Image

എറണാകുളത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചന

Published on 05 July, 2020
എറണാകുളത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചന
കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ.    നിയന്ത്രണം കര്‍ശനമാക്കിയില്ലെങ്കില്‍ സമൂഹവ്യാപനം ഉണ്ടാകും എന്നതിനാലാണ് അടിയന്തര നടപടി. കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ ഉറവിടമറിയാത്ത രോഗികളും ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട ഒട്ടേറെ ആളുകളുമുണ്ടെന്ന് സാഖറെ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

പക്ഷേ, ജനത്തിന്റെ ഭാഗത്തു നിന്നു ജാഗ്രതയില്‍ കുറവു വന്നു. നടപടിയുണ്ടായില്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകാം. ഇന്നലെ രാവിലെ മുതല്‍  നഗരത്തില്‍ പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. ലോക്ഡൗണ്‍ നാളുകളിലേതുപോലെ പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നു. എംജി റോഡില്‍ ഇന്നലെ ഒരുവരി ഗതാഗതം ഏര്‍പ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുന്നുണ്ട്.

മാസ്ക് ധരിക്കാത്തവരുടെ പേരിലുള്ള കേസുകളുടെ എണ്ണം വര്‍ധിച്ചു. സാമൂഹിക അകലം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ പൊലീസ് താല്‍ക്കാലികമായി അടപ്പിച്ചു. മാസ്ക് ധരിക്കാത്തതിന് 517 പേര്‍ക്കും സാമൂഹിക അകലം പാലിക്കാത്തതിനു 179 പേര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. 50 കടകള്‍ അടപ്പിച്ചു. വൈകിട്ട് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ എംജി റോഡ് ജോസ് ജംക്ഷന്‍ പരിസരത്ത് പരിശോധന നടത്തി. റൂറലില്‍ 10 പേരെ അറസ്റ്റ് ചെയ്തു. പള്ളുരുത്തി, കാളമുക്ക് മത്സ്യ മാര്‍ക്കറ്റുകളില്‍ പൊലീസ് പരിശോധന നടത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക