Image

ചൈനയില്‍ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു: വീണ്ടും ആശങ്ക

Published on 06 July, 2020
ചൈനയില്‍ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു: വീണ്ടും ആശങ്ക

ബീജിങ്: ചൈനയിലെ ബായനോറില്‍ പ്ലേഗ് റിപ്പോര്‍ട്ട് ചെയ്‌തു. 14-ാം നൂറ്റാണ്ടില്‍ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. പ്ലേഗ് പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ലെവല്‍ III ജാഗ്രതാനിര്‍ദേശം നല്‍കിയതായി പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ചൈനയിലെ സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയയിലെ ബായന്നൂര്‍ സിറ്റിയിലെ ആശുപത്രിയിലാണ് പ്ലേഗ് സംശയിക്കുന്ന രോഗികളുള്ളത്. 


ഖോവ്ഡ് പ്രവിശ്യയില്‍ രോഗലക്ഷണങ്ങളുമായെത്തിയ രണ്ട് പേര്‍ക്ക് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചതായി ഷിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി ജൂലായ് ഒന്നിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുപത്തിയേഴുകാരനും സഹോദരനായ പതിനേഴുകാരനുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.


മൃഗങ്ങളില്‍ കാണപ്പെടുന്ന ചെള്ളുകളില്‍നിന്നാണ് ബ്യുബോണിക് പ്ലേഗ് പടരുന്നത്. കൃത്യമായി പാകം ചെയ്യാത്ത രോഗബാധയുള്ള ജീവിയുടെ മാസം കഴിക്കുന്നവരിലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. 


യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗബാധയുണ്ടായി 24 മണിക്കൂറിനകം രോഗിയുടെ മരണം സംഭവിക്കാമെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യുഎച്ച്‌ഒ)പറയുന്നു. 


14-ാം നൂറ്റാണ്ടില്‍ ഉണ്ടായ രേഖപ്പെടുത്തപ്പെട്ടവയില്‍ വെച്ചേറ്റവും ഭീകരമായ മഹാമാരിയായ 'കറുത്ത മരണം' ഈ പ്ലേഗ് ബാധയെ തുടര്‍ന്നാണ് പടര്‍ന്ന് പിടിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലായി അഞ്ച് കോടിയോളം ആളുകള്‍ പ്ലേഗ് ബാധമൂലം മരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക