Image

ഈ കാലഘട്ടത്തിന് യോജിക്കാത്ത കവിത (അനില്‍ മിത്രാനന്ദപുരം)

Published on 07 July, 2020
ഈ കാലഘട്ടത്തിന് യോജിക്കാത്ത കവിത (അനില്‍ മിത്രാനന്ദപുരം)
എന്റെ കവിതയിലെ
നിറങ്ങള്‍ എണ്ണിത്തുടങ്ങി
അവര്‍.

വരികളോരോന്നിന്റെയും
സുഗന്ധമറിയാന്‍
മണത്തു നോക്കുന്നു.

അക്ഷരങ്ങളുടെ വസ്ത്രധാരണം
അവരെഴുതിവെച്ച
""പുതിയ നിയമപുസ്തകത്തില്‍''
ഒത്തുനോക്കുന്നു.
പ്രത്യേകിച്ച്, മുണ്ടുടുക്കുന്നവരുടെ
മടിക്കുത്തിന്റെ സ്ഥാനം.

കവിത
ഈണം മാറ്റി മാറ്റി ചൊല്ലിനോക്കുന്നു.
""ഹിന്ദുസ്ഥാനി'' രാഗത്തില്‍
ചിട്ടപ്പെടുത്താനാകുമോയെന്ന് !

    പത്ത് ദിവസത്തെ പരിശോധനക്കുശേഷം
    കണ്ടെത്തലുകള്‍ ഇങ്ങനെ :-

    കവിതയുടെ നിറം കറുപ്പുമാത്രം.
    ഓടയിലൊഴുകുന്ന അഴുക്കുവെള്ളത്തിന്റെ
    കറുപ്പ്.

    വരികള്‍ക്ക് ദുര്‍ഗന്ധം മാത്രം.
    തൊഴില്‍ തേടിയലയുന്നവന്റെ
    വിയര്‍പ്പിന്റെ ദുര്‍ഗന്ധം.
    അക്ഷരങ്ങള്‍ അണിഞ്ഞതെല്ലാം
    അവഗണിച്ചവന്റെ ഉടയാടകള്‍.
    വട്ടത്തിലുള്ള വെളുത്ത തലപ്പാവും,
    പിന്നെ,
    മടിക്കുത്ത്, ഒട്ടുമിക്കതും ഇടത്തോട്ടും.

    എങ്ങനെ ചൊല്ലിയാലും
    വരികള്‍ക്ക് ചേരുന്നത്
    ഒറ്റപ്പെടുന്നവന്റെ
    തേങ്ങലിന്നീണം മാത്രം !

ഒടുവില്‍,
എന്റെ കവിത
തിരസ്കൃതമായി.

കവിതയെഴുതിയ കടലാസ്
ഇന്ദീവരത്തിന്നിതളോളമുള്ള കഷണങ്ങളാക്കി,
""ഈ കാലഘട്ടത്തിന് യോജിക്കാത്തവ''
എന്ന ലേബലുള്ള
ചവറ്റുകൊട്ടയിലേക്ക് !

എന്റെ
പേര് മാത്രം
ഒരു കടലാസുതുണ്ടിലെഴുതി
അഞ്ചായി മടക്കി,
വെളുത്ത നിറമുള്ള രഹസ്യ അലമാരയിലെ
കറുത്ത പെട്ടിയിലേക്ക്...
പെട്ടിയുടെ പേര്
""രാജ്യദ്രോഹികള്‍ !! കൊല്ലേണ്ടവര്‍ !!''

Join WhatsApp News
i love this poem 2020-07-08 05:33:41
When your mind is full of images You don't need a Canvas to paint; you don't need a brush to paint; you don't need paints to paint with. you are the painting, you are the brush; you are the canvas; you are the paint; make yourself a large Canvas. Let Nature make you a masterpiece out of you.- andrew
girish nair 2020-07-08 11:12:59
വളരെ അർത്ഥ സാന്ദ്രതയുള്ള കവിത. അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക