Image

നാടിന്റെ കരുതലില്‍ എന്നും അമേരിക്കന്‍ മലയാളികള്‍ (ശ്രീനി)

Published on 04 July, 2020
നാടിന്റെ കരുതലില്‍ എന്നും അമേരിക്കന്‍ മലയാളികള്‍ (ശ്രീനി)
സ്വന്തം വീട്ടില്‍ കറണ്ടുപോകുമ്പോള്‍ വേഗം നാം അയല്‍പക്കത്തേക്കു നോക്കും. അവിടെയും കറണ്ടില്ലെങ്കില്‍ എന്തോ വലിയ ആശ്വാസമാണ്. ഇന്ത്യയില്‍ ആദ്യമായി, കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ പലരും അമേരിക്കയിലേക്കു നോക്കി. അപ്പോള്‍ രോഗവ്യാപന നിരക്കില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് മുന്നേറുകയായിരുന്നു. ലോക പോലീസായ അമേരിക്ക കോവിഡില്‍ വിറച്ചപ്പോള്‍ സാമ്രാജ്യ വിരുദ്ധം പ്രസംഗിക്കുന്നവര്‍ക്ക് ആശ്വാസം ഉണ്ടായിരിക്കണം. ഇത് ഇന്നത്തെ സാഹചര്യത്തില്‍ ക്രൂരമായ മനോഭാവമാണ്. പക്ഷേ, പല മലയാളികളും ഇത്തരം ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ നമ്മുടെ സഹോദരീസഹോദരങ്ങളായ അമേരിക്കന്‍ മലയാളികളില്‍ കോവിഡ് 19 സ്ഥിരീകരിക്കുമ്പോഴും പലരും മരണത്തിന് കീഴടങ്ങിയപ്പോഴും കേരളത്തിലുള്ളവര്‍ മനസു കൊണ്ടു വേദനിച്ചു എന്നുള്ളത് സത്യമാണ്. കാരണം ബന്ധുക്കളായോ മിത്രങ്ങളായോ അമേരിക്കന്‍ മലയാളികള്‍ തങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. മാത്രമല്ല, പലരും അമേരിക്കന്‍ മലയാളികളുടെ നിസ്സീമമായ സഹായ സഹകരണം ലഭിച്ചിട്ടുള്ളവരുമാണ്. അത്തരത്തില്‍ ഹൃദയംകൊണ്ട് ഇഴയടുപ്പമുള്ളവര്‍ നൂറ്റാണ്ടു കണ്ട ഈ മഹാമാരിയുടെ ഇരകളാകുമ്പോള്‍ സങ്കടമുണ്ടാവുക സ്വാഭാവികം.

ലോക്ക്ഡൗണിനെ തുടര്‍ന്ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളുണ്ട്. ഫ്‌ളൈറ്റ് കിട്ടാതെ തങ്ങളുടെ കര്‍മ്മഭൂമിയിലേക്ക് മടങ്ങാന്‍ കഴിയാതെ കേരളത്തില്‍ കഴിയുന്ന മലയാളികളും നിരവധിയാണ്. ജൂലായ് ഒന്നാം തീയതി വന്ദേ ഭാരത് മിഷന്റെ ഭാഗമായി ചിക്കാഗോയില്‍ നിന്ന് 300 പേരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ 170 മലയാളികള്‍ ഉണ്ടായിരുന്നു. വിസാ കാലാവധി അവസാനിച്ചവരും വൃദ്ധരും സ്ത്രീകളും കുട്ടികളും ഈ സംഘത്തിലുണ്ടായിരുന്നു. നാട്ടിലേക്കുള്ള വിമാനം കാത്ത് നാലു മാസത്തോളം അമേരിക്കയില്‍ പെട്ടു പോയ ഇവര്‍ക്ക് നാടണയാന്‍ ഭാഗ്യമുണ്ടായത് നല്ലവരായ അമേരിക്കന്‍ മലയാളികളുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ്.

ഫോമാ സെന്‍ട്രല്‍ ടാസ്ക്ക് ഫോഴ്‌സ്,  സന്നദ്ധസേവന കൂട്ടായ്മയായ "കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ശ്രമഫലമായാണ് അവര്‍ക്കെല്ലാം കേരളത്തിലെത്താന്‍ കഴിഞ്ഞത്. ഇനിയും നൂറുകണക്കിന് മലയാളികള്‍ നാട്ടിലേക്കുള്ള വരവിനായി കാത്തിരിക്കുന്നു. അവര്‍ക്കുള്ള സഹായങ്ങള്‍ വിവിധ അമേരിക്കന്‍ മലയാളി സംഘടനകള്‍, ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി ലഭ്യമാക്കുമെന്ന് ഉറപ്പാണ്.

ന്യൂയോര്‍ക്കിലും മറ്റും കോവിഡ് വന്‍തോതില്‍ വ്യാപിക്കുമ്പോള്‍ നാട്ടിലുള്ളവരുടെ മനസ്സും പിടയുന്നുണ്ടായിരുന്നു.  ഓരോ മരണവാര്‍ത്തയും പുറത്തുവരുമ്പോള്‍ ആശങ്ക ആകാശത്തോളം ഉയര്‍ന്നു. തങ്ങളെയോര്‍ത്ത് കേരളത്തിലുള്ളവര്‍ വിഷമിക്കുന്നത് അമേരിക്കന്‍ മലയാളികളിലും കടുത്ത മനോവേദനയുണ്ടാക്കി. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ ആനുകൂല്യം ഏഴുകടലുകളും ഭൂഖണ്ഡങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കി. അമേരിക്കയിലും നാട്ടിലുമുള്ളവര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ലോകത്തിന്റെ രണ്ട് അറ്റങ്ങളില്‍ ഇരുന്നുകൊണ്ട് പരസ്പരം വിളിക്കാനും കണ്ട് സംസാരിക്കാനും കഴിയുന്നത് രോഗത്തിന്റെ ശാരീരിക വേദനയും മാനസിക വിഷമങ്ങളും വലിയ തോതില്‍ അകറ്റാന്‍ കഴിഞ്ഞു.

സൂം വീഡിയോ മീറ്റിംഗുകളുടെയും കോണ്‍ഫറന്‍സുകളുടെയും പ്രവാഹം അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബന്ധുമിത്രാദികളെപ്പോലെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ വിവിധ വിഷയങ്ങളില്‍ അമേരിക്കന്‍ മലയാളികളുമായി സംവദിച്ചു. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്നതിനും രോഗക്കടലില്‍ അകപ്പെട്ടവര്‍ക്ക് കരുത്തു പകരാനും ഇത്തരം മീറ്റിംഗുകള്‍ക്ക് സാധിക്കുന്നു.

വിവിധ സാമുദായിക, മതസംഘടനകള്‍ കേരളത്തിലുള്ള മതമേലദ്ധ്യക്ഷന്മാരുമായും സംവാദം നടത്തുകയും ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ചെയ്തു.  ഈ പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ അതിജീവനത്തിന് കരുത്തു പകരുന്നതായിരുന്നു. ഭൗതികമായ സുഖലോലുപതയുടെ പരിമിതികള്‍ എന്തെന്ന തിരിച്ചറിവുകള്‍ ഈ കോവിഡ് കാലം നമുക്ക് സമ്മാനിച്ചു. അതിനാല്‍ ആത്മീയതയിലൂടെ ബലം നേടാന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്ക് കഴിഞ്ഞുവെന്നതില്‍ തര്‍ക്കമില്ല.

അമേരിക്കയിലെത്തുക എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. എന്നാല്‍ കോവിഡ് വ്യാപനത്തില്‍ ലോകത്ത്   അമേരിക്ക ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ആ സ്വപ്നം കാണല്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. ഇപ്പോള്‍ നിന്ന നില്പില്‍ വിസ കിട്ടിയാല്‍ പലരും അമേരിക്കയിലേക്കു വരാന്‍ ഒന്നു മടിക്കും എന്നതാണ് അവസ്ഥ. അതേസമയം, വിസ പ്രോസസ്സിങ് നിര്‍ത്തിവച്ചിരിക്കുന്നു എന്നത് മറ്റൊരു കാര്യം. എങ്കിലും അമേരിക്ക സ്വപ്നഭൂമിക തന്നെ. അതിനാല്‍ ആ രാജ്യം കടുത്ത കോവിഡ് ഭീഷണി നേരിടുന്നതില്‍ നമുക്ക് പ്രയാസവും ഉണ്ട്.

പ്രതിസന്ധി കാലഘട്ടങ്ങളില്‍ പ്രത്യാശയുടെ കരുതലുമായാണ് അമേരിക്കന്‍ മലയാളികള്‍ നാട്ടിലുള്ള തങ്ങളുടെ ബന്ധു മിത്രാദികളെ സമീപിക്കുന്നത്. വ്യക്തികളും പ്രസ്ഥാനങ്ങളുമായി ജീവികാരുണ്യ പ്രവര്‍ത്തനത്തിന്റെ വലിയ ശൃംഘല തന്നെ അവര്‍ നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും മറ്റും തങ്ങള്‍ ജോലി ചെയ്ത് സ്വരൂപിക്കുന്ന സമ്പാദ്യത്തിന്റെ ഒരംശം നാട്ടിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും മനസ്സറിഞ്ഞ് നല്‍കുക വഴി ഉദാത്തമായ പ്രവര്‍ത്തനങ്ങളുടെ അംബാസഡര്‍മാരായിരിക്കുകയാണ് അമേരിക്കന്‍ മലയാളികള്‍. കോവിഡ് ഭീതിയില്‍ അവര്‍ ജീവിക്കുമ്പോള്‍ നാട്ടിലുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്നത് ആത്മവിശ്വാസം പകരുന്ന വാക്കുകളും സ്‌നേഹാദരങ്ങളോടെയുള്ള പെരുമാറ്റവും മനസുതുറന്നുള്ള പ്രാര്‍ത്ഥനയുമാണ്.

നാളെ ഈ വൈറസ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായേക്കാം. അല്ലെങ്കില്‍ ഇനിയുള്ള കാലം മാനവരാശിക്ക് കോവിഡ് 19നൊപ്പം കരുതലോടെ ജീവിക്കേണ്ടതായും വന്നേക്കാം. അത് വിധികല്‍പ്പിതം. അപ്പോള്‍ ജന്‍മഭൂമിയും കര്‍മഭൂമിയും തമ്മിലുള്ള അകലം ഒട്ടുമില്ലാതാവും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക