Image

സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് കള്ളക്കടത്ത് റാക്കറ്റ്? പിടിയിലായാല്‍ പല ഉന്നതരും കുടുങ്ങും

Published on 08 July, 2020
സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് കള്ളക്കടത്ത് റാക്കറ്റ്? പിടിയിലായാല്‍ പല ഉന്നതരും കുടുങ്ങും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്ത് റാക്കറ്റിന്റെ പിടിയിലാണോയെന്ന് സംശയം.

കേസ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒതുക്കി തീര്‍ക്കാനാവില്ലെന്ന് വിശ്വസിപ്പിച്ച് സ്വപ്ന സുരേഷിനെ കള്ളക്കടത്ത് റാക്കറ്റ് എവിടെക്കെങ്കിലും മാറ്റിയതാകാമെന്നാണ് കസ്റ്റംസ് കരുതുന്നത്.

നിലവിലെ സാഹചര്യത്തില്‍ സ്വപ്ന സുരേഷ് സംസ്ഥാനം വിടാന്‍ സാധ്യതയില്ലെന്നാണ് കസ്റ്റംസ് കരുതുന്നത്. ലോക്ഡൗണിന്റെ കൂടി സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമായി നടക്കുന്നതിനാല്‍ ഇവര്‍ കേരളം വിടാന്‍ സാധ്യതയില്ല.

സ്വപ്ന സുരേഷ് പിടിയിലായാല്‍ പല ഉന്നതന്‍മാരും കുടുങ്ങുമെന്ന ഭയത്താല്‍ ഇവരെ മാറ്റിയതാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കൂടിയല്ലാതെ ഇതിന് മുമ്പും കണ്ടെയ്നറുകളില്‍ കൂടിയും സ്വര്‍ണക്കള്ളക്കടത്തു നടത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇതിന് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് റാക്കറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്വപ്നയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരെക്കുറിച്ചുള്ള വിവരങ്ങളും കൂടുതല്‍ തെളിവുകളും കസ്റ്റംസിന് ലഭിക്കുകയുള്ളൂ.

സ്വപ്നയെ പിടികൂടുന്നതിനായി കേരള പോലീസിന്റെ സഹായം തേടാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് പോലീസ് തീരുമാനം. അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്

സ്വപ്ന റാണി കേരളത്തില്‍ ഇരുന്നാല്‍ മതി, ഗള്‍ഫിലെ മരുഭൂമിയില്‍ വരെ എന്തും അറേഞ്ച് ചെയ്യാന്‍ കഴിയും
സ്വര്‍ണ്ണക്കള്ളകടത്തിന്റെ സൂത്രധാര അല്ലെങ്കിലും ്സ്വപ്ന വിചാരിച്ചാല്‍ നടക്കാത്തതായി യാതൊന്നുമില്ല. തലസ്ഥാനത്തിരുന്നു ഗള്‍ഫ് മേഖലയില്‍ എന്തും നടത്തിയെടുക്കാന്‍ സ്വപ്നയ്ക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പുറത്തുവരുന്നതിനേക്കാള്‍ വലിയ ഉന്നതബന്ധങ്ങളും സ്വാധീനശേഷിയും കാര്യശേഷിയും സ്വപ്ന സുരേഷിനുണ്ടെന്നാണ് സൂചന.

കേരളത്തില്‍നിന്നു ചില ഉന്നത ഉദ്യോഗസ്ഥര്‍ ദുബായിയിലേക്കു പോകുമ്പോള്‍ ഇവിടെ ഇരുന്നുകൊണ്ട് അവിടെ ആഡംബര സംവിധാനങ്ങള്‍ സ്വപ്ന ഒരുക്കിനല്‍കിയിരുന്നുവത്രെ.

ഡെസെര്‍ട്ട് സഫാരിയും ബെല്ലി ഡാന്‍സുമുള്‍പ്പെടെ ഒരുക്കാനും ഇവര്‍ക്കു സാധിച്ചിരുന്നതായി ദുബായിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സ്വപ്ന സുരേഷ് ഫാന്‍സ് കേരള! സ്വര്‍ണക്കടത്ത് കേസ് വന്നതിനു പിന്നാലെ ഫേസ്ബുക്കില്‍ ഫാന്‍സ് പേജ്. പേജിലെ നിര്‍ദേശം ഇങ്ങനെ

സ്വപ്ന സുരേഷിന്റെ പേരില്‍ ഫേസ്ബുക്കില്‍ ഫാന്‍സ് പേജ്. സ്വപ്ന സുരേഷ് ഫാന്‍സ് കേരള എന്നാണ് ഫേസ്ബുക്ക് പേജിന്റെ പേര്. സ്വപ്ന സുരേഷ് ഫാന്‍സ് ക്ലബ് (എസ്എസ്എഫ്‌സി) എന്ന പേരില്‍ ഒരു ഗ്രൂപ്പും ഫേസ്ബുക്കിലുണ്ട്.

സ്വര്‍ണക്കടത്ത് കേസ് വന്നതിനു പിന്നാലെയാണ് പേജും ഗ്രൂപ്പും നിര്‍മിച്ചിരിക്കുന്നത്. സ്വപ്നയുടെ വിവിധ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വപ്നയുമായി ബന്ധമുള്ള പോസ്റ്റുകള്‍ മാത്രമേ പോസ്റ്റ് ചെയ്യാവുള്ളു എന്ന നിര്‍ദേശവും ഗ്രൂപ്പില്‍ നല്‍കിയിട്ടുണ്ട്.

അന്വേഷണം മാഹിയിലെ സമ്പന്നനിലേക്കും. കേരളത്തിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാളും ദുബായിയിലെ ഇടതു സഹയാത്രികനായ മാധ്യമപ്രവര്‍ത്തകനും സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ചു ദുബായിയിലെ പാര്‍ട്ടി അനുഭാവികള്‍ കേരളത്തിലെ ഉന്നതരായ ഇടതു നേതാക്കള്‍ക്കു വിലപ്പെട്ട ചില വിവരങ്ങള്‍ കൈമാറിയിട്ടുള്ളതായും അറിയുന്നു.

സ്വപ്നയുടെ കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ കേരളത്തിലെ പ്രമുഖര്‍ക്കൊപ്പം ദുബായിയിലെ സമ്പന്നരായ ചിലരും അങ്കലാപ്പിലായിട്ടുണ്ട്. സ്വപ്ന സുരേഷിനോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തിട്ടുള്ള പ്രമുഖരാണ് ഇപ്പോള്‍ ആശങ്കയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക