Image

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചത് ഐസ്‌ക്രീം ഫ്രീസറില്‍

Published on 03 July, 2020
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചത് ഐസ്‌ക്രീം ഫ്രീസറില്‍


കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഒരു ദിവസത്തിലേറെ സൂക്ഷിച്ചത് ഐസ്‌ക്രീം ഫ്രീസറില്‍. കൊല്‍ക്കത്തയില്‍ തിങ്കളാഴ്ച മരിച്ച 71 വയസ്സുകാരന്റെ മൃതദേഹമാണ് അധികൃതരുടെ അലംഭാവം കാരണം വീട്ടുകാര്‍ക്ക് ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിക്കേണ്ടിവന്നത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് 71-കാരന്‍ മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ ഇയാള്‍ ഡോക്ടറെ കണ്ടിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ക്ലിനിക്കില്‍നിന്ന് അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയ ഉടന്‍ ഇയാള്‍ മരിച്ചു.

അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചെങ്കിലും കോവിഡ് പരിശോധനഫലം ലഭിക്കാതെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് അറിയിച്ചു. ഇതോടെ നഗരത്തിലെ മോര്‍ച്ചറികളൊന്നും മൃതദേഹം സ്വീകരിക്കാന്‍ തയ്യാറായില്ല. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ മൃതദേഹം സ്വീകരിക്കൂ എന്നായിരുന്നു മോര്‍ച്ചറി നടത്തിപ്പുകാരുടെ നിലപാട്. വീട്ടുകാര്‍ പോലീസിനെ ബന്ധപ്പെട്ടെങ്കിലും പ്രദേശത്തെ കൗണ്‍സിലറെ വിവരമറിയിക്കാനായിരുന്നു പോലീസിന്റെ നിര്‍ദേശം. എന്നാല്‍ മണിക്കൂറുകളോളം കൗണ്‍സിലറെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും ആരും ഫോണ്‍ എടുത്തില്ല.

തുടങ്ങിയതോടെയാണ് വീട്ടുകാര്‍ ഐസ്‌ക്രീം ഫ്രീസര്‍ എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറിലേക്ക് മാറ്റി. അന്നേദിവസം വൈകിട്ട് കോവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം ലഭിച്ചു. ഇതോടെ മൃതദേഹം സംസ്‌കരിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ബുധനാഴ്ച രാവിലെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് വീട്ടുകാരെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെത്തി മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോയി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക