത്ത് ദിനപത്രങ്ങൾ അലക്ഷ്യമായി എറിഞ്ഞിട്ട നിലയിൽ കിടക്കുന്നതും കൃത്യമായി ശ്രദ്ധിച്ച രാജസ്ഥാനിപ്പയ്യനും വീട്ടിൽ ആളില്ലെന്ന് മനസ്സിലായി . 
തിരികെ മടങ്ങുന്ന വഴി ഗേറ്റിൽനിന്നും റോഡിലേക്ക് ദൂരമെത്രയുണ്ടെന്ന് അവൻ  കാൽചുവടുകളാൽ കൃത്യമായി അളന്നെടുത്തു...!
വൈകുന്നേരം ആറുമണിക്ക് മുൻപ്...!
ഈ പ്രാവശ്യം നാടൻ പണികളെന്തെങ്കിലുമുണ്ടോയെന്ന്
അന്വേഷിച്ചു നടക്കുന്ന ഭായിമാർ രണ്ടുപേരാണ് വീടിന് മുൻപിലെത്തിയത് .
സ്ത്രീകൾ മുറുക്കിത്തുപ്പിയിട്ടയിടം
 ചുവന്നു തിണർത്തുകിടക്കുന്നത് അവരും ശ്രദ്ധിച്ചിരുന്നു . അകത്തേക്ക് നോക്കിയ ഭായിമാർക്ക് അടിച്ചുവാരി കളയാത്ത കരിയിലകളും പൊടിപടലങ്ങളും കത്തിനിൽക്കുന്ന ലൈറ്റും എടുത്തു മാറ്റാത്ത ദിനപത്രങ്ങളും കാണാനായി .  മൂന്നാലുദിവസമായി വീട്ടിൽ ആളില്ലായെന്ന് ബോധ്യപ്പെട്ട ഭായിമാർ ഗേറ്റിന്റെ താഴിനു മുകളിലായി രണ്ടു ഭാഗങ്ങളും ചേരുന്നിടത്ത് നേർത്തനൂലിനാൽ ഒരു കെട്ടിട്ടു...!
പുലർച്ചെ രണ്ട് മണിക്ക് ശേഷം...!
ഇരുട്ടാലിംഗനം ചെയ്ത വീടിന്റെ പോർച്ചിൽ ലൈറ്റ് തെളിഞ്ഞു നിന്നിരുന്നു . 
പ്രകാശം വീണ് ഇരുട്ടൊഴിഞ്ഞ സ്ഥലം  ദൂരക്കാഴ്ചയിൽ വെളിച്ചത്തിന്റെ കുഞ്ഞുദ്വീപുപോലെ തോന്നിച്ചു .
അസമയത്ത് നിശ്ശബ്ദതയിലേക്കുരുണ്ടുവന്ന ബൈക്കുകൾ രണ്ടെണ്ണം ഗേറ്റിൽ നിന്ന് അല്പം മാറി പതിയെ നിശ്ചലമായി .
ഇറങ്ങിയ മുഖംമൂടിധാരികൾ ബൈക്കിൽ വിദഗ്ദമായി ഘടിപ്പിച്ചിരുന്ന ഉപകരണങ്ങളോരോന്നായി വിടർത്തിയെടുത്തു . അതീവ ജാഗ്രതയോടെ ഗേറ്റിനരികിലെത്തിയവർ
മൊബൈലിന്റെ ചെറിയ വെട്ടത്തിൽ മുൻവശം പരിശോധിച്ചു .  മുറുക്കിത്തുപ്പിയ ചുവപ്പ് കണ്ട് ലക്ഷ്യം മാറിയിട്ടില്ലെന്നുറപ്പിച്ച സംഘം ഗേറ്റിന്റെ മുകളിലായി വൈകിട്ട്  കൂട്ടാളികൾ കെട്ടിയ നൂല് പൊട്ടിയിട്ടുണ്ടോയെന്ന് നോക്കി . 
അറ്റുപോകാത്ത നൂല് വീടോറ്റയ്ക്കാണെന്ന രഹസ്യം അവർക്കൊറ്റുകൊടുത്തു...!
എല്ലാം ഭദ്രമെന്നുകണ്ട തസ്കരരിൽ മൂന്നുപേർ പൂട്ടിയിട്ടിരുന്ന ഗേറ്റ്‌ ചാടിക്കടന്ന്   റ്റൂൾസുമായി വീടിനു പുറകിലേക്ക് പോയി .
നാലാമൻ പരിസരം നിരീക്ഷിച്ച് കൂരിരുട്ടിലേക്ക് മാറിനിന്നു .
തുളവീഴുന്ന വേദനയിൽ പുളഞ്ഞ് വീട് ഞരങ്ങുന്ന ശബ്ദം വിദൂരതയിൽനിന്നെന്നപോലെ
നിശ്ശബ്ദതയിൽ നേർത്തലിഞ്ഞു...!


Join WhatsApp News
AneesPI 2020-07-26 03:18:13
പൊളിച്ചു.....രതീഷേട്ടൻ ഇഷ്ടം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക