Image

കോംപ്ലിമെന്റ് ആര്‍ക്ക്, കണ്‍ഗ്രാചുലേഷനും..(ജെയിംസ് കൂടല്‍)

Published on 03 July, 2020
കോംപ്ലിമെന്റ് ആര്‍ക്ക്, കണ്‍ഗ്രാചുലേഷനും..(ജെയിംസ് കൂടല്‍)
കേരളത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം പ്രതിദിനം നൂറിന് മുകളിലാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് ജൂണ്‍ 27-ാം തീയതിയി 195 പേര്‍ക്ക് രോഗബാധ ഉണ്ടായി. അതേസമയം 102 പേര്‍ അന്നേ ദിവസം രോഗമുക്തരായത് ആശ്വാസകരവുമാണ്. ലോകത്ത് കൊറോണ പടര്‍ന്നു പിടിച്ചതിനു ശേഷം ഒറ്റക്കേസും റിപ്പോര്‍ട്ടു ചെയ്യാത്ത സമാധാനപരമായ അവസ്ഥയില്‍ നിന്നാണ് കേരളത്തിലെ രോഗവ്യാപന നിരക്ക് പരിഭ്രാന്തി ഉയര്‍ത്തി കുതിച്ചുയര്‍ന്നത്. 

ഇതാകട്ടെ പ്രവാസി മലയാളികളും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേരളീയരും നാട്ടില്‍ എത്തിച്ചേര്‍ന്നതിനു ശേഷമാണ്. വിദേശ മലയാളികള്‍ ഓരോ ദിവസവും നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നതില്‍ സംശയമില്ല. അതിന് പ്രവാസി മലയാളികളെ ഒരു തരത്തിലും കുറ്റം പറയുന്നത് ശരിയല്ല. അത്തരം നിലപാടുകളെ നീതികരിക്കാനുമാവില്ല. 

രോഗവ്യാപനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികള്‍ക്ക് ശ്വസിക്കാന്‍ ഓക്സിജന്‍ പോലും നല്‍കാന്‍ കഴിയാനാവാത്ത ഗുരുതരമായ സ്ഥിതി സംജാതമാവുമെന്ന് ഇക്കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. കോവിഡ് 19 വാക്സിന്‍ യാഥാര്‍ത്ഥ്യമാവുമെന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ കൊറോണ വൈറസിനോട് സമരസപ്പെട്ട് ജീവിക്കാനേ തത്ക്കാലം മാര്‍ഗമുള്ളു. 

ഇത്തരമൊരു ദുര്‍ഘടസന്ധിയില്‍ കാര്യങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനുള്ള, ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ സമീപനം അവരെ സ്വയം അപഹാസ്യരാക്കുകയേ ഉള്ളു. വൈറസിനെതിരേ ഒരേ മനസ്സോടെ പൊരുതേണ്ട ഘട്ടത്തില്‍, അത്തരം പോരാട്ടത്തിന് പൊതുജനങ്ങളെ മാനസികമായി സജ്ജരാക്കേണ്ട സന്ദര്‍ഭത്തില്‍ രാഷ്ട്രീയം പറയുന്നത് തികച്ചും ജനവിരുദ്ധമായ നടപടിയാണ്. മാത്രമല്ല, അത്തരം വര്‍ത്തമാനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അരോചകവുമാണ്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകശ്രദ്ധയാകര്‍ഷിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഇനി അങ്ങനെ ശ്രദ്ധയാകര്‍ഷിക്കേണ്ട എന്നാണോ ചിലര്‍ പറഞ്ഞുവയ്ക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. കഴിഞ്ഞ ദിവസം  കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ കേരളത്തെ അഭിനന്ദിച്ചുകൊണ്ട് കേരള ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് അയച്ച കത്ത് വിവാദമാക്കിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.  

പ്രവാസികളെ വിമാനത്തില്‍ തിരികെ കൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ ശ്ലാഘനീയമെന്നാണ് സഞ്ജയ് ഭട്ടാചാര്യ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് എന്‍-95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് തുടങ്ങിയവ ഉറപ്പാക്കാന്‍ എയര്‍ലൈനുകളോട് കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം തന്നെ കൈമാറും. വന്ദേ ഭാരത് മിഷന്‍ ഫ്ളൈറ്റുകളുടെ സുഗമമായ നടത്തിപ്പിന് ഈ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്നുമാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി കത്തില്‍ പരാമര്‍ശിക്കുന്നത്.

എന്നാല്‍ കേരളത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം അപ്രായോഗികമാണെന്നും ആ മണ്ടത്തരം കേരളസര്‍ക്കാരിനെ അറിയിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു വി മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ''വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല, മണ്ടത്തരം പറ്റിയത് തിരുത്തിയതില്‍ സന്തോഷം എന്നാണ് പറഞ്ഞത്. മണ്ടത്തരം പറ്റി എന്നു മനസ്സിലാക്കിയതില്‍ സന്തോഷം എന്നു പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുന്നവരെ പി.ആര്‍ ടീമില്‍ നിയമിക്കണം. കോപ്ലിമെന്റും കണ്‍ഗ്രാചുലേഷനും തമ്മിലുള്ള വ്യത്യാസം പി.ആര്‍ കാര്‍ക്ക് അറിയില്ല...'' ഇാണ് മുരളീധരന്റെ വാക്കുകള്‍.

ഇംഗ്ലീഷ് ഭാഷയില്‍ രണ്ട് തരത്തിലുള്ള കോപ്ലിമെന്റ് ഉണ്ട്. ഒന്ന്: complement. രണ്ട്: compliment എന്നിവയാണിവ. ആദ്യത്തേതില്‍ 'l' കഴിഞ്ഞ് 'e' ആണ്. ഈ വാക്കിന്റെ അര്‍ത്ഥം പരിപൂരകം, പരിപൂര്‍ണം എന്നിങ്ങനെയാണ്. രണ്ടാമത്തേതില്‍ 'l' കഴിഞ്ഞ് 'i' ആണ്. ഇതിന്റെ അര്‍ത്ഥം അഭിനന്ദനം എന്നാണ്. കേന്ദ്ര വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തില്‍ 'compliment' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ആ സ്ഥിതിക്ക് മണ്ടത്തരം പറ്റിയത് മുരളീധരനാണോ കേരളസര്‍ക്കാരിനാണോ എന്ന് വിവരമുള്ളവര്‍ പറയട്ടെ. 

വിദേശത്ത് നിന്നെത്തുന്ന മലയാളികള്‍ ക്വാറന്റൈന്‍ സംബന്ധിച്ച് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി മനസ്സിലാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്ക് സൗജന്യ ക്വാറന്റൈനും അല്ലാത്തവര്‍ക്ക് പെയ്ഡ് ക്വാറന്റൈനും എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഏഴു ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ഏഴു ദിവസം വീടുകളിലുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്വാറന്റൈന്‍. എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ ബസില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകണം. അവിടെ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് പ്രവാസി മലയാളികള്‍ക്ക് നല്‍കുകയും ചെയ്യും. 

പക്ഷേ, വിദേശ മലയാളികളുടെ വരവ് വര്‍ദ്ധിച്ചതോടെ ക്വാറന്റൈന്‍ സംവിധാനം കൈവിട്ടു പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഒരേ സമയം രണ്ടര ലക്ഷത്തോളം പേരെ ക്വാറന്റൈനിലാക്കാന്‍ ബെഡും, ടോയ്ലറ്റും അനുബന്ധ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു വന്ദേഭാരത് മിഷന്‍ തുടങ്ങുന്നതിനു മുമ്പായി കേരള സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ വാക്ക് എത്രത്തോളം ശരിയാണെന്നതു സംബന്ധിച്ച് സംശയം ഉയര്‍ത്തുന്നതാണ് നാട്ടിലെത്തിക്കൊണ്ടിരിക്കുന്ന പ്രവാസി മലയാളികളുടെ പ്രതികരണങ്ങള്‍. 

വിദേശ രാജ്യങ്ങളില്‍ മെച്ചപ്പെട്ട ജീവിതത്തിനായി രാപ്പകല്‍ അദ്ധ്വാനിക്കുമ്പോഴും പ്രവാസി മലയാളികളുടെ മനസ്സില്‍ എന്നും ജന്മനാടുണ്ട്. ഓണവും ക്രിസ്മസും റംസാനും ഒക്കെ പ്രവാസ ഭൂമിയില്‍ ഇരുന്ന് ആഘോഷിക്കുമ്പോള്‍ അവരുടെ ചിന്തകള്‍ ഓടിപ്പോകുന്നത് നാടിന്റെ പച്ചപ്പിലേക്കാണ്. ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടില്‍ വേദനിക്കുമ്പോള്‍ നാട്ടിലെത്താന്‍ കഴിയുന്നില്ലല്ലോ എന്ന വികാരമാണ് പ്രവാസി മലയാളികളുടെ മനസ്സില്‍ ഉണ്ടാകുന്നത്. വാസ്തവത്തില്‍ കേരള വികസനത്തിന്റെ നട്ടെല്ലു തന്നെയാണ് ലോകമെമ്പാടും പണിയെടുക്കുന്ന മലയാളികള്‍. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരംശം പത്തു പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന ഒരു സംരംഭത്തിന് മുടക്കാന്‍ തയ്യാറാകുമ്പോള്‍ ചുവപ്പുനാടയില്‍ കുരുക്കി അവരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കുടില സമ്പ്രദായവും നിലനില്‍ക്കുന്നു. 

അങ്ങനെ സമ്മിശ്രമായ പ്രശ്നങ്ങളുടെ നടുവില്‍ ജീവിക്കുന്നവരാണ് ഓരോ പ്രവാസി മലയാളിയും. കോവിഡ് എന്ന മഹാമാരി പ്രപഞ്ചത്തെയാകെ പിടിച്ചുലയ്ക്കുമ്പോള്‍ എങ്ങിനെയെങ്കിലും നാടണയണം എന്ന ഒരേയൊരു ചിന്ത മാത്രമാണ് അവരുടെ മനസ്സിലുള്ളത്. ദുരിതകാലത്ത് ജന്മനാട് തങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് അന്യ ദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ടും പട്ടിണി കിടന്നും നരകയാതന അനുഭവിക്കുന്നവരെ നിവര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

ഒരു പ്രവാസിയുടെ സങ്കീര്‍ണമായ മനസ്സ് മറ്റൊരു പ്രവാസിക്കു മാത്രമേ തിരിച്ചറിയാനാവൂ. എത്ര സമ്പാദിച്ചാലും ഇനിയൊട്ടും സമ്പാദിച്ചില്ലെങ്കിലും നാടിന്റെ കരുതല്‍ മാത്രമാണ് വിദേശ മലയാളികള്‍ക്കെന്നും അതിജീവനത്തിന് തുണയാകുന്നത്. ഒരിക്കല്‍ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകേണ്ടവരാണ് ഭൂരിപക്ഷം വരുന്ന വിദേശ മലയാളികള്‍. ഇപ്പോള്‍ അത്തരത്തിലൊരു അവസ്ഥ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നു. ഇങ്ങനെ ഹൃദയം നുറുങ്ങി നാട്ടിലെത്താന്‍ വിധിക്കപ്പെട്ടവരുടെ മുന്നില്‍ രാഷ്ട്രീയം വിളമ്പിയാല്‍ അതൊരിക്കലും ദഹിക്കുമെന്ന് കരുതേണ്ട.

മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും കഴിവതും പുറത്തിറങ്ങാതെ വീട്ടില്‍ കഴിഞ്ഞും വിവാഹ, മരണാനന്തര ചടങ്ങുകള്‍ തീര്‍ത്തും ലഘൂകരിച്ചും നാം കോവിഡ് 19 വൈറസിനൊപ്പം ജീവിക്കാന്‍ കരുത്തു നേടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരാശിയുടെ പ്രധാന എതിരാളി ഇപ്പോള്‍ ആ സൂക്ഷ്മാണുവാണ്. അതിനെ ജയിക്കാനുള്ള പടപ്പുറപ്പാടില്‍ മറ്റൊന്നും നാം കേള്‍ക്കുന്നില്ല... കാണുന്നുമില്ല...

കോംപ്ലിമെന്റ് ആര്‍ക്ക്, കണ്‍ഗ്രാചുലേഷനും..(ജെയിംസ് കൂടല്‍)
Join WhatsApp News
പി പി ചെറിയാൻ 2020-07-04 07:45:47
Well written James,congratulation,keep it up Compliment and complement
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക