Image

ലവോദിക്യയിലെ താപയുറവകൾ ( യാത്രാ വിവരണം 5: സാംജീവ്)

Published on 01 July, 2020
ലവോദിക്യയിലെ താപയുറവകൾ ( യാത്രാ വിവരണം 5: സാംജീവ്)
തുർക്കിയുടെ ലൈക്കസ് താഴ്വരയിലുള്ള മൂന്നു നഗരങ്ങളായിരുന്നു ലവൊദിക്യ, കൊലോസ്യ, ഹീരാപ്പൊലിസ്. മിയാൻഡർ നദിയുടെ പോഷകനദിയാണു ലൈക്കസ് നദി. ഡൻസിലി എന്നാണു ലവോദിക്യായുടെ ആധുനിക നാമധേയം.എഫെസൊസിൽനിന്നും 99 മൈൽ കിഴക്കു ഈജിയൻ സമുദ്രതീര മേഖലയിലാണു ഡൻസിലി. സിയൂസ്, അപ്പോളോ, അർത്തമിസ്, അഫ്രൊഡൈറ്റ് മുതലായ ദേവീദേവന്മാരെ ലവോദിക്യയിലെ ജനങ്ങൾ ആരാധിച്ചിരുന്നു. അന്ത്യോക്കസ് തിയോസ് (അന്ത്യോക്കസ് രണ്ടാമൻ) എന്ന യവന രാജാവാണു ലവോദിക്യയുടെ സ്ഥാപകൻ. ബിസി 261 മുതൽ 246 വരെ ആയിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ലവോദിസ് എന്ന തന്റെ രാജ്ഞിയുടെ സ്മരണയ്ക്കു വേണ്ടി സ്ഥാപിച്ച നഗരമാണു ലവോദിക്യ.വിശ്രുത റോമൻ ചരിത്രകാരനും ഏതാണ്ടു ക്രിസ്തുവിന്റെ സമകാലീനനുമായിരുന്ന പ്ലീനി രേഖപ്പെടുത്തിയിരിക്കുന്നതു അന്ത്യോക്കസ് രണ്ടാമനു മുമ്പു തന്നെ ലവോദിക്യയിൽ ജനവാസമുണ്ടായിരുന്നുവെന്നാണ്. അന്നു ആ സ്ഥലത്തിന്റെ പേരു ഡയസോഫോലിസ് എന്നായിരുന്നുവത്രേ.

ബിസി 188ൽ ലവോദിക്യ പെർഗമോസ് രാജ്യത്തിന്റെ ഭാഗമായി. ബിസി 133ൽ റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായി പ്രസ്തുത നഗരം. റോമൻ ഭരണകാലത്തു ലവോദിക്യ സമ്പന്നതയിലേയ്ക്കുയർന്നു. എഫെസൊസിൽ നിന്നാരംഭിച്ചു യൂഫ്രട്ടിസ് നദിക്കപ്പുറം പൂർവ്വദേശത്തേയ്ക്കു പോയിരുന്ന പേഴ്സ്യൻ മഹാരാജവീഥി ലവോദിക്യയിൽ കൂടിയാണു പോയിരുന്നത്. മറ്റൊരു രാജവീഥി പെർഗമൊസ്, തുയഥൈര, ലവോദിക്യ നഗരങ്ങളെ ബന്ധിപ്പിച്ചിരുന്നു. കറുത്ത കമ്പിളി വ്യാപാരവും ബാങ്കിംഗു വ്യവസായവും വിശാലമായ രാജവീഥികളും ലവോദിക്യായുടെ സമ്പത് വ്യവസ്ഥയെ വാനോളം ഉയർത്തി.
അതിഭയങ്കരമായ ഭൂകമ്പങ്ങളെ അതിജീവിച്ച ഒരു നഗരമായിരുന്നു ലവോദിക്യ. എഡി 60ൽ ഉണ്ടായ ഭൂകമ്പത്തിൽ ലവോദിക്യ ഒരു കുപ്പക്കുന്നായി മാറി. റോമൻ ചക്രവർത്തിയായിരുന്ന നീറോ പട്ടണം പുനർസൃഷ്ടിക്കാൻ കൊടുത്ത വാഗ്ദത്തം ലവോദിക്യക്കാർ നിരസിച്ചു. സമ്പന്നരായിരുന്ന അവർ തന്നെ ആ ഭാരം ഏറ്റെടുത്തു. സമ്പന്നതയുടെ കൊടുമുടിയിലെത്തിയ ലവോദിക്യ കലാസാംസ്കാരിക കേന്ദ്രമായി മാറി. പട്ടണം മുഴുവൻ മനോഹരമായ മാർബിൾ പ്രതിമകൾ സ്ഥാപിക്കപ്പെട്ടു. പുകൾപെറ്റ ഒരു മെഡിക്കൽ സ്കൂളും ലവോദിക്യയിൽ സ്ഥിതി ചെയ്തിരുന്നു.
എല്ലാ പുരാതന റോമൻ നഗരങ്ങളിലും കാണപ്പെടുന്നതുപോലെ നാടകപ്രദർശനശാലകൾ, കളിസ്ഥലങ്ങൾ, സ്നാനഘട്ടങ്ങൾ, ഇവയെല്ലാം തന്നെ ലവോദിക്യായിലും സ്ഥാപിക്കപ്പട്ടിരുന്നു. പക്ഷേ ശുദ്ധജല ദാരിദ്ര്യം അനുഭവപ്പെട്ടിരുന്ന ഒരു നഗരമായിരുന്നു ലവോദിക്യ. അവിടത്തെ ശുദ്ധജല വിതരണ സമ്പ്രദായം പ്രത്യേകം ശ്രദ്ധേയമാണ്. കല്ലിലും കളിമണ്ണിലും തീർത്ത ജലവിതരണക്കുഴലുകൾ, ഉയർന്ന തൂണുകളിൽ സ്ഥാപിച്ചിരുന്ന ദീർഘദൂര അക്വാഡക്റ്റുകൾ ഇവയൊക്കെ ഉയർന്ന സാങ്കേതികവിദ്യയുടെ നിദർശനങ്ങൾ ആയിരുന്നു.

യഹൂദന്മാരും ക്രൈസ്തവരും

ക്രിസ്തുവിനു മുമ്പു തന്നെ യഹൂദന്മാരുടെ ഒരു കുടിയേറ്റ നഗരമായിരുന്നു ലവോദിക്യ. മഹാനായ അന്ത്യോക്കസ് (അന്ത്യോക്കസ് മൂന്നാമൻ) എന്നു വിളിക്കപ്പെടുന്ന സെല്യുസിഡ് സമ്രാട്ട് രണ്ടായിരം യഹൂദ കുടുംബങ്ങളെ ബാബിലോണിയായിൽ നിന്നും ഫ്രുഗ്യയിലേയ്ക്കു മാറ്റിപ്പാർപ്പിച്ചു. ബിസി 222 മുതൽ 187 വരെ ഭരണം നടത്തിയ അദ്ദേഹത്തിന്റെ രാജ്യാതിർത്തിയിൽ സിറിയയും അനറ്റോളിയയും ഉൾപ്പെട്ടിരുന്നു.

ക്രിസ്തുമതം അതിന്റെ ആരംഭദശയിൽ തന്നെ ലവോദിക്യയിലേയ്ക്കു കടന്നു ചെന്നു. ഫ്രുഗ്യയിലെ കൊലോസ്യ, ഹിയരാപ്പൊലിസ്, ലവൊദിക്യ എന്ന മൂന്നു സമീപസ്ഥ നഗരങ്ങളിലും ക്രൈസ്തവസഭകൾ സ്ഥാപിക്കപ്പെട്ടിരുന്നു.പൌലോസ് അപ്പോസ്തലൻ തന്റെ ലേഖനങ്ങളിൽ എപ്പഫ്രാസ് എന്ന ഒരാളിനെപ്പറ്റി പറയുന്നുണ്ട്. എപ്പഫ്രാസ് ആണു കൊലൊസ്യ, ലവൊദിക്യ സഭകളുടെ സ്ഥാപകൻ എന്നാണു പണ്ഡിതമതം.

ബൈബിളിൽ വെളിപ്പാടു പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഏഴു സഭകളിൽ ഒന്നാണല്ലോ ലവോദിക്യ. റോമൻ ചക്രവർത്തിയായിരുന്ന ഡൊമിഷ്യൻ കൈസറുടെ കാലത്തു ലവോദിക്യയിലെ ക്രൈസ്തവ സഭയും പീഡനത്തിനു വിധേയമായി. സമ്പന്നരായ ലവോദിക്കയിലെ വണിക്ക് പ്രമുഖന്മാർ ഡൊമിഷ്യൻ കൈസറുടെ മതവ്യവസ്ഥയോടു (ഡൊമിഷ്യൻ ദൈവമാണെന്നു പ്രഖ്യാപിച്ചിരുന്നു.) രമ്യതപ്പെട്ടുവെന്നു കരുതപ്പെടുന്നു.ക്രിസ്തീയ മൂല്യങ്ങൾ നഷ്ടപ്പട്ട ലവോദിക്യ സഭയോടുള്ള പരശുദ്ധാത്മാവിന്റെ സന്ദേശം ശ്രദ്ധിക്കുക.

“ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുംഎന്നു അറിയാതിരിക്കയാൽ നീ സമ്പന്നനാകേണ്ടതിനു തീയിൽ ഊതിക്കഴിച്ച പൊന്നും------വെള്ളയുടുപ്പും-------കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധി പറയുന്നു.------“
ഇവിടെ ലവോദിക്യസഭ അന്ധനും നഗ്നനും ദരിദ്രനുമായ ഒരു മാനസിക രോഗിയോടു ഉപമിക്കപ്പെട്ടിരിക്കുന്നു. എന്തൊരു ദുര്യോഗം!ലവോദിക്യക്കാർ നാലാം നൂറ്റാണ്ടിൽ അതിബൃഹത്തായ ഒരു പള്ളി പണിതുയർത്തി. എന്നാൽ ഏഴാം നൂറ്റാണ്ടിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിനു വിധേയമായ ലവോദിക്യയുടെ പ്രാധാന്യം അസ്തമിച്ചു.

നമസ്തേ

ഡെൻസിലിയുടെ ഭാഗമായ കരഹായിത്തി എന്ന സ്ഥലത്തുള്ള ഒരു ഹോട്ടലിലാണു ഞങ്ങൾ താമസിച്ചിരുന്നത്. സമീപസ്ഥ തെരുവുകളിൽ കടകമ്പോളങ്ങൾ സജീവമാണ്. സന്ധ്യയുടെ അരണ്ട വെളിച്ചത്തിൽ അവിടൊക്കെയൊന്നു ചുറ്റിക്കറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. തുണിത്തരങ്ങൾ വില്ക്കുന്ന ചെറിയ കടകളിലൊക്കെ ഞങ്ങളെ നമസ്തേ പറഞ്ഞാണു കച്ചവടക്കാർ സ്വീകരിച്ചത്.

താപയുറവകൾ

തുർക്കിയിലെ ഡെൻസിലി-പാമുക്കാലി പ്രദേശങ്ങൾ താപ ഉറവകൾക്കു സുപ്രസിദ്ധമാണല്ലോ. രാവിലെ ഹോട്ടൽമുറികളിൽ നിന്നും വെളിയിൽ വന്ന ഞങ്ങൾക്കു നീരാവി പറക്കുന്ന താപ ഉറവകൾ ഹോട്ടലിനു സമീപം തന്നെ ദൃശ്യമായിരുന്നു. സന്ദർശകർക്കു വേണ്ടി മനോഹരമായ കല്പടവുകളിലൂടെ ഒഴുക്കിവിടുന്ന താപ ജലം അഭൂതപൂർവമായ ഒരു കാഴ്ചയാണ്. തിളയ്ക്കുന്ന വെള്ളമല്ല, എന്നാൽ സാമാന്യം ചൂടുള്ള ജലപ്രവാഹമാണത്.
ധാതുലവണപൂരിതമായ വെള്ളത്തിൽ കുളിക്കുന്നതു ആരോഗ്യദായകമാണെന്നു പറയപ്പെടുന്നു. അതിനു വേണ്ടി തരപ്പെടുത്തിയ സ്നാനഘട്ടങ്ങൾ പല സ്ഥലങ്ങളിലും കാണാം.

2018 സെപ്തംബർ 21പ്രഭാതത്തിൽ മനോഹരമായ ഡെൻസിലി നഗരത്തോടു യാത്ര പറയുമ്പോൾ സമ്പന്നനാണെന്നു ഉറക്കെ വിളിച്ചു പറയുന്ന സമനില തെറ്റിയ യാചകന്റെ ചിത്രമാണു മനസ്സിൽ തങ്ങി നിന്നത്. പാനീയ യോഗ്യമല്ലാത്ത ജലം തിരസ്ക്കരിക്കുന്ന ദൈവപുത്രന്റെ ഉപമാനവചസ്സുകളും മനസ്സിൽ തങ്ങി നിന്നു. ക്രിസ്തീയ മൂല്യങ്ങൾ നഷ്ടപ്പെട്ട ലവോദിക്യ സഭയുടെ ചിത്രമാണത്. ഒരു പക്ഷേ ഇന്നത്തെ ക്രൈസ്തവ സഭയുടെയും ചിത്രമാണത്.



ലവോദിക്യയിലെ താപയുറവകൾ ( യാത്രാ വിവരണം 5: സാംജീവ്)
Join WhatsApp News
jose 2020-07-02 10:50:02
You guys must read & correct what you write before you send it. If don't know send it to me first, then I will correct them and post it for you. The service is free.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക