Image

സാഹിത്യത്തിൻറെ സുൽത്താന് ഒരു തുറന്ന കത്ത് (ഗിരിഷ് നായർ, മുംബൈ)

Published on 06 July, 2020
സാഹിത്യത്തിൻറെ  സുൽത്താന് ഒരു തുറന്ന കത്ത് (ഗിരിഷ് നായർ, മുംബൈ)
എത്രയും പ്രിയപ്പെട്ട ശ്രീ സുൽത്താൻ ബഷീർ സാർ അറിയുന്നതിന്,

കുറേക്കാലമായി അങ്ങേയ്ക്ക് ഒരു കത്ത് അയയ്ക്കണം എന്ന് കരുതുന്നു. അങ്ങയുടെ ചരമദിനമായ ഇന്നാണ് അതിന് സമയം കിട്ടിയത്.

താങ്കൾ സ്വർഗ്ഗത്തിൽ അപ്സ്സരസുകളുമായി സുഖിക്കുകയാണ് എന്ന് കരുതുന്നു. ഏത് ദൈവത്തിൻറെ സ്വർഗ്ഗത്തിലാണ് അങ്ങ് ഇപ്പോൾ. ഒരുപാട് ദൈവങ്ങളുള്ള നാട്ടിൽനിന്നും ആണല്ലോ അങ്ങ്. എല്ലാ ദൈവങ്ങളുടെയും സ്വർഗ്ഗത്തിൽ മാറി മാറി താമസിക്കാൻ അവസരം ലഭിക്കും എന്ന് കരുതുന്നു. അതിനേക്കാളുപരി ദൈവത്തിൻറെ സ്വന്തം നാട്ടിൽ നിന്നും അങ്ങ് വന്നതായതുകൊണ്ട് ഒരു പ്രത്യേക പരിഗണന കാണുമല്ലോ? സത്യത്തിൽ ദൈവത്തിന് അറിയുമോ ആവോ അദ്ദേഹത്തിന് ഭൂമിയിൽ സ്വന്തമായി ഒരു നാട് ഉണ്ട് എന്ന്. അറിയില്ല എങ്കിൽ അറിയിക്കണ്ട. ഇനി സ്വന്തം നാട് കാണാൻ ആഗ്രഹം തോന്നി ഇങ്ങോട്ട് എങ്ങാനും വന്നാൽ തീർന്നു എല്ലാം. അത്രയ്ക്കും മികച്ചതാണ് ഇപ്പോൾ ഇവിടുത്തെ കാര്യങ്ങൾ. ചിലപ്പോൾ ഈ ഒറ്റക്കാരണം കൊണ്ട് അങ്ങയെ ദൈവം നരഗത്തിലേക്ക് തട്ടിയേക്കാം. വെറുതെ എന്തിനാ പോല്ലാപ്പിന് പോകുന്നത്.

അങ്ങയോടൊപ്പം മലയാളത്തിലെ മഹാന്മാരായ എഴുത്തുകാരും ഉണ്ടാകുമെന്ന് കരുതുന്നു. അവരോടും എൻറെ അന്വേഷണം അറിയിക്കുക. പ്രത്യേകിച്ചും മാധവിക്കുട്ടിയോട്, പുന്നയൂർക്കുളത്തേയ്ക്കും നാലപ്പാട്ടേയ്ക്കും ഇടയ്ക്ക് ഒന്ന് പോയിരുന്നു എന്ന് ആമിയോട് പറഞ്ഞേക്കണം.

സത്യത്തിൽ ഇത് എഴുതുന്നത് അങ്ങയോട് നന്ദി പറയാൻ വേണ്ടിയാണ്. എൻറെ ബാല്യകാലത്തെയും കൗമാരത്തെയും യൗവനത്തെയും മനോഹരമാക്കിയത് അങ്ങയുടെ ഒരു പറ്റം കഥകളാലാണ്. നാളെ എൻറെ വാർധക്യത്തിലും താങ്കളുടെ ഏതെങ്കിലും ഒരു നോവൽ എന്റെ ഏകാന്തതകളിൽ മനോഹരമാക്കാൻ ഒപ്പം ഉണ്ടാവും എന്ന് ഉറപ്പാണ്.

പാത്തുമ്മയുടെ ആടാണ് ഞാൻ ആദ്യമായി വായിച്ച അങ്ങയുടെ നോവൽ. ഒരിക്കൽ ആടിൻറെ തല ഒരു മൺകുടത്തിനുള്ളിൽ പെട്ടു പോയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെയിരുന്ന പെണ്ണുങ്ങളുടെ അടുത്ത് ചെന്ന് ഒരു ചെറിയ കല്ലുകൊണ്ട് അങ്ങ് ആ കലം പൊട്ടിച്ച് ആടിന്റെ തല പുറത്തെടുത്തു. ഇത് അവർക്കും പറ്റുമായിരുന്നു. കുടം പൊട്ടിക്കാതെ എടുക്കാൻ എന്താ വഴി എന്ന് ആലോചിക്കുകയായിരുന്നു അവർ. ഒരു കുടം പൊട്ടിച്ചപ്പോൾ അങ്ങേയ്ക്ക് സമാധാനമായി എന്ന് പറഞ്ഞ് പെണ്ണുങ്ങൾ അങ്ങയെ കളിയാക്കിയത് എനിക്ക് ഇപ്പഴും ഓർമ്മയുണ്ട്.

ആനവാരിയും പൊൻകുരിശിലും അങ്ങു പാവം ആനവാരി രാമൻ നായരെ ആനയുടെ തോട്ടുമുമ്പിൽ കൊണ്ടിട്ടു കൊടുക്കേണ്ടിയിരുന്നില്ല. പാവം രാമൻ നായർ.

മുച്ചീട്ടുകളിക്കാരന്റെ മകളിൽ ഒറ്റക്കണ്ണൻ പോക്കറുടെ സുന്ദരിയായ മകൾ സൈനബയെ മണ്ടൻ മുത്തപ്പയുടെ കാമുകിയാക്കിയത് അന്നാട്ടിലെ പാവം ചെറുപ്പക്കാരെയും, കിഴവൻ മാരെയും തെല്ലൊന്നുമല്ല ദുഃഖത്തിലാഴ്ത്തിയത്. അത് അവരോട് ചെയ്ത വലിയ ചതിയാണ് എന്ന് പറയാതെ വയ്യ.

ബാല്യകാലസഖിയിൽ താങ്കളുടെ തികച്ചും വ്യത്യസ്തമായ ഒരു മുഖമാണ് ഞങ്ങൾ കണ്ടത്. പാവം മജീദും, സുഹറയും.... ഇത്ര ദുഃഖം അവർക്ക് നല്കേണ്ടിയിരുന്നില്ല. പോട്ടെ ദുഃഖങ്ങൾ എല്ലാം ഒടുവിൽ ഒരല്പം സന്തോഷം നൽകാൻ കൂടി അങ്ങ് തയ്യാറായില്ല. വായനക്കാരുടെ കണ്ണുനീരിൽ എന്ത് ആനന്ദമാണ് അങ്ങ് കണ്ടിരുന്നത്. എങ്കിലും കുറേ കാലം കഴിഞ്ഞപ്പോൾ എനിക്കും മനസ്സിലായി ജീവിതം എന്നും സന്തോഷം പര്യവസായി ആയിരിക്കില്ല എന്ന്. എൻറെയും അനുഭവം എന്നെ അതു പഠിപ്പിച്ചു.

അങ്ങയുടെ മതിലുകളും, നീലവെളിച്ചവും (ഭാർഗവീനിലയം) സിനിമ ആക്കിയ വിവരം അങ്ങ് അറിഞ്ഞിരിക്കുമല്ലോ. ഏതെങ്കിലും സിനിമക്കാരിൽ നിന്നും അറിഞ്ഞിരിക്കുമല്ലോ. ഞങ്ങൾ ആ സിനിമകൾ ഹൃദയപൂർവ്വം സ്വീകരിച്ചു.

കുറെ കൂടി എഴുതണം എന്നുണ്ടായിരുന്നു പക്ഷേ സമയം കുറവായതിനാൽ നിർത്തുന്നു. സ്വർഗ്ഗത്തിൽ ഇപ്പോഴും അങ്ങ് കഥകൾ എഴുതാറുണ്ടെങ്കിൽ ഒരു കോപ്പി എനിക്കും അയച്ചുതരുക. ഇല്ലെങ്കിൽ പിന്നെ അവിടെ വച്ച് കാണാം. അങ്ങയുടെ ഒരു എളിയ ആരാധകൻ.
ശുഭം

Join WhatsApp News
Amarnath Iyer 2020-07-06 11:20:23
മതിലിനോളം ഉയരത്തിൽ മറ്റൊരു പ്രണയവും ഉയർന്നിട്ടില്ലെന്നു പറയാതെ പറഞ്ഞ ഒരു സുൽത്താൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക