Image

യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചെന്നിത്തലയെന്ന് കെ.സുധാകരന്‍

Published on 04 July, 2020
യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചെന്നിത്തലയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: യു.ഡി.എഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കെ.സുധാകരന്‍ എം.പി. 


എല്‍.ഡി.എഫിന്റെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടു വന്നത് ചെന്നിത്തലയാണെന്നും സുധാകരന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ നടത്തിയ സര്‍വെയെ വിമര്‍ശിച്ച്‌ സംസാരിക്കുകായിരുന്നു അദ്ദേഹം.


ചാനല്‍ സര്‍വെയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചത് ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം ചെന്നിത്തലയും മുല്ലപ്പള്ളിയും ആയിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ആയതിനാലാണ് ഉമ്മന്‍ചാണ്ടിയെ ആളുകള്‍ സര്‍വെയില്‍ പിന്തുണച്ചതെന്നാണ് സുധാകരന്റെ വാദം. 


ചെന്നിത്തലയെ തരം താഴ്‌ത്തി കാണിക്കാനാണ് ചാനല്‍ സര്‍വെ നടത്തിയതെന്നും സി.പി.എമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സര്‍വെയാണ് ഇതെന്നും സുധാകരന്‍ ആരോപിച്ചു. പിണറായിക്കായി കോടികള്‍ ഒഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ അഴ്ചയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നത് സംബന്ധിച്ച്‌ വലിയതോതില്‍ ചര്‍ച്ച നടന്നിരുന്നു. കെ.സി വേണുഗോപാല്‍ തുടക്കമിട്ട ചര്‍ച്ചയുടെ ചുവടുപിടിച്ച്‌ ഉമ്മന്‍ചാണ്ടിയും ബെന്നിബഹനാനും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


 ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കുമ്ബോള്‍ പോലും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നായിരുന്നു നേതാക്കളുടെ മറുപടി. അതേസമയം കെ.സുധാകരന്‍ ചെന്നിത്തലയ്ക്ക് വേണ്ടി പരസ്യമായി രംഗത്തു വന്ന സ്ഥിതിക്ക് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കലങ്ങി മറിയുമെന്ന് ഉറപ്പായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക