Image

ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ച സംഭവം; മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published on 04 July, 2020
ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ച സംഭവം; മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ പട്ടാപ്പകല്‍ ഭര്‍ത്താവും ഭര്‍തൃമാതാവും മാത്രമുള്ളപ്പോള്‍ യുവതി മരിച്ച സംഭവത്തില്‍ വിഴിഞ്ഞം പൊലീസിന്റെ അന്വേഷണം ഇഴയുകയാണന്നാരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പരാതി നല്‍കി. ബാലരാമപുരം ഐത്തിയൂര്‍ കരയ്ക്കാട്ടുവിള ഷംന മന്‍സിലില്‍ എ.ഷാജഹാന്റെ മകള്‍ ഷഹാനയെയാണ് കഴിഞ്ഞ മാസം 5 ന് വിഴിഞ്ഞം ഉച്ചക്കടയിലുള്ള ഭര്‍ത്താവ് ഷഫീക്കിന്റെ വീട്ടില്‍ ഉച്ചയ്ക്ക് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവ ദിവസം ഒരു മണിക്ക് ഫോണില്‍ പിതാവ് ഷാജഹാനോട് ഉടനെ ബാലരാമപുരത്തെ വീട്ടിലേക്ക് വരികയാണെന്ന് മകള്‍ അറിയിച്ചിരുന്നു. ഇതിന് അരമണിക്കൂറിനു ശേഷം ഭര്‍ത്താവിന്റെ അമ്മ ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് ഷഹാനയുടെ വീട്ടില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ മകളുടെ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതിനിടയില്‍ വീട്ടില്‍ എന്ത് സംഭവിച്ചുവെന്ന കാര്യം ലോക്കല്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഒന്നര വയസ്സുള്ള ഒരു മകനും ഉണ്ട്. സംഭവത്തിന് ശേഷം ഭാര്യാ വീട്ടുകാരുമായി ഷഫീക്ക് ബന്ധപ്പെടുകയോ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് മകളെ ഉപദ്രവിക്കുമായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന കാര്യം ഇരുവരുടെയും വീട്ടില്‍ അറിവുള്ളതാണ്. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നുവത്രെ.

വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ മകള്‍ ഡയറിയില്‍ കുറിക്കുന്ന പതിവുണ്ടെന്നും ഇപ്പോള്‍ അത് കാണാനില്ലെന്നും പറയുന്നു. ഡയറിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയോ ഭര്‍ത്താവിനെയോ ബന്ധുക്കളെയോ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഷഫീക്ക് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണം ഇഴയുന്നതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക