Image

വീടില്ലാത്തവർ എവിടെയാണ് സുരക്ഷിതരായിരിക്കുക? (സഫി അലി താഹ)

Published on 05 July, 2020
വീടില്ലാത്തവർ എവിടെയാണ് സുരക്ഷിതരായിരിക്കുക? (സഫി അലി താഹ)
നിഴൽചില്ലകൾ ചിത്രം തീർത്തിരിക്കുന്ന പച്ചമണ്ണിലൂടെ അമ്മയുടെ കയ്യിൽപിടിച്ച് നടന്ന് പോകുമ്പോൾ അവന്റെ ഓർമ്മകൾക്ക് മേൽ വരണ്ട പൊടിമണ്ണ്
പറക്കുന്നുണ്ടായിരുന്നു.....

ഒരായിരം സ്വപ്നങ്ങൾക്ക് ചിറകുകൾ വെച്ചാണ് പുതിയ താമസയിടത്തിൽ അന്നൊരുച്ചയ്ക്ക് കയ്യിൽ കുറച്ച് സാധനങ്ങളുമായി വിയർത്തുകുളിച്ച് അവനും അമ്മയും ചെന്ന് കയറിയത് . രണ്ട് മുറിയും അടുക്കളയും ഊണുമുറിയും ചെറിയൊരു സ്വീകരണമുറിയും ചേർന്നൊരു കിളിക്കൂട്.....

അവൻ കൊണ്ട് വന്ന പുസ്തകങ്ങൾ ഊണുമുറിയോടു ചേർന്നുള്ള അലമാരയിൽ അടുക്കിവെച്ചു. പിറകിലേയ്ക്ക് മാറി ആ അലമാരയെ നോക്കുമ്പോൾ പുസ്തകങ്ങളുമായി അത് പ്രണയത്തിലായെന്നു തോന്നി. അല്ല,
അവൻ പ്രണയത്തിലാക്കി.വസ്ത്രങ്ങളും, മറ്റ് സാധനങ്ങളും മുറിയോട് ചേർന്നുള്ള അലമാരയിൽ സജ്ജീകരിച്ചു.ചെരുപ്പുകൾ സ്റ്റാൻഡിൽ സൂക്ഷിച്ചു.

കുറച്ച് ഇരുട്ട് തോന്നിക്കുന്ന ഊണുമുറിയിൽ അമ്മയുടെ പുഞ്ചിരിക്കുന്ന മുഖമുള്ളൊരു ചിത്രം കൊണ്ട് പ്രകാശം വിതറി. ആ ചിത്രം അമൂല്യമാണ്. ഉയരത്തിലേക്ക് നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ചിത്രം. അല്ലെങ്കിലും ഈ പുഞ്ചിരിയാണല്ലോ എന്നും ആ അമ്മയുടെ സഹയാത്രിക. !

ഒരു കുക്കറും ചായപ്പാത്രവും കാർട്ടൂണിൽ നിന്നുമവൻ പുറത്തു വെച്ചു. ചായപ്പാത്രത്തിൽ വെള്ളമെടുത്ത് ഗ്യാസിലേക്ക് വെച്ചു തിളപ്പിച്ചു തേയിലയുടെ ബാഗ് ഇട്ടു.എന്തൊരു സൗന്ദര്യമാണ് ഈ കട്ടൻ ചായയ്ക്ക്. കപ്പിൽ നിന്നുമുയർന്നു വരുന്ന പുക വല്ലാത്തൊരു അനുഭൂതിയായി നിറയുന്നു. കപ്പിലേക്ക് ചായ പകർന്നു കൊണ്ടവൻ ജനാല തുറന്നു. തീപ്പെട്ടികൂടുകൾ അടുക്കിവെച്ചത് പോലുള്ള വീടുകൾ അങ്ങുദൂരെ കാണുന്നുണ്ട്. ഇടയ്ക്കിടെ തലയുയർത്തി നിൽക്കുന്ന തെങ്ങുകൾ..... വിദൂരതയിൽ കായൽ പരപ്പിലൂടെ പാഞ്ഞു പോകുന്ന സ്പീഡ് ബോട്ടുകൾ.

ആദ്യമായാണ് മധുരമില്ലാത്ത ചായയ്ക്ക് ഇത്രയ്ക്കും രുചിയനുഭവപ്പെടുന്നത് എന്നവൻ അതിശയത്തോടെ ഓർത്തു.അമ്മയിടുന്ന ചായയുടെ അതേ സ്വാദ്. വല്ലാത്തൊരു സുഗന്ധം അന്നാദ്യമായി ആ ചായക്ക് പോലുമനുഭവപ്പെട്ടു. മധുരമില്ലായ്മയിലും രുചി കൂടുതലുള്ള ഈ കട്ടൻ പോലെയായിരുന്നു എന്നും. സ്നേഹമെന്ന ചേരുവ കൂട്ടി ചേർത്താണ് എല്ലാ ചേരുവകളും ചേർക്കാൻ കഴിയാത്ത കുറവ് അമ്മ പരിഹരിക്കുന്നത് . ആ രുചികൾ നാവിൽ വിരുന്ന് വരാൻ ഇന്ന് രുചിക്കൂട്ടുകളുടെ ധാരാളിത്തത്തിലും രസമുകുളങ്ങൾ അനുവദിക്കുന്നില്ല. അന്ന് സ്നേഹത്തിന് പുറമെ കഷ്ടതയുടെ കണ്ണുനീരുപ്പും കൂടി താനറിയാതെ അമ്മ ചേർത്തിരുന്നു എന്നവന് തോന്നി.

നഷ്ടങ്ങളാണല്ലോ എന്നും ഓർമ്മകളെ ചേർത്തു പിടിക്കുന്നത്. കഷ്ടതയുടെ നഷ്ടങ്ങൾ അവൻ മുറിയിലേക്ക് പാളിനോക്കി പുഞ്ചിരിച്ചു. ആദ്യമായാണ് അമ്മ ഇത്രയും സ്വച്ഛമായി ഉറങ്ങുന്നത്. കപ്പിലെ ചായ തണുത്തിരിക്കുന്നു. കാലുകളിൽ നിന്നരിച്ചു കയറുന്ന സമാധാനത്തിന്റ കുളിർമ്മയവനറിഞ്ഞു. ആഗ്രഹങ്ങളുടെ മടിത്തട്ടിൽ ഒരു ശിശുവിനെ പോലെ ഉറങ്ങട്ടെ എന്നോർത്തുകൊണ്ട്
പുകയൂതി ചൂടാറ്റിയ ചായ ആസ്വദിച്ചു കുടിച്ചു കൊണ്ട് അലസമായൊഴുകുന്ന ജാലക കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ചു.

വിശാലമായ സ്വപ്‌നങ്ങൾ കാണുവാൻ തന്നെ പഠിപ്പിച്ചത് അമ്മയായിരുന്നു. ദാരിദ്ര്യത്തിന്റെ ഇരുണ്ടമൂലകളിൽ കൂനികൂടിയിരുന്ന സ്വപ്നങ്ങളെ ആകാശത്തോളം പാറിപറക്കാൻ സ്നേഹവും ആത്മവിശ്വാസവും വയറു നിറയെ തന്ന അമ്മയെ സ്നേഹത്തോടെ നോക്കി . കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചയാണ് അമ്മയെന്നവന് എന്നും തോന്നാറുണ്ട്. കണ്ണിനാനന്ദകരമായ കാഴ്ചകൾ കുറവായവനും കൂടുതലായവനും ഏറ്റവും കൂടുതൽ സന്തോഷിക്കുക അമ്മയെ കാണുമ്പോഴായിരിക്കും. അങ്ങ് ദൂരെ തന്നെ നോക്കി കണ്ണുചിമ്മി ചിരിക്കുന്ന നക്ഷത്ര വിളക്കുകൾക്ക് പോലും അമ്മയുടെ സാന്ത്വനത്തിന്റെ പ്രകാശമുണ്ട്.

ജോലിക്കായി നഗരത്തിൽ നിന്നും അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നപ്പോൾ അമ്മ ഒറ്റയ്ക്കാകും എന്നതായിരുന്നു അവനെ അലട്ടിയത് ഭാഗ്യത്തിന് ഒരു ചെറിയ വീടുകിട്ടിയപ്പോൾ അമ്മയെയും കൊണ്ട് പോയി. കാണാത്ത നഗരകാഴ്ചകളിൽ അവന്റെ കൈപിടിച്ചുകൊണ്ട് അമ്മ കൊച്ചുകുഞ്ഞിനെപോലെ സന്തോഷിച്ചു. പ്രകാശം ചൊരിയുന്ന ഫ്‌ളാറ്റുകളെ നോക്കി അവനോട് അമ്മയെപ്പോഴും പറയും "നമുക്കും വാങ്ങണം ഒരു മുറിയെങ്കിലും "ഓരോ മാസത്തേയും ശമ്പളം അമ്മയെ ഏൽപ്പിക്കുമ്പോൾ ലുബ്ധിച്ച് ചെലവാക്കി ആകാശ വീട് സ്വന്തമാക്കാൻ അമ്മ പൈസ സ്വരൂപിച്ചു തുടങ്ങി.

ബാങ്കിൽ നിന്നും ലോൺ കൂടി എടുത്ത് അമ്മയുടെ ആഗ്രഹം സഫലമാക്കാൻ അവന് കഴിഞ്ഞു. ഉത്സവ തിരക്കിനിടയിൽ കണ്ട കളിപ്പാട്ടം കിട്ടുമ്പോൾ കുട്ടികളുടെ കണ്ണുകളിലെ കൗതുകം പോലെയോ ഏറ്റവും ആഴത്തിൽ ദുഃഖം ഘനീഭവിച്ചു പുറത്തേക്കൊഴുകുന്നത് സന്തോഷമാണെന്നോ ഒക്കെ അമ്മയുടെ സന്തോഷം കണ്ടപ്പോൾ തോന്നിപ്പോയി.

നഗരകാഴ്ചകൾ ആസ്വദിച്ചു നീങ്ങുമ്പോഴും ജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ തപ്പി തെരുവോരങ്ങളിൽ ജീവിക്കുന്ന ഒരുപാട്പേരെ ആ ദിവസങ്ങളിൽ അമ്മ കണ്ടിരുന്നു.

" ചായങ്ങൾ കൊണ്ട് ചുണ്ട് ചുവപ്പിക്കുന്നത് അവരുടെ വിതുമ്പുന്ന ചുണ്ടുകൾ കാണാതിരിക്കാനാണെന്നും മുല്ലമാലകൾ അവരുടെ നെഞ്ച് പൊള്ളുന്ന വേവിന്റെ ഗന്ധം അറിയാതിരിക്കാനുമാണെന്നും "
അമ്മ അവനോട് പറഞ്ഞുകൊടുത്തിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പിൻവിളികൾ മുഴങ്ങികേൾക്കുന്നതിന് മനസ്സ് കൊടുക്കാതെ അവന് മുന്നോട്ടു നടന്നകന്നകലാൻ കഴിഞ്ഞിരുന്നു . ആ പിൻവിളികൾക്ക് ആരെങ്കിലുമൊക്കെ കാത് കൊടുക്കുന്നത് കൊണ്ടാകും ദിനം പ്രതി പെൺകുഞ്ഞുങ്ങൾ വീടുകളിൽ നിന്നും അപ്രത്യക്ഷമായി തെരുവോരങ്ങളിൽ നിശാശലഭമായി പുനർജനിക്കുന്നത്. വിദൂരതയിലേക്ക് പായുന്ന ചിന്തകളെയവൻ ചങ്ങലയ്ക്കിട്ടു.

അകലെ വളരെ ഭംഗിയിൽ ഉയർന്നുനിൽക്കുന്ന ഫ്ലാറ്റുകൾ. ഗുളികസ്ട്രിപ്പിന്റെ ഓരോ കള്ളികളും പോലെ അവ തോന്നിപ്പിച്ചു. എത്രയെത്ര ജീവിതങ്ങളാണ്, പ്രതീക്ഷകളാണ് അവിടെയുള്ളത്. ഒറ്റ കെട്ടിടത്തിൽ അപരിചിതരെപോലെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ ഒരുമിച്ച് വസിക്കുന്നിടങ്ങൾ. ക്രിസ്ത്യനും മുസ്ലിമും, ഹിന്ദുവും തുടങ്ങി നാനാ ജാതിയിലുള്ളവർ ഒറ്റ അടിസ്ഥാനത്തിനു മുകളിൽ താമസിക്കുമ്പോഴും ജാതിയുടെയും മതത്തിന്റെയും വർഗ്ഗീയതയുടെയും വാളുകൾ കൊണ്ട് നിരത്തുകളിൽ പൊടിയുന്ന ജീവനുകൾ..... പുച്ഛത്തോടെ അവൻ ആലോചിച്ചു ചുവന്ന രക്തവും ഒരേ അവയവങ്ങളുമുള്ള മനുഷ്യർക്ക് എന്ത് കൊണ്ടാകാം ചിന്തകളിൽ മാത്രം വിഭാഗീയത.?

അന്നത്തെ ദിനമോർത്തപ്പോൾ മനസ്സിൽ തണുപ്പ് നിറഞ്ഞു. നടത്തം വേഗത്തിലായി. നിഴൽ ചില്ലകൾ വെയിൽ ചില്ലകളായിരിക്കുന്നു.

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ സന്തോഷങ്ങൾ മാത്രമുള്ള ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയ ദിവസങ്ങൾ.തലേന്ന് മാർക്കറ്റിൽ നിന്നും വാങ്ങിയ, മുരിങ്ങക്ക കൊണ്ടുള്ള തീയലും, ചക്ക കൊണ്ടുള്ള എരിശ്ശേരിയുമൊക്കെ ആസ്വദിച്ചു കഴിക്കണമെന്നു ചിന്തിച്ചു കൊണ്ടാണ് വിഭിന്നമായ ചിന്തകളെയും വഹിച്ചുകൊണ്ട് പായുന്ന കെ എസ് ആർ ടി സി യുടെ ജനാലയ്ക്കരികെയുള്ള സീറ്റിൽ അന്ന് സ്ഥാനം പിടിച്ചത്.

ചൂടുള്ള വാർത്തകൾ വിൽക്കുന്ന പത്രക്കാരൻ പയ്യന് പൈസ കൊടുത്തു പത്രം വാങ്ങി ആദ്യത്തെ തലക്കെട്ട് വായിക്കുമ്പോൾ തലകറങ്ങി. സ്വന്തം കിടപ്പാടം നഷ്ടമാകുന്നവന്റെ വേദന മാത്രമല്ല, എത്രപേരുടെ കിടപ്പാടം നഷ്ടമാകുന്നു എന്ന ചിന്തയും കൂടിയാണ് ആ അവസരത്തിലും അവനെ തളർത്തിയത്.

വിധി ഉറപ്പായി ആരാച്ചാരെയും കാത്തിരിക്കുന്ന ആകാശ വീടുകളിൽ ഒന്നായ തന്റെ കിളിക്കൂട്ടിൽ എത്തുമ്പോൾ അമ്മയെല്ലാം വിളമ്പി
വെച്ചിട്ടുണ്ടായിരുന്നു. ഏറെ കൊതിച്ച ആഹാരങ്ങൾക്കൊക്കെയും മരണവീട്ടിലെ ഗന്ധമനുഭവപ്പെട്ടു.

സന്തോഷമുള്ളപ്പോൾ ഏത് ഗന്ധവും സുഗന്ധമാകും എന്ന് ആരോ പറഞ്ഞതവൻ ഓർമ്മിച്ചെടുത്തു.ഏതോ കനൽകൂനയിൽ ചവിട്ടുന്നത് പോലെ അവന്റെ പാദം പൊള്ളുന്നതവനറിഞ്ഞു.

വളരെ വേഗത്തിൽ തന്നെ കുടിയൊഴിപ്പിക്കൽ മുറപോലെ നടന്നു. പിറന്ന നാട്ടിലേയ്ക്ക് വണ്ടി കയറുമ്പോഴും അമ്മ പറയുന്നുണ്ടായിരുന്നു "പൂജ ചെയ്യാതെ അവിടെ താമസം തുടങ്ങിയത് കൊണ്ടാണെന്ന്. അമ്മയ്ക്കറിയില്ലല്ലോ സ്വാർത്ഥ ലാഭത്തിനു വേണ്ടി അധികാരികൾ സമ്മതം മൂളി കെട്ടിയുണ്ടാക്കിയ ആകാശ കോട്ടയാണിതെന്ന്. ഒരുപാട് പേരുടെ മോഹകൊട്ടാരങ്ങൾ ആണ്‌ ഭസ്മമാകാൻ പോകുന്നതെന്ന്.അതൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് അമ്മയത് കേട്ടത്. ഈയമുരുക്കി ഒഴിക്കുന്ന വേദന ഉണ്ടായിട്ടുണ്ടാകുമെന്ന് ആ മുഖം കണ്ടാൽ മനസ്സിലാകും. എന്നിട്ടും അമ്മ ചിരിയുടെ കുപ്പായമെടുത്തണിഞ്ഞെങ്കിലും പഴയ പോലെ ഭംഗിയായില്ല. അവിടവിടെ വേദനയുടെ പാടുകൾ ആ കുപ്പായത്തെ വികൃതമാക്കിയിരുന്നു.

"ആകെയുണ്ടായിരുന്ന സമ്പാദ്യമായ അഞ്ചു സെന്റ് വിൽക്കാതിരുന്നത് ഭാഗ്യമായി അവിടെയൊരു കൂര കെട്ടാമെന്നു പറഞ്ഞെന്നെ സമാധാനിപ്പിക്കുമ്പോഴും "ആ ചിരി അമ്മയുടെ ചുണ്ടുകളിൽ മറഞ്ഞിരുന്നില്ല.....

ബാങ്ക് ലോൺ അപ്പോഴും ഉള്ളിൽ കോറി ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. രക്തം കിനിഞ്ഞിറങ്ങിയ വേദന അനുഭവിക്കുമ്പോഴും അമ്മയ്ക്കൊപ്പം ചിരിക്കാൻ അവൻ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു.
-------------
വസ്തുവിൽ ആകെയുള്ള മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഇപ്പോൾ അവന്റെ കയ്യിലാകെയുള്ള വിലപിടിപ്പുള്ള വസ്തുവായ മൊബൈലിൽ തോണ്ടി നിൽക്കുമ്പോഴാണ് ഒരു സന്ദേശം കണ്ണിൽപ്പെട്ടത്.

'രാജ്യം ലോക്ക് ഡൗണിലേയ്ക്ക് '
എല്ലാവരും വീടുകളിൽ സുരക്ഷിതരായിരിക്കുക....."

ആകാശവീട്ടിൽ നിന്നും ആകാശം കാണുന്ന വീട്ടിലേയ്ക്കുള്ള മാറ്റം എത്ര പെട്ടെന്നായിരുന്നു. വീടില്ലാത്തവർ എവിടെയാണ് സുരക്ഷിതരായിരിക്കുക? അവന്റെ മനസ്സിലുയരുന്ന ചോദ്യത്തെ അവൻ അവഗണിച്ചു. സുരക്ഷിതമായ വീട് ഇല്ലാത്തവരുടെയും പറയാൻ പേരിന് പോലും വീടില്ലാത്തവരുടെയും അവസ്ഥയോർത്ത് ഒരു ദീർഘനിശ്വാസത്തോടെ അവന്റെ കൂരയിലേയ്ക്ക് നടക്കുമ്പോൾ അമ്മയുടെ ചിരിയുടെ കുപ്പായമെടുത്തണിയാൻ അവനുമന്നാദ്യമായി കഴിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക