Image

വികസനത്തിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി ഇ.ചന്ദ്രശേഖരന്‍

Published on 05 July, 2020
വികസനത്തിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി ഇ.ചന്ദ്രശേഖരന്‍
കാസര്‍ഗോഡ്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ വിമര്‍ശിച്ച് മന്ത്രി ഇ.ചന്ദ്രശേഖരന്‍. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം പരിധിയിലെ വിവിധ വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രൂക്ഷമായി പ്രതികരിച്ചത്.  ഭൂരിപക്ഷം ഉദ്യോഗസ്ഥരും ആത്മാര്‍ഥമായി ജോലി ചെയ്യുമ്പോള്‍ ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കുന്ന അപൂര്‍വം ചിലരുണ്ട്. ഇവര്‍ കാണിക്കുന്ന അനാസ്ഥ വച്ചു പൊറുപ്പിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുവദിച്ച പല പദ്ധതികളും ഇനിയും ആരംഭിക്കാത്തത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലമാണ്.

സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന വിവിധ വികസന പദ്ധതികള്‍ ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ചും തയാറാക്കുന്നതാണ്. എംഎല്‍എ ഫണ്ടിലും ബജറ്റിലും മറ്റു വിവിധ പദ്ധതികളുമായി തുക അനുവദിക്കുമ്പോള്‍ അത് നടപ്പില്‍ വരുത്താതെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കംവയ്ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. വെള്ളപ്പൊക്ക കെടുതി പരിഹരിക്കുന്നതിന് അനുവദിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് 2021 മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കിയതായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക