Image

കോവിഡ് അപ്പോഴും അവിടെ തന്നെയുണ്ട് (ഷിബു ഗോപാലകൃഷ്ണൻ)

Published on 05 July, 2020
കോവിഡ് അപ്പോഴും അവിടെ തന്നെയുണ്ട് (ഷിബു ഗോപാലകൃഷ്ണൻ)
ഈ ആഴ്ച നാലുതവണയാണ് അമേരിക്ക സ്വന്തം റെക്കോർഡ് തിരുത്തി എഴുതിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 55,000 ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആഴ്ചകൾക്കുള്ളിൽ അത് ഒരു ലക്ഷത്തിലേക്ക് മാറുമെന്ന മുന്നറിയിപ്പുകൾ ശക്തമാണ്.

ഇന്ത്യയും 25,000 വും കടന്നു ദിനംപ്രതി റെക്കോർഡുകൾ തിരുത്തി എഴുതുകയാണ്. റഷ്യയെ മലർത്തിയടിച്ചു മൂന്നാംസ്ഥാനം പിടിക്കാൻ പോകുന്നു.
കേരളത്തിലും സമ്പർക്കത്തിലൂടെയുള്ള കേസുകളുടെ എണ്ണം ഉയരുകയാണ്. ഇന്നുമാത്രം 38 കേസുകളാണ് പോസിറ്റീവായത്. കഴിഞ്ഞ 5 ദിവസം കൊണ്ടുമാത്രം നൂറിലധികം സമ്പർക്കക്കേസുകൾ.

രണ്ടുകാര്യങ്ങൾ ഉറപ്പാണ്.
ഇപ്പോൾ ആറുമാസം പിന്നിടുന്നു, ഇനിയൊരു ആറുമാസം കൂടി കോവിഡ് അജയ്യനായി തുടരുക തന്നെ ചെയ്യും. വാക്സിൻ എന്നത് ഡിസംബറിനു മുൻപ് യാഥാർഥ്യമാകുമെന്നു സാമാന്യബോധമുള്ള ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കുന്നില്ല. മാർച്ചു മാസത്തിൽ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ച വാക്സിനുകൾ പോലും അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതേ ഉള്ളൂ.
പഴയതു പോലെ ഒരു ലോക്ക്ഡൗണും നമ്മളെ സഹായിക്കാനെത്തില്ല.

അടച്ചുപൂട്ടിയിരുന്നു കോവിഡിനെ തുരത്താമെന്നത് ലോകം ഉപേക്ഷിച്ചുകഴിഞ്ഞ ഉപായമാണ്. അപ്പോൾ ആറുമാസം കൂടി കോവിഡിനൊപ്പം, എന്നാൽ പിടികൊടുക്കാതെ സമർത്ഥമായും സ്മാർട്ടായും നമുക്ക് ജീവിക്കേണ്ടിവരും.
ഹോട്ട് സ്പോട്ടുകൾ ഒക്കെ പ്രഖ്യാപിക്കുന്നത് കോവിഡിനെ തുരത്താനാണെന്ന് നമുക്കൊരു വിചാരമുണ്ട്. അല്ല, വ്യാപനം തടയാനും പെട്ടെന്ന് ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു പരമാവധി എത്താതെയിരിക്കാനുമുള്ള ഒരു നീട്ടിവയ്ക്കൽ മാത്രമാണത്. കോവിഡ് അപ്പോഴും അവിടെ തന്നെയുണ്ട്. നാളെ എന്താകണമെന്നുള്ളത് അവിടുത്തെ ജനങ്ങളുടെ കൈകളിലാണ്, മാസ്കുകളിലാണ്.
അടുത്തു നിൽക്കുന്ന ആളിൽ നിന്നും എനിക്ക് കോവിഡ് കിട്ടരുത് എന്നുള്ള ആത്മസുരക്ഷ മാത്രമാണ് പോംവഴി, അവനവനാത്മ സുരക്ഷയ്ക്കാചരിക്കുന്നവ അപരന്നുസുരക്ഷയായ് വരേണ്ടുന്ന ആറുമാസങ്ങളാണ് നമുക്കു മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക