ഫൊക്കാനക്ക് അണുനാശിനി പ്രയോഗം അനിവാര്യം: സുധാ കര്‍ത്ത

കൊറോണ വൈറസ്സ് ലോകത്തെ ബാധിച്ചത് ഈ വര്‍ഷം തുടക്കത്തിലാണെങ്കിലും, ഭിന്നിപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും വൈറസ് ഫൊക്കാനയെ ബാധിച്ചിട്ട് അഞ്ചാറ് വര്‍ഷത്തിലേറെയായി. സ്വാര്‍ത്ഥതയും ഭിന്നാഭിപ്രായ ഉന്മൂലനവും പരിലാളിക്കുന്ന ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം ഫൊക്കാനയുടെ ശക്തിയും പ്രാഭവവും ദിനം പ്രതി ശോഷിപ്പിക്കുന്നു.
പട്ടാളവും പോലീസും അധികാരവുമൊന്നുമില്ലാത്ത ഫൊക്കാനയില്‍ നിയന്ത്രണം കടുപ്പിക്കുവാന്‍ ഗ്രൂപ്പാധിപത്യത്തിന് ശ്രമിക്കുന്ന ഇവരെ അതിശയത്തോടെയാണ് അമേരിക്കന്‍ പ്രവാസികള്‍ നോക്കിക്കാണുന്നത്. അഞ്ച് ലക്ഷത്തോളം ഡോളറിലേറെ വരുന്ന ധന ശേഖരം അമേരിക്കന്‍ പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത് കണ്‍വന്‍ഷനുകളില്‍ ചിലവഴിച്ചിട്ടുണ്ട്. ഒരു ഓഡിറ്റഡ് കണക്ക് പോലും അവതരിപ്പിക്കുവാന്‍ ഈ ഗ്രൂപ്പ് കളിക്കാര്‍ തയ്യാറായിച്ചില്ല.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന ഫൊക്കാനയുടെ സ്ഥാപകര്‍ ഇന്ന് നിരാശരാണ്. പലരും പ്രായമായെങ്കിലും, അവര്‍ നട്ട ''പേര മരം', പിന്നീട് വന്ന പ്രവാസികള്‍ക്ക് ഫലവും, തണലും നല്‍കുമെന്നാണ് പ്രതീക്ഷിച്ചത്.
സ്വാര്‍ത്ഥത, അഹന്ത, ഫണ്ട് തിരിമറി എന്നിവയാണ് ഫൊക്കാന വൈറസ്സിനെ ത്രസിപ്പിക്കുന്ന പ്രലോഭനങ്ങള്‍. ഫൊക്കാനയുടെ ചരിത്രം പോലും അറിയാത്ത, ഒരു കണ്‍വന്‍ഷന് പോലും ജീവിതത്തില്‍ പങ്കെടുക്കാത്ത, ധനാഡ്യരാണ് ഈ ഗ്രൂപ്പിന്റെ പ്രധാന ഇര. ഇത്തരക്കാരുടെ മനസ്സിലെവിടെയോ ഒളിഞ്ഞു കിടക്കുന്ന സാമൂഹ്യ താല്‍പര്യങ്ങളെ ഉണര്‍ത്തി, അവരുടെ പണം ഉപയോഗിച്ച്, കുതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെയും, ഗ്രൂപ്പ് വളര്‍ത്തി, ഗ്രൂപ്പ് പിളര്‍ത്തി, സംഘടനയുടെ നിയന്ത്രണം നിലനിര്‍ത്തുകയാണ് ഇവരുടെ പ്രവര്‍ത്തന രീതി. ജീവിത കാലം മുഴുവന്‍ അദ്ധ്വാനിച്ച, നല്ലവരായ പല പ്രവാസി സംരഭകരും ഈ ഗ്രൂപ്പാളികളുടെ ഇരയായിട്ടുണ്ട്.
പുതിയ ട്രസ്റ്റി ബോര്‍ഡ് അധികാരമെടുത്തതിന് ശേഷം, എല്ലാ തീരുമാനങ്ങളും പക്ഷപാതപരമായാണ് എടുക്കുന്നത്. വളരെ നാളായി ഫൊക്കാനയെ അറിയാവുന്ന ചെയര്‍മാന്‍ ഏത് പ്രലോഭനത്തിന്റെ അടിസ്ഥാനത്തിലാണ് ഫൊക്കാനയെ വഞ്ചിച്ച്, ഈ വലയത്തിന്റെ വക്താവായി മാറിയത് എന്നത് അത്ഭുതപ്പെടുത്തുന്നു.
ഫൊക്കാനയുടെ പഴയ പ്രസിഡന്റുമാരില്‍ ചിലരോട് ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ട്രസ്റ്റി ബോര്‍ഡിന്റെ തീരുമാനങ്ങളോടും നയങ്ങളോടും യോജിക്കുന്നില്ലെന്നാണ് പറഞ്ഞത്. എങ്കില്‍ നുണ പ്രസ്താവനയാണ് പഴയ പ്രസിഡന്റ്മാരുടെ ഏകാഭിപ്രായമായി ട്രസ്റ്റി ബോര്‍ഡ് മാദ്ധ്യമങ്ങളില്‍ കൊടുത്തത്.
ഫൊക്കാനയുടെ അംഗത്വത്തിനായി അപേക്ഷിച്ച 16 സംഘടനകളില്‍ തങ്ങളുടെ ഗ്രൂപ്പിനെ അംഗീകരിക്കുന്ന 6 സംഘടനകളെ അംഗീകരിക്കുകയും തങ്ങളുടെ ഗ്രൂപ്പിന് പിന്തുണ കിട്ടാത്ത മറ്റ് സംഘടനകളെ പക്ഷപാതപരമായി നിരസ്സിക്കുകയുമാണ് ഈ ട്രസ്റ്റിബോര്‍ഡ് ചെയ്തത്.
ഇലക്ഷന്‍ കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ സ്വന്തം 'മൂടുതാങ്ങി' കളെ കമ്മീഷണര്‍മാരാക്കുകയാണ് ചെയ്തത്. അവരുടെ നിഷ്പക്ഷത്വവും അനുഭവ പരിചയമൊന്നുമായിരുന്നില്ല മാനദണ്ഡം, മറിച്ച് ഗ്രൂപ്പിനോടുള്ള വിധേയത്വം മാത്രം.
കഴിഞ്ഞ കണ്‍വന്‍ഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ദേശീയസമിതി നല്ലൊരു കണ്‍വന്‍ഷന്‍ നടത്തുവാന്‍ നിരവധി സജ്ജീകരണങ്ങള്‍ ഇതിനോടകം ചെയ്തുകഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ കോവിഡ് ലോക്ഡൗണ്‍ അനിശ്ചിതത്ത്വങ്ങള്‍ വിതറി. അവരില്‍ അര്‍പ്പിച്ച വിശ്വാസവും കടമയും നിറവേറ്റുവാന്‍, ഭംഗിയായി ഒരു കണ്‍വന്‍ഷന്‍ നടത്തുവാന്‍ അവസരം കൊടുക്കേണ്ടത് ഫൊക്കാനയുടെ ഉത്തരവാദിത്വമാണ്.
ഇതിനിടെ സെപ്റ്റംബറില്‍ പുതിയ ഇലക്ഷന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിറങ്ങിയ ട്രസ്റ്റി ബോര്‍ഡ്, സ്വന്തം ഗ്രൂപ്പുകാരെ പുറം വാതിലിലൂടെ ഫൊക്കാനയില്‍ പ്രതിഷ്ടിക്കുവാന്‍ ശ്രമിക്കുകയാണ്. നാഷണല്‍ കമ്മിറ്റിയാണ് ഇലക്ഷന്റെ സ്ഥലവും തിയ്യതിയും നിശ്ചയിക്കുന്നത്. ജനറല്‍ സെക്ടട്ടറിയാണ് ജനറല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടേണ്ടത്. ഭരണഘടനയുടെ യാതൊരു പിന്‍ബലവുമില്ലാതെയാണ്, ഇതിന് തികച്ചും വിരുദ്ധമായാണ്, ട്രസ്റ്റി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും.
ഈ ഗ്രൂപ്പാന്ധത പിടിപെട്ടവര്‍, സ്വന്തം സ്വാര്‍ത്ഥതക്കും, അഹന്തക്കും, അധികാര ഭ്രമത്തിനും, മടിശ്ശീലക്കും വേണ്ടി കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍, മലയാളി മനസ്സിനെ വ്രണപ്പെടുത്തുന്നു. 2006 ലെ ഫൊക്കാന പിളര്‍പിന് ശേഷം കരുതിക്കൂട്ടിയ ചുവടുവെയ്പ്പിലൂടെ, സംഘടനയുടെ നിയന്ത്രണം കൈക്കലാക്കുവാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരുടെ പ്രവര്‍ത്തികള്‍ അപഹാസ്യമാണ്, നിരുത്തരവാദപരമാണ്. ഇക്കൂട്ടര്‍ ഇനിയെങ്കിലും ഇതില്‍ നിന്നും പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ഫെഡറല്‍ സംവിധാനത്തില്‍ നികുതി ഒഴിവാക്കാന്‍ അനുവദിക്കുന്ന ഫൊക്കാന, നീതിപൂര്‍വമായ, വിവേചനമില്ലാത്ത, അംഗങ്ങള്‍ക്ക് തുല്യാവകാശം ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണ്. ഫൊക്കാനയുടെ പുരോഗതിയും യശസ്സിനെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന, കൂടുതല്‍ അപഹസിക്കപ്പെടുന്ന അവസ്ഥയില്‍ നിന്നും പരിരക്ഷിക്കുവാനുള്ള തിരിച്ചറിവും ഈ ഗ്രൂപ്പ് വക്താക്കള്‍ക്കു ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
.jpg)
Facebook Comments