Image

14 രാജ്യങ്ങളെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്റെ സുരക്ഷിത രാജ്യ പട്ടിക; ഇന്ത്യ. യു,എസ് അനുമതിയില്ല

Published on 30 June, 2020
14 രാജ്യങ്ങളെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്റെ സുരക്ഷിത രാജ്യ പട്ടിക; ഇന്ത്യ. യു,എസ് അനുമതിയില്ല
സൂറിക്: “സുരക്ഷിതം” പട്ടികയില്‍ ഉള്‍പ്പെടുത്തി 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഷെന്‍ഗണര്‍ മേഖലയില്‍ പ്രവേശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കി. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അനുമതിയില്ല. ജൂലൈ ഒന്നു മുതലാണ് ഇയു അവരുടെ ബാഹ്യ അതിര്‍ത്തികള്‍ തുറക്കുന്നത്.

അനുമതിയുള്ള 14 രാജ്യങ്ങള്‍ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, ജപ്പാന്‍, മൊറോക്കോ, ദക്ഷിണ കൊറിയ, അള്‍ജീരിയ, ജോര്‍ജിയ, മോണ്ടിനെഗ്രോ, റുവാണ്ട, സെര്‍ബിയ, തായ്‌ലന്‍ഡ്, ടുണീഷ്യ, ഉറുഗ്വേ എന്നിവയാണ്. എന്നാല്‍ കോവിഡ് രൂക്ഷമായ യുഎസ്, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെ സുരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചൈനയില്‍ കോവിഡ് സ്ഥിതിഗതികള്‍ മെച്ചമാണെങ്കിലും, യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കുള്ള പരസ്പര യാത്രാ കരാറിന് സമ്മതിച്ചാല്‍ മാത്രമേ, ചൈനയെ "സുരക്ഷിത പട്ടികയില്‍" ഉള്‍പ്പെടുത്തുവെന്നും ഇയു കമ്മീഷന്‍ വ്യക്തമാക്കി.

ഇയു രാജ്യങ്ങള്‍ക്ക് പുറമെ ഷെന്‍ഗണര്‍ പരിധിയില്‍വരുന്ന സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്‌ലാന്റ് എന്നിവയ്ക്കും ബാധകമാണ് പട്ടിക. ഇയുവിന് പുറത്തുള്ള രാജ്യങ്ങളിലെ കൊറോണ സ്ഥിതിഗതികള്‍ യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ തുല്യമോ, മികച്ചതോ എന്നു വിലയിരുത്തിയാണു രാജ്യങ്ങളെ സുരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. തൊട്ടുമുമ്പുള്ള രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷം പേരില്‍ 16 പേരില്‍ അധികം കോവിഡ് ബാധിതര്‍ പാടില്ല എന്നതാണ് ഇയു വച്ചിട്ടുള്ള മാനദണ്ഡം.

അന്തിമ തീരുമാനം ആത്യന്തികമായി അംഗരാജ്യങ്ങളെ ആശ്രയിച്ചിരിക്കും. സുരക്ഷിത രാജ്യ പട്ടിക രാഷ്ട്രീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതാണെങ്കിലും, അതിന് നിയമ സാധുതയില്ല. ഇയു കമ്മിഷന്‍ നിര്‍ദേശം പാലിക്കപ്പെടുന്നതാണ് നടപ്പെങ്കിലും, അംഗ രാജ്യങ്ങള്‍ക്ക് സ്വതന്ത്ര തീരുമാനത്തിന് അനുമതിയുണ്ട്. രണ്ടാഴ്ച്ച കൂടുമ്പോള്‍ ലോക രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ, ഒഴിവാക്കുകയോ ചെയ്യാം. ഷെന്‍ഗണര്‍ പരിധിയില്‍ റെസിഡന്റ് പെര്‍മിറ്റുള്ള വിദേശികള്‍ക്കും, ജോലിക്കാര്‍ക്കും നിരോധനം ബാധകമല്ലെന്നും ഇയു വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക