Image

പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോള്‍ ചർച്ച ചെയ്യപ്പെടുന്നത് അവളുടെ സൗന്ദര്യം, ഉടൽ

Published on 08 July, 2020
പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോള്‍  ചർച്ച ചെയ്യപ്പെടുന്നത് അവളുടെ സൗന്ദര്യം, ഉടൽ

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിയായ സ്വപ്‌നയെ കുറിച്ച് പല വിവരങ്ങളും പുറത്തെത്തുന്നുണ്ട്. പലരും ചര്‍ച്ചയാക്കുന്നത് സ്വപ്‌നയുടെ ശാരീരിക സൗന്ദര്യവും മറ്റുമാണ്. സ്ത്രീകള്‍ കുറ്റവാളികള്‍ അവരുടെ ശാരീരിക സൗന്ദര്യം കൂടുതലായി ചര്‍ച്ചചെയ്യപ്പെടുന്നു എന്ന് പറയുകയാണ് ഫ്രീലാന്‍സ് എഴുത്തുകാരിയായ ജീന അല്‍ഫോണ്‍സ ജോണ്‍.

ജീനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോള്‍ അവളുടെ ശാരീരിക സൗന്ദര്യം കൂടുതലായും ചര്‍ച്ച ചെയ്യപ്പെടുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?? അന്നത് സരിത ആണെങ്കില്‍ ഇന്ന് സ്വപ്ന. ഇന്നലത്തെ, രാത്രിയിലെ ചൂടുള്ള അന്തിചര്‍ച്ചകളില്‍ പല ബഹുമാനാര്‍ഹരായ വ്യക്തികള്‍ പോലും, 'സ്വപ്ന സുന്ദരിയായ സ്വപ്ന', 'മാദക സൗന്ദര്യം' എന്നൊക്കെ പറയുന്നത് കേട്ട് പുച്ഛം തോന്നിപ്പോയി. ഏകദേശം 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോളാര്‍ കേസിന്റെ സമയത്തും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. സരിതയും അവിഹിതങ്ങളും എന്ന നിലയില്‍ മാത്രമാണ് അന്ന് ആ കേസ് മുഴുവനായും സഞ്ചരിച്ചത്. സരിതയുടെ അലമാരിയിലെ സാരിയുടെ എണ്ണവും, എങ്ങിനെ നന്നായി സാരി ഉടുക്കാം എന്നതൊക്കെയായിരുന്നു അന്ന് പല യൂട്യൂബ് ചാനലുകളിലെയും ഓണ്‍ലൈന്‍ മഞ്ഞ പത്രങ്ങളിലെയും ട്രന്‍ഡിങ് ചര്‍ച്ചാ വിഷയം.

എന്തുമാത്രം പേജുകളാണ് സരിതയ്ക്കു വേണ്ടി നവ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്നത്.. പലതിനും പതിനായിരക്കണക്കിന് ഫോള്ളോവെര്‍സ്. സരിത ഫാന്‍സ് അസോസിയേഷന്‍ പോലും സ്ഥാപിയ്ക്കപ്പെട്ട് ചൂടുള്ള വാര്‍ത്തകള്‍ കൈമാറി.. അതുകൊണ്ടൊക്കെ തന്നെ, കേസ് സ്വാഹാ... !! പെന്‍ഡ്രൈവ് തപ്പി മാത്രം എന്തുമാത്രം നികുതി തുകയാണ് സംസ്ഥാനം ചെലവിട്ടത്... എന്നിട്ടും, പുറത്തു വന്നത് പല കേട്ടാലറയ്ക്കുന്ന ഫോണ്‍വിളികളും കഥകളും മാത്രം.. കേസ് എന്തായി?? ഇന്നും നമ്മള്‍ ഇരുട്ടില്‍ തപ്പുന്നു, സരിതയ്ക്ക് പിന്നാലെ പായുന്നു.

സ്വപ്നയുടെ കേസും ഇന്ന് വിഭിന്നമല്ല. അവിഹിത കഥകള്‍ പലതും പുറത്തു വന്നുകൊണ്ടേയിരിയ്ക്കുന്നു. പലര്‍ക്കും സ്വപ്ന മദ്യപിയ്ക്കും, പല പുരുഷന്മാരായ ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടില്‍ വന്ന് പോകും എന്നതൊക്കെയാണ് വലിയ കണ്ടുപിടുത്തങ്ങള്‍.. എന്തൊരു കഷ്ടമാണ് മനുഷ്യന്മാരെ.. അവിഹിതത്തിലും 'ഒരു ഹിതം' ഉണ്ടെന്ന് എന്നാണിനി നിങ്ങള്‍ മനസിലാക്കുക?? സ്വപ്നയുടെ മാദക സൗന്ദര്യം, അഴകളവുകള്‍ എന്നൊക്കെയുള്ള പേരില്‍ അവരുടെ പല ഫോട്ടോസും എടുത്ത് പെരുമാറാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം നല്‍കിയത്??

എന്റെ അറിവ് ശരിയാണെങ്കില്‍ സ്വപ്നയുടെ ഒപ്പം സരിത്ത് എന്ന പുരുഷനാണ് ആദ്യം പിടിയിലായത്.. സത്യത്തില്‍ അയാളുടെ പേരുപോലും എവിടെയും ആരും പരാമര്‍ശിച്ചുകണ്ടില്ല.. എല്ലാവര്‍ക്കും സ്വപ്നയുടെ ആരും പറയാത്ത കഥകളും, നെഞ്ചളവുമൊക്കെ കണ്ടത്തുന്നതിലാണ് കൗതുകം. രാജ്യത്തിന്റെ വിദേശ ബന്ധങ്ങളെ പോലും സ്വാധീനിയ്ക്കുന്ന, നമ്മുടെ നേതാക്കളും പല ഉന്നത ഉദ്യോഗസ്ഥരും അടക്കം ഒരു സിസ്റ്റം മുഴുവനായും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു കേസ് ആണിത്. തെളിയിക്കപ്പെടേണ്ടത് യാഥാര്‍ഥ്യങ്ങളാണ്. കുറ്റവാളികള്‍ ആരായിരുന്നാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സത്യം വിജയിക്കണം. വളച്ചൊടിയ്ക്കപ്പെടാതെ നീതി നടപ്പാക്കണം. ഇത്തരം കേസുകള്‍ രാഷ്ട്രീയ വത്കരിയ്ക്കപ്പെടുന്നതിനോട് കടുത്ത വിരോധമുണ്ട്. എന്നിരുന്നാലും ജനങ്ങള്‍ കബളിപ്പിയ്ക്കപ്പെടാതെയിരിയ്ക്കട്ടെ. ഇത്രയും ധീരമായ വെളിപ്പെടുത്തല്‍ നടത്തിയ, നടപടി സ്വീകരിച്ച നമ്മുടെ custom ഉദ്യോഗസ്ഥരോട് മുഴുവന്‍ ബഹുമാനവും.. ഇവരെപോലുള്ളവരിലാണ് രാജ്യത്തിന്റെ പ്രതീക്ഷ...

 
 
Join WhatsApp News
What is Love 2020-07-08 15:19:30
What is Love? Love is the 7th sense that destroys all of the 6 senses & makes the person NON-Sense- chanakyan
Tom Abraham 2020-07-08 18:22:22
God is Love. All victims, of COVID-19 , dead or alive, go to heaven, because of His Love.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക