Image

റോംനിയ്ക്ക് ഒബാമയുടെ അപ്രതീക്ഷിത ഫോണ്‍;റോംനിയുടെ ഐഫോണ്‍ അപ്ലിക്കേഷനില്‍ അമേരിക്കയുടെ അക്ഷരം തെറ്റി

Published on 31 May, 2012
 റോംനിയ്ക്ക് ഒബാമയുടെ അപ്രതീക്ഷിത ഫോണ്‍;റോംനിയുടെ ഐഫോണ്‍ അപ്ലിക്കേഷനില്‍ അമേരിക്കയുടെ അക്ഷരം തെറ്റി
വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയ മിറ്റ് റോംനിയ്ക്ക് പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിനന്ദനം. റോംനിയെ ഫോണില്‍ വിളിച്ചാണ് ഒബാമ അഭിനന്ദിച്ചത്. ടെക്‌സാസ് പ്രൈമറിയില്‍ വിജയിച്ചതിലൂടെ റോംനി ചൊവ്വാഴ്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ പരസ്പരം വെല്ലുവിളിച്ച് മുന്നേറുന്ന ഇരുവരും തമ്മില്‍ അത്ര ഊഷ്മള ബന്ധമല്ല നിലനിന്നിരുന്നത്. ഈ അവസരത്തിലാണ് ഒബാമയുടെ ഫോണ്‍വിളിക്ക് പ്രാധാന്യമേറുന്നത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് റോംനിയെ ഫോണില്‍ വിളിച്ച് ഒബാമ അഭിനന്ദനമറിയിച്ചതെന്ന് അദ്ദേഹത്തിന്റെ പ്രചാരണ വക്താവ് ബെന്‍ ലാബോട്ട് പറഞ്ഞു.

അമേരിക്കയുടെ ഭാവി മുന്നില്‍ക്കണ്ട് ആരോഗ്യപരമായ സംവാദമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉണ്ടാവേണ്‌തെന്നും ഒബാമ റോംനിയെ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റോംനിയ്ക്ക് ഒബാമ എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഒബാമയുടെ വിളി എത്തുമ്പോള്‍ ലാസ്‌വെഗാസിലായിരുന്നു റോംനി. ഒബാമയുടെ ആശംസസയ്ക്ക് നന്ദി പറഞ്ഞ റോംനി പ്രസിഡന്റിനും കുടുംബത്തിനും നന്‍മകള്‍ നേര്‍ന്നു. എന്നാല്‍ പോണ്‍ സംഭാഷണം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷം നടന്ന തെരഞ്ഞെടുപ്പ് ഫണ്ടുശേഖരണ പരിപാടിയില്‍ ഒബാമയുടെ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിക്കാനും റോംനി മറന്നില്ല.

റോംനിയുടെ ഐഫോണ്‍ അപ്ലിക്കേഷനില്‍ അമേരിക്കയുടെ അക്ഷരം തെറ്റി

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നല്ലൊരു അമേരിക്കയെന്ന വാഗ്ദാനവുമായി മത്സരരംഗത്ത് ചുവടുറപ്പിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയ്ക്ക് പിഴച്ചു. റോംനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ ഐഫോണ്‍ അപ്ലിക്കേഷനില്‍ അമേരിക്ക എന്നത് തെറ്റായാണ് എഴുതിയിരിക്കുന്നത്. റോംനിയ്ക്ക് പിന്തുണ അറിയിക്കാന്‍ വേണ്ടി ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി തയാറാക്കിയിരിക്കുന്ന അപ്ലിക്കേഷനിലെ വരികളിലാണ് അമേരിക്ക എന്നത് തെറ്റായി എഴുതിയിരിക്കുന്നത്.

എ ബെറ്റര്‍ അമേരിക്ക എന്നതിന് പകരം എ ബെറ്റര്‍ അമേരിക്യാ എന്നാണ് എഴുതിയിരിക്കുന്നത്. "A Better Amercia". പ്രൂഫ് റീഡേഴ്‌സ് തെറ്റ് കണ്‌ടെത്തിയപ്പോഴേക്കും ട്വിറ്ററിലൂടെയും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകളിലൂടെയും സംഭവം കാട്ടു തീ പോലെ പടരുകയും ചെയ്തു. റോംനിയുടെ ഔദ്യോഗിക പ്രചരണ വെബ്‌സൈറ്റായ മിറ്റ്‌റോംനി.കോമിലും ഇതേ തെറ്റ് ആവര്‍ത്തിച്ചിട്ടുണ്ട്. തെറ്റു സംഭവിച്ചുവെങ്കിലും വോട്ടര്‍മാര്‍ ഇത് അത്ര വലിയ കാര്യമാക്കില്ലെന്നാണ് റോംനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വക്താവ് അന്‍ഡ്രിയ സാവുള്‍ പറയുന്നത്.

വധിക്കേണ്ട തീവ്രവാദികളുടെ പട്ടികയില്‍ തീരുമാനമെടുക്കുന്നത് ഒബാമ നേരിട്ട്

വാഷിംഗ്ടണ്‍: അഫ്ഗാനിലും പാക് ഗോത്ര മേഖലയിലും ഒളിച്ചിരിക്കുന്ന അല്‍ക്വയ്ദ തീവ്രവാദികളില്‍ ആരെയൊക്കെ വധിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് പ്രസിഡന്റ് ബറാക് ഒബാമ നേരിട്ടാണെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും ഡ്രോണ്‍ ആക്രമണങ്ങള്‍ ഏതറ്റം വരെ പോകാമെന്ന കാര്യത്തിലും ഒബാമ തന്നെയാമ് തീരുമാനമെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തോമസ് ഇ.ഡോണിലോണ്‍ പറഞ്ഞു. ലോകത്ത് യുഎസിന്റെ ഇപ്പോഴത്തെ നിനലില്‍പിന് താനാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നും അതിനാല്‍ തന്നെ ഇത്തരം നിര്‍ണായക തീരുമാനങ്ങള്‍ പ്രസിഡന്റെന്ന നിലയില്‍ തന്റേത് മാത്രമായിരിക്കണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്‌ടെന്ന് ഡോണിലോണിനെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വധിക്കേണ്ട തീവ്രവാദികളുടെ പട്ടിക ഓരോതവണ പുതുക്കുമ്പോഴും അത് ഒബാമ നേരിട്ട് കണ്ട് അംഗീകരിക്കാറുണ്ട്.

യുഎസില്‍ വെടിവയ്പ്പ്; ആറു മരണം

വാഷിംഗ്ടണ്‍: യുഎസിലെ സീയാറ്റിലില്‍ നടന്ന വ്യത്യസ്ത വെടിവയ്പ്പുകളില്‍ അക്രമി അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കന്‍ സമയം ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ആദ്യ സംഭവം. മുപ്പതിനോടടുത്ത് പ്രായംവരുന്ന അജ്ഞാതനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സിയാറ്റിലിലെ യൂണിവേഴ്‌സിറ്റി ഡ്‌സ്ട്രിക്ടിലുള്ള കോഫി ഹൗസിലാണ് ആദ്യ വെടിവെയ്പ് നടന്നത്. ഇവിടെ ഒരു സ്ത്രീ അടക്കം നാലു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം മൈലുകള്‍ക്ക് അപ്പുറത്ത് നടന്ന മറ്റൊരു വെടിവെയ്പ്പില്‍ ഒരു സ്ത്രീ മരിച്ചു. രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും ഒരാളാണെന്ന് പോലീസ് പറഞ്ഞു. രണ്ടാമത്തെ സ്ഥലത്തു നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ അക്രമിയെന്ന് കരുതുന്നയാളെ കണ്‌ടെങ്കിലും പോലീസ് എത്തുന്നതിന് മുമ്പെ ഇയാള്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത യുഎസ് നാവികനെ ഇറ്റലിയില്‍ അറസ്റ്റു ചെയ്തു

റോം: ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്യുകയും ചെയ്ത യുഎസ് നാവികെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റു ചെയ്തു. 28കാരനായ ഫ്‌ളോറിഡ സ്വദേശിയായ നാവികനാണ് ഇറ്റലിയില്‍ ചൊവ്വാഴ്ച അറസ്റ്റിലായത്. ഇയാളെ പിസയിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യാനായി ഇയാളെ വിടടു കിട്ടണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ താമസസ്ഥലത്തും ഓഫീസിലും പോലീസ് നടത്തിയ റെയ്ഡില്‍ ബാലപീഢനത്തിന്റെ നിരവധി ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ കണ്‌ടെത്തി. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടി സുഹൃത്തിന്റെ മകളാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക