Image

ഇടങ്ങളിലൂടെ.. (കവിത: പുഷ്പമ്മ ചാണ്ടി )

Published on 06 July, 2020
 ഇടങ്ങളിലൂടെ.. (കവിത: പുഷ്പമ്മ ചാണ്ടി )
എനിക്കായൊരിടം
നിന്റെ മനസ്സിൽ
എനിക്കു മാത്രമായൊരിടം..

എന്നെ നിന്നിൽ 
മറന്നുവച്ചയിടം,
നിന്നെ, എന്നിൽ
ചേർത്തുവച്ചയിടം...

തമ്മിലാദ്യമായ് 
കണ്ടുമുട്ടിയോരിടം 
കരവലയത്തിലൊതുങ്ങിയാദ്യ 
ചുബനമേറ്റു  പൂത്തുനിന്നോരിടം..

മഴയത്തോടിക്കേറി നനയാതെ നിന്നയിടം..
വെയിൽകൊണ്ട 
വിയർപ്പാറ്റി 
തളർച്ചമാറ്റാനിരുന്നയിടം...

നമുക്കായൊരു കുഞ്ഞു  കൂടാരമുയർന്നയിടം ...
കിളിക്കൊഞ്ചലിൻ സ്വപ്നം  സത്യമായ് ഭവിച്ചയിടം..

ദേശാടനക്കിളികൾ
നമുക്കു 
ചേക്കേറാൻ 
കാലം കല്പിച്ചു തന്ന 
മറ്റൊരിടം ..

ജീവിതത്തേരേറിപ്പോയ്
കണ്ടാസ്വദിച്ചനുഭവിച്ച
പലയിടങ്ങൾ..

വീണ്ടും 
ചേക്കേറിപ്പാർക്കാൻ കൊതിച്ചോരിടങ്ങൾ ..

പോകാനൊരിടമില്ലെന്നു കരുതേണ്ട;
ഇവിടെ, യെൻ്റെയിടത്തി- 
ലെപ്പോഴുമൊരിടമുണ്ടെന്നാശ്വസിപ്പിച്ചവർ,. 

ഈ മനസ്സിൽ 
നിനക്കിനിയിട-
മില്ലെന്നു ചൊന്നവർ..
 
മനസ്സിൽ, 
അറിയാതെ
കയറി
വന്നിടംപിടിച്ചു 
പോയവർ, 
മനസ്സിൽ നിന്നെന്നേ-
യ്ക്കുമായ് 
കുടിയൊഴിക്കപ്പെട്ടവർ...

ഇടമുണ്ടെന്നു 
വെറുതേ 
മോഹിപ്പിച്ചിട്ടിടം തരാതിരുന്നവർ ...

ഒരുനാളിലെന്നെ  
തനിച്ചാക്കി നീ
പോയ്മറഞ്ഞോരിടം...

സ്വർഗത്തിലൊരിടം,  
അതോ, നരകത്തിലോയിടം..? 
അവസാനമെല്ലാരു-
മെത്തുന്നിടം, 
നമുക്കു  മാത്രമായിട്ടൊരിടമുണ്ടോ, അവിടെ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക