Image

വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം: കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്നു തുടക്കമായി

Published on 08 July, 2020
വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം: കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്നു തുടക്കമായി
ദോഹ: വന്ദേഭാരത് മിഷന്‍ 4ാം ഘട്ടത്തില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്നു തുടക്കം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇന്നു സര്‍വീസുകളുള്ളത്. 4ാം ഘട്ടത്തില്‍ 36 സര്‍വീസുകളാണ് ജൂലൈ 30 വരെ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായി കൊച്ചിയിലേക്ക് ഇന്ന് മുതല്‍ ജൂലൈ 30 വരെ 12, തിരുവനന്തപുരത്തേക്ക് ബുധനാഴ്ച മുതല്‍ 22 വരെ 8 സര്‍വീസുകളാണുള്ളത്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് 9 മുതല്‍  ജൂലൈ 23 വരെ 8 സര്‍വീസുകള്‍ വീതമാണുള്ളത്.    ഇന്ത്യയിലേക്കുള്ള 4ാം ഘട്ടത്തിന് ഇന്നലെയാണ് തുടക്കമായത്. ഇന്നലെ ലക്‌നൗ, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തിയത്. വന്ദേഭാരതില്‍ ഇതുവരെ 245 കുട്ടികള്‍ ഉള്‍പ്പെടെ 9,371 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.

ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയാണ് 4ാം ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നേരിട്ട് വാങ്ങാനുള്ള സൗകര്യമാണ് ഇത്തവണ നല്‍കിയിരിക്കുന്നത്. ആദ്യം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് യാത്ര ചെയ്യാം. നാട്ടിലേക്ക് പോകാനായി ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് എംബസി റജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇത് ഉപയോഗിച്ചു മാത്രമേ ടിക്കറ്റ് ബുക്കിങ് അനുവദിക്കൂ.

സ്വന്തം സംസ്ഥാനങ്ങളിലേക്ക് മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്നാണ് എംബസിയുടെ നിര്‍ദേശം. ദോഹയില്‍ നിന്ന് ഇന്ത്യയിലെത്തുന്നത് എവിടെയാണോ അവിടെ നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ആഭ്യന്തര വിമാനങ്ങള്‍ ബുക്ക് ചെയ്ത് മറ്റിടങ്ങളിലേക്ക് പോകാന്‍ അനുമതിയുള്ളു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കാതെ ആഭ്യന്തര വിമാനങ്ങളില്‍ ബുക്ക് ചെയ്താല്‍ ടിക്കറ്റ് റദ്ദാക്കേണ്ടി വരികയും പണം നഷ്ടമാകുകയും ചെയ്യുമെന്നും എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക