Image

സീറോ മലബാര്‍ സഭ അല്മായ ദ്വിദിന ദേശീയ നേതൃസമ്മേളനത്തിന് ശനിയാഴ്ച തുടക്കം

Published on 31 May, 2012
സീറോ മലബാര്‍ സഭ അല്മായ ദ്വിദിന ദേശീയ നേതൃസമ്മേളനത്തിന് ശനിയാഴ്ച തുടക്കം
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള അല്മായ ദ്വിദിന ദേശീയ നേതൃസമ്മേളനത്തിന് ശനിയാഴ്ച (02 മെയ്) സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ തുടക്കമാകും. സീറോ മലബാര്‍ സഭയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലുള്ള കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ രൂപതകള്‍ക്കു പുറമെ കല്യാണ്‍ (ബോംബെ), ഫരീദാബാദ് (ഡല്‍ഹി) എന്നീ മിഷന്‍ രൂപതകളില്‍ നിന്നും, ഇന്ത്യയിലെ പ്രധാന മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരും, പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. ''ജീവന്റെ സംരക്ഷണത്തിനായ്''എന്നതാണ് ദേശീയ സമ്മേളനത്തിന്റെ മുഖ്യവിഷയം.
 
ശനിയാഴ്ച രാവിലെ 10ന് അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റിയന്‍ സമ്മേളന ആമുഖവും പ്രവര്‍ത്തനരേഖയും, നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ് ഐ.എ.എസ്. മുഖ്യപ്രബന്ധവും അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.15ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അല്മായ നേതൃസമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഡോ.സാബു ഡി മാത്യു (പാലാ), അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ (താമരശ്ശേരി), പ്രെഫ.റോസിലി തോമസ് (കല്യാണ്‍), കെ.പി.ചാക്കപ്പന്‍ (ബാംഗ്ലൂര്‍) എന്നിവര്‍ സംസാരിക്കും. ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ സീറോ മലബാര്‍ സഭയുടെ അല്മായ പ്രവര്‍ത്തനങ്ങളും വെല്ലുവിളികളും, അന്തര്‍ദേശീയ ജോലി, കാര്‍ഷിക കുടിയേറ്റങ്ങള്‍, ജീവന്റെ സംരക്ഷണത്തിനായുള്ള കര്‍മ്മപദ്ധതികള്‍, ആനുകാലിക രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ എന്നിവയാണ് സമ്മേളനത്തിലെ മുഖ്യചര്‍ച്ചാവിഷയങ്ങള്‍.

സാമൂഹിക വിഷയങ്ങളെക്കുറിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഫാ.ജോയി നിരപ്പേല്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയനിലം മോഡറേറ്ററായിരിക്കും. ഇടുക്കി രൂപതാ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സന്ദേശം നല്‍കും.

സീറോ മലബാര്‍ സഭ യൂത്ത് മിനിസ്ട്രി, ഹിസ്റ്ററി ആന്റ് റിസര്‍ച്ച് ഫോറം, വനിതാ ഫോറം, ദളിത് ഫോറം, സയന്‍സ് ആന്റ് ടെക്‌നോളജി ഫോറം, എന്റര്‍പ്രണേഴ്‌സ് ഫോറം, അഗ്രിക്കള്‍ച്ചറല്‍ ഫോറം, കത്തോലിക്കാ കോണ്‍ഗ്രസ് എന്നീ സഭാതല ശുശ്രൂഷകളെക്കുറിച്ച് ഫാ.സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, ജോണ്‍ കച്ചിറമറ്റം, ആനി മത്തായി മുതിരേന്തി, സ്‌കറിയാ ആന്റണി, എം.എം.ജേക്കബ് മുണ്ടയ്ക്കല്‍, സിജോ പൈനാടത്ത്, സാബു ജോസ്, വി.വി.അഗസ്റ്റിന്‍, കെ.പി.ലോറന്‍സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിമന്‍സ് ഫോറം ഡയറക്ടര്‍ ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി മോഡറേറ്ററായിരിക്കും. കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ സന്ദേശം നല്‍കും.

സീറോ മലബാര്‍ സഭയിലെ വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റവ.ഡോ.മാത്യു കൊച്ചുപുരയ്ക്കല്‍, ഫാ.ജിമ്മി പൂച്ചക്കാട്ട്, ഫാ.സിബി പുളിക്കല്‍, ഫാ.ജോസ് പാലക്കീല്‍, റവ.ഡോ.സെബാസ്റ്റ്യന്‍ നടുവിലേത്തടം എന്നിവര്‍ പങ്കുവെയ്ക്കും. ഇന്ത്യയിലെ വിവിധ രൂപതകളിലേയും മിഷന്‍ കേന്ദ്രങ്ങളിലേയും അല്മായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെ.പി.ചാക്കപ്പന്‍ (ബാംഗ്ലൂര്‍), ജെയിംസ് ജോര്‍ജ് (ബറോഡ), പി.ജെ.എബ്രഹാം (ഹൈദ്രാബാദ്), ജെയിംസ് പൂച്ചക്കാട്ടില്‍ (വിജയവാഡ), പ്രത്വിപാല്‍ ചിറയത്ത് (ഔറംഗബാദ്), പോള്‍ പല്ലിശ്ശേരി (ഫരീദാബാദ്-ഡല്‍ഹി), പ്രൊഫ.റോസിലി തോമസ് (കല്യാണ്‍), ജോമി ചെറുകാട്ട് (ഭദ്രാവതി), ജോസഫ് ടി.ജെ. (ബല്‍ത്തങ്ങാടി), മാര്‍ട്ടിന്‍ ആന്റണി (രാമനാഥപുരം), ജോര്‍ജ് ജോസഫ് (മാണ്ഡ്യ), ആര്‍ വിജയകുമാരന്‍ (തക്കല), തോമസ് ഏറനാട്ട് (മാനന്തവാടി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പി.ഐ ലാസര്‍ മോഡറേറ്ററായിരിക്കും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സന്ദേശം നല്‍കും.

മൂന്നാം തീയതി രാവിലെ 8:30 മുതല്‍ അല്മായപ്രവര്‍ത്തനപദ്ധതി രൂപീകരണവും സമ്മേളന പ്രമേയങ്ങളും അവതരിപ്പിക്കും. 'കേരളസഭയും വിശ്വാസവെല്ലുവിളികളും' ആസ്പദമാക്കി കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സൈബി അക്കര, ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ മെമ്പര്‍ അഡ്വ.പി.പി.ജോസഫ്, എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ബിനു മൂലന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശ്ശേരി മോഡറേറ്ററായിരിക്കും.

12ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യാത്ത് സമാപനസന്ദേശം നല്‍കും.



ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക