Image

കോവിഡ് 19: തിരുവനന്തപുരം ഉള്‍പ്പടെ 3 ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരം

Published on 03 July, 2020
കോവിഡ് 19: തിരുവനന്തപുരം ഉള്‍പ്പടെ 3 ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരം
തിരുവനന്തപുരം: സംസ്ഥാനത്തെ തിരുവനന്തപുരം ഉള്‍പ്പടെ 3 ജില്ലകളിലെ സ്ഥിതി
അതീവ ഗുരുതരം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുമാണ് കോവിഡ് വ്യാപന ഭീഷണി തീവ്രമായി നിലനില്‍ക്കുന്നതെന്ന്   മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്നലെ രോഗം സ്ഥിരീകരിച്ചത് സാഫല്യ കോംപ്ലക്‌സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്, മറ്റൊരാള്‍ വഞ്ചിയൂരില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാള്‍, മറ്റൊരാള്‍ മത്സ്യക്കച്ചവടം നടത്തുന്നയാള്‍. ഇവര്‍ നിരവധി ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരാണ്. രോഗവ്യാപന സാധ്യത കൂടുന്നതിനാല്‍ ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ആളുകള്‍ യാത്രകള്‍ നടത്താവൂ.

സെക്രട്ടേറിയറ്റിലും നിയന്ത്രണം കര്‍ശനമാക്കും. ഇ–ഫയല്‍ ഉപയോഗം വര്‍ധിപ്പിക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വരുന്ന സന്ദര്‍ശകര്‍ ആവശ്യമായ രേഖകള്‍ കാണിച്ചാല്‍ പ്രവേശനം അനുവദിക്കും. മന്ത്രിമാരുടെ ഓഫിസുകളില്‍ എഴുതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റുള്ളവര്‍ക്കു പ്രവേശനം അനുവദിക്കൂ. സന്ദര്‍ശകരുടെ പേരു വിവരങ്ങള്‍ പ്രവേശന കവാടത്തില്‍ പ്രത്യേക റജിസ്റ്ററില്‍ രേഖപ്പെടുത്തും. സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ എല്ലാവരും മാസ്ക് ധരിക്കണം. ജീവനക്കാര്‍ കൂട്ടം കൂടരുത്. ജീവനക്കാര്‍ അനാവശ്യമായി മറ്റു സെക്ഷനുകളില്‍ സന്ദര്‍ശനം നടത്തരുത്. ജീവനക്കാര്‍ ഒരുമിച്ചു പുറത്തുപോയി സാമൂഹ്യകൂട്ടായ്മകളില്‍ പങ്കെടുക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതും വിലക്കി. യോഗങ്ങള്‍ക്കു പരമാവധി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണം. യോഗങ്ങളില്‍ ചായ, ലഘുഭക്ഷണ വിതരണം ഒഴിവാക്കും.

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി അടുത്ത് ഇടപഴകുന്ന ജീവനക്കാര്‍ പൊതുഗതാഗതം ഒഴിവാക്കി സ്വകാര്യ വാഹനങ്ങളില്‍ എത്തണം. ഫിസിക്കല്‍ ഫയല്‍ പരമാവധി ഒഴിവാക്കി ഇ ഫയല്‍ ഉപയോഗിക്കണം. ലിഫ്റ്റില്‍ ഒരു സമയം നാലുപേരില്‍ കൂടുതല്‍ പാടില്ലെന്നും പൊതുഭരണവകുപ്പ് സെക്രട്ടറി ജ്യോതിലാലിന്റെ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഓഫിസുകളിലെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മലപ്പുറത്ത് പൊന്നാനിയില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി ആ പ്രദേശത്ത് സെന്റിനല്‍ സര്‍വയലന്‍സ് വഴി 900ല്‍ അധികം സാംപിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ടു പ്രധാന ആശുപത്രികളിലെ 689 ജീവനക്കാരുടെയും സമീപത്തെ 5 പഞ്ചായത്തുകളിലെ 300ലധികം ആളുകളുടെയും സാംപിളുകളുമാണു പരിശോധിക്കാന്‍ എടുത്തത്. ഇതില്‍ 505 പേരുടെ ഫലം വന്നു, അതില്‍ മൂന്നു പേര്‍ പോസിറ്റീവ് ആണ്. നിലവില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ് ഇവിടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക