Image

നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ കൊട്ടിക്കലാശം

Published on 30 May, 2012
നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ കൊട്ടിക്കലാശം
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ കൊട്ടിക്കലാശം. വൈകുന്നേരം അഞ്ചുമണിക്ക്‌ പരസ്യപ്രചാരണം അവസാനിക്കും. പിന്നീട്‌ നിശബ്‌ദ പ്രചാരണമാണ്‌. ത്രികോണ മത്സരം നടക്കുന്ന ഇവിടെ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും പ്രതീക്ഷ കൈവിടുന്നില്ല.

യു.ഡി.എഫ്‌ സര്‍ക്കാരിന്റെ വികസനം മുന്‍നിര്‍ത്തിയും സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തെ തുറന്നുകാട്ടിയും നടത്തിയ പ്രചാരണംകൊണ്ടു മുന്നണിക്കു പുറത്തുള്ളവരുടെയും പിന്തുണ നേടാന്‍ കഴിഞ്ഞുവെന്ന ആശ്വാസമാണു യുഡിഎഫിന്‌. ഇതു വിജയസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന ആത്മവിശ്വാസവും അവര്‍ക്കുണ്ട്‌. സമാധാനസ്‌നേഹികളായ മുഴുവന്‍ ആളുകളുടെയും വോട്ടുകള്‍ എല്‍ഡിഎഫിന്‌ എതിരാവുമെന്നു യുഡിഎഫ്‌ കരുതുന്നു. അങ്ങനെവന്നാല്‍ ജയം ഉറപ്പാണെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍. ജനങ്ങളെ ബാധിക്കുന്ന അടിസ്‌ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണം സാധാരണജനങ്ങള്‍ക്കിടയില്‍ ഇളക്കമുണ്ടാക്കിയിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ്‌ ഇടതു മുന്നണി. കാലുമാറ്റ രാഷ്‌ട്രീയവും വിലക്കയറ്റവുമാണ്‌ അവര്‍ പ്രധാനമായും ആയുധമാക്കിയത്‌.

മണ്ണെണ്ണ വെട്ടിക്കുറച്ചതും പെട്രോള്‍ വിലവര്‍ധനയും മറ്റും യുഡിഎഫിന്‌ എതിരായ വികാരം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ്‌ എല്‍ഡിഎഫ്‌. അതേസമയം, രാഷ്‌ട്രീയമായി ഏറ്റവും പ്രതികൂലമായ കാലാവസ്‌ഥയിലാണു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നത്‌ എല്‍ഡിഎഫിനെ ആശങ്കയിലാഴ്‌ത്തുന്നു. കൊലപാതക രാഷ്‌ട്രീയത്തോടുള്ള വെറുപ്പും ഭരണത്തോടുള്ള അതൃപ്‌തിയും തങ്ങള്‍ക്ക്‌ അനുകൂല സാഹചര്യം ഒരുക്കിയിരിക്കുന്നുവെന്ന വിലയിരുത്തലാണു ബിജെപിക്ക്‌. എല്‍ഡിഎഫ്‌, യുഡിഎഫ്‌ മുന്നണികള്‍ക്കു കിട്ടിക്കൊണ്ടിരുന്ന ഭൂരിപക്ഷ വോട്ടുകള്‍ നേടിയെടുക്കാവുന്ന അന്തരീക്ഷം ഉണ്ടെന്നും ബിജെപി വിലയിരുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക