Image

വിദ്യാഭ്യാസ നിലവാര ഗുണമേന്മ (ജെ.എസ്.അടൂർ)

Published on 01 July, 2020
വിദ്യാഭ്യാസ നിലവാര ഗുണമേന്മ (ജെ.എസ്.അടൂർ)
കേരളത്തിലെ പത്താം ക്‌ളാസ്സിലെയും പന്ത്രണ്ടാം ക്‌ളാസ്സിലെയും വിജയ ശതമാനം ഏതാണ്ട് നൂറു ശതമാനം അടുത്താണ്.  നല്ല കാര്യം !!!  സത്യത്തിൽ എല്ലാവരെയും പരീക്ഷ ഇല്ലാതെ തന്നെ അടുത്ത ക്ലസ്സിലേക്ക് കയറ്റി വിട്ടാലും പ്രശ്നം ഇല്ല.

യഥാർത്ഥ പ്രശ്നം പരീക്ഷയിലെ വിജയത്തിന് അപ്പുറം വിദ്യാർത്ഥികൾ എന്തൊക്കെ ഗ്രഹിക്കുന്നു പഠിക്കുന്നു എന്നതും അവർക്കു ജീവിക്കാൻ ആവശ്യമായ , അറിവുകളും  വിജ്ഞാനവും ലഭിക്കുന്നുണ്ടോ  
 എന്നതോക്കെയാണ്.

കഴിഞ്ഞ ചില വർഷങ്ങളിൽ പല തരത്തിൽ ഉള്ള വിദ്യാർത്ഥികളുമായി ഇടപഴകുവാനും പലതും ചർച്ച ചെയ്യുവാനും സാധിച്ചു.

ആദ്യം നല്ല കാര്യം പറയാം. പല സ്‌കൂളുകളിലെയും ചില വിദ്യാർത്ഥികൾ അവരുടെ അറിവും ആത്മവിശ്വാസവും കാര്യങ്ങൾ അവതരിപ്പിക്കുവാൻ ഉള്ള കഴിവും കൊണ്ടു അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അഞ്ചൽ സെയ്ന്റ് ജോൺസ് സ്‌കൂളിൽ വച്ചു ഹൈസ്കൂൾ വിദ്യാർത്ഥികളുമായി പലതും ചർച്ച ചെയ്തകൂട്ടത്തിൽ  ഇടക്ക് ക്ലൈമറ്റ് ചെയ്ഞ്ചിനെക്കുറിച്ചു ആർക്കെങ്കിലും പറഞ്ഞു തരാമോ എന്ന് ചോദിച്ചു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി കൈപൊക്കി.

ഏതാണ്ട് 4-5 മിനിറ്റിനുള്ളിൽ എല്ലാ വിവരങ്ങളും വളരെ കൃത്യമായി ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിടുക്കിയായ ആ പെൺകുട്ടി അവതരിപ്പിച്ചപ്പോൾ നമ്മുടെ കുട്ടികളുടെ നിലവാരത്തെകുറിച്ച് വളരെ അഭിമാനം തോന്നി .

ഇത് സ്‌കൂളിൽ പഠിച്ചതാണോ എന്നതിന് അല്ല എന്നായിരുന്നു മറുപടി. ആ കുട്ടി വീട്ടിൽ സ്ഥിരം പത്രം വായിക്കും. പുസ്തകങ്ങളും. അതു വീട്ടുകാർ പ്രോത്സാഹിപ്പച്ചതാണ്. പല പുതിയ കാര്യങ്ങളെകുറിച്ചും പത്രം വായിച്ചു നോട്ട് എഴുതാൻ പറഞ്ഞത് ചില അധ്യാപകരും അതു പ്രോത്സാഹിപ്പിച്ചത് വീട്ടിലുമാണ്.  ഒരു പക്ഷേ ഞങ്ങളുടെ കുട്ടികളും സ്‌കൂളിൽ പടിക്കുന്നതിന്റ ഇരട്ടി വീട്ടിലാണ് പഠിച്ചത് പഠിക്കുന്നത് എന്ന് അവർ തന്നെ പറയും.

പല സ്കൂളുകളിലും ചില അദ്ധ്യാപകരുടെ സ്നേഹവും കരുതലും പ്രോത്സാഹനവുമൊക്കെ കുട്ടികളുടെ പല കഴിവിനെയും വളർത്തുവാൻ സഹായിക്കും. അതു സ്‌കൂളുകളിൽ അനുഭവിച്ചവര്ക്കറിയാം
അതുപോലെ പല അധ്യാപകരും തിരിച്ചും ചെയ്യും. കുട്ടികളെ പരസ്യമായി കളിയാക്കി അവരുടെ ആത്മ വിശ്വാസവും സ്വാഭിമാനവും തകർക്കും

എന്നാൽ ഇനി മറ്റേ വശം പറയാം. പലപ്പോഴും 12ക്‌ളാസ്സിലെ എൻ എസ് എസ് ക്യാമ്പിന് വരുന്ന കുട്ടികളുമായി ഇടപഴകും. ബോധിഗ്രാമിൽ ഗാന്ധിജിയുടെയും അംബേദ്കർ മാർട്ടിൻ ലൂഥർ, നെൽസൺ മണ്ടേല, മദർ തെരേസ എന്നിവരുടെയുമെല്ലാം ഫോട്ടോകളും അതുപോലെ അതിൽ അവർ പറഞ്ഞ കാര്യങ്ങളുമുണ്ട് . അതു ഇഗ്ളീഷിലാണ്. ഒന്നോ രണ്ടോ വാചകങ്ങൾ. 

 അവരോട് പ്രസംഗിക്കുന്നതിനു പകരം ഓരോ പോസ്റ്ററും നോക്കി അതാരാണ് എന്നും അവർ എന്താണ് പറഞ്ഞത് എന്നും വിവരിക്കുവാൻ പറഞ്ഞു. ഏതാണ്ട് നാല്പത് വിദ്യാർത്ഥികൾ. അതിൽ ആ ഫോട്ടോയിൽ ഉള്ള ഗാന്ധിജീ ആണെന്ന് ചിലരൊക്ക പറഞ്ഞു. പക്ഷേ അതിൽ ബഹു ഭൂരിപക്ഷത്തിനും മറ്റു പോസ്റ്ററുകളിൽ ഉളളവരെ അറിയില്ല. അതല്ല അത്ഭുതംപ്പെടുത്തിയത്. വളരെ ലളിതമായ രണ്ടു ഇഗ്ളീഷ് വാചകങ്ങൾ വായിക്കുവാൻ അവരിൽ ഒരാൾക്ക് മാത്രമാണ് സാധിച്ചത്. എന്നിട്ടും അതിന്റ അർത്ഥം പറയാൻ അറിയില്ല !

അതു കഴിഞ്ഞും ബി എ തലത്തിൽ പഠിക്കുന്ന കുട്ടികളോട് ഇടപഴകിയപ്പോഴാണ്  ഈ 98-99%  'വിജയത്തിന്റെ  മറ്റൊരു വശം  മനസ്സിലായത്.  അധ്യാപകരാണ് കാര്യങ്ങൾ പറഞ്ഞു തന്നത്. ചോദ്യ കടലാസ്സിൽ ഉള്ള ചോദ്യങ്ങൾക്ക് ആരെങ്കിലും പ്രതികരിച്ചാൽ മാർക്ക് കൊടുക്കണം. പല കുട്ടികളും ചോദ്യം അതെപടി പകർത്തി വച്ചാലും മാർക്ക് കിട്ടും. പിന്നെ 'ഗ്രെസ് ' മാർക്ക്. ചുരുക്കത്തിൽ പഠിച്ചാലും പഠിച്ചില്ലേലും പാസ്സാകും.

ഒരിക്കൽ തിരുവനന്തപുരത്തെ പ്രമുഖ കോളേജിൽ നിന്നുള്ള ബി എ കുട്ടികളോട്  ചെ ഗുവേരെയുടെ ഫോട്ടോ കാണിച്ചിട്ട് ആരാണ് എന്ന് ചോദിച്ചു. അതു മാർക്സ് അല്ലേ സർ? അതെങ്ങനെ മനസ്സിലായി?  കോളേജിലെ എസ് എഫ് ഐ ചേട്ടൻമാരുടെ ടീഷർട്ടിൽ കാണുന്ന തൊപ്പി വച്ച മാമനാണ് എന്ന് വേറൊരാൾ. അപ്പോൾ അതു മാർക്‌സായിരിക്കും.  ഒന്നും പറയാതെ ചോദിച്ചു. മാർക്സ് എവിടെയാണ് ജനിച്ചത്?  റഷ്യയിൽ അല്ലേ സർ? ജീവിച്ചത്? അറിയില്ല സർ.  ഈ പറഞ്ഞത് അതിശോക്തി അല്ല.

പ്രശ്നം നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിന്റ ഗുണമേന്മ ഏത്ര മാത്രം ഉണ്ടെന്നതാണ്? ഈ 98% വിജയം ആഘോഷിക്കുന്ന മന്ത്രിമാരും  അതു പോലെ 100% വിജയം ആഘോഷിക്കുന്ന സ്‌കൂളുകളും പറയാത്തത് ഒരു ശരാശരി കുട്ടി  നല്ല മാർക്ക് വാങ്ങി ജയിച്ചിട്ടും എന്തൊക്കെ കാര്യങ്ങൾ അവർക്കു അറിയാമെന്നും എന്തൊക്കെ ഗ്രഹിച്ചുവെന്നും എന്ന ചോദ്യങ്ങളാണ്.

കേരളത്തിൽ 98 -99 % വിജയം കേൾക്കുമ്പോൾ നല്ല കാര്യമാണ് എന്നു തോന്നും. അതിൽ ഒരു അമ്പത് ശതമാനതിന്നു ശരാശരി കാര്യങ്ങൾ അറിയാമായിരിക്കും. അതിൽ ഏതാണ്ട് 20% കുറെയേറെ ഗ്രഹിച്ചിരിക്കാം. പത്തു ശതമാനം പഠനത്തിലും അതിനു അപ്പുറമുള്ള കാര്യങ്ങളിലും  മികച്ച കഴിവുള്ളവരാകാം .അതു പണ്ടും ഇന്നുമുണ്ട്.

നമ്മൾ എല്ലാവരും ഇപ്പോൾ സ്മാർട്ട്‌ ക്ലാസ് റൂമുകളെകുറിച്ചും നല്ല സ്കൂൾ ബില്ഡിങ്ങിനെകുറിച്ച്. നല്ല ടോയ്‌ലെറ്റ് ഉള്ള സ്‌കൂളുകളെകുറിച്ചും 'മികച്ച ' പൊതു വിദ്യാഭ്യാസത്തെ കുറിച്ചും ഓൺലൈൻ വിദ്യാഭ്യാസത്തെ കുറിച്ചും  അഭിമാനത്തോടെ വാചാലരാകാറുണ്ട്. എല്ലാവരും ടി വി, സ്മാർട്ട്‌ ഫോൺ, ടാബ് എല്ലാം വിതരണം ചെയ്യുന്നു . വളരെ നല്ലതു .

നമ്മൾ കേരളത്തിന്റെ മികച്ച വിദ്യാഭ്യാസത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു അഭിമാനപൂരിതരാകാറുണ്ട് 

എന്നാൽ കേരളത്തിലെ സ്‌കൂളുകളിലും സാധാരണ കോളേജുകളിലും പഠിച്ചു പാസ്സാകുന്ന  ശരാശരി വിദ്യാർത്ഥികളുടെ  വിജ്ഞാന നിലവാരവും സ്കിൽ നിലവാരവും ഏത്രയുണ്ട്?
അതു കൂടുകയാണോ, കുറയുകയാണോ?
ഈ 98-99% വിജയം കുട്ടികളുടെ വിദ്യാഭ്യാസം വിജ്ഞാനത്തിന്റെ അളവ്കോലാണോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക