Image

പ്രമുഖ മലയാളി വ്യവസായി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു

Published on 08 July, 2020
പ്രമുഖ മലയാളി വ്യവസായി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു
ജുബൈല്‍: പ്രമുഖ വ്യവസായിയും ജുബൈലിലെ സാമൂഹിക രംഗത്ത് നിറസാന്നിധ്യവുമായ തൃശൂര്‍ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജന്‍ (65) കോവിഡ് ബാധിച്ച് മരിച്ചു. ജുബൈല്‍ മുവാസാത്ത് ആശുപത്രിയില്‍ പനിയും ദേഹാസ്വസ്ഥ്യവും മൂലം ചികില്‍സയിലായിരുന്നു.

1982 മുതല്‍ ജുബൈലില്‍ പ്രവാസിയായ ഇദ്ദേഹം റീഗല്‍ എന്ന പേരില്‍ ഹോട്ടല്‍ ബിസിനസ് നടത്തി വരികയായിരുന്നു. ബിസിനസ് മക്കളെ ഏല്‍പ്പിച്ച് രണ്ടു വര്‍ഷം മുമ്പ് വിശ്രമം ജീവിതം നയിക്കുന്നതിന് നാട്ടില്‍ പോയ ഇദ്ദേഹം കൊറോണ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് ജുബൈലില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ മാസം ആറിനു നാട്ടില്‍ പോകാന്‍ അദ്ദേഹത്തിനും ഭാര്യക്കും വിമാന ടിക്കറ്റ് എടുത്തിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്, അര്‍ഹതപ്പെട്ടവര്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് ജുബൈലിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ക്രൈസിസ് മാനേജ്‌മെന്റിന് ആ ടിക്കറ്റുകള്‍ സംഭാവന നല്‍കുകയാണുണ്ടായത്.

ഇദ്ദേഹം ബിസിനസ് നടത്തുന്ന മേഖലക്ക് മലയാളികള്‍ രാജന്‍ഗല്ലി എന്നാണു വിളിച്ച് പോന്നത്. മലയാളികള്‍ക്കിടയില്‍ അത്രയും സ്വാധീനമുണ്ടായിരുന്ന വ്യക്തിയുടെ നിര്യാണം ഞെട്ടലുണ്ടാക്കിയെന്ന് ജുബൈലിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഭാര്യ: ലളിത, മക്കള്‍: പ്രണല്‍, പ്രജില്‍, ജിത്തു. മക്കളും മരുമക്കളും ഒന്നിച്ച് താമസിക്കാന്‍ വീണ്ടും ജുബൈലില്‍ എത്തിയ ഇദ്ദേഹത്തെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെങ്കിലും പിന്നീടുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക