Image

ഒരു സാധാരണ ആസ്വാദകയായ എന്റെ കണ്ണിലൂടെ *ജലസമാധി*

സുഗുണാ രാജൻ, പയ്യന്നൂർ Published on 30 June, 2020
ഒരു സാധാരണ ആസ്വാദകയായ എന്റെ കണ്ണിലൂടെ *ജലസമാധി*

ഇപ്പോൾ ദേശീയ അന്തർ ദേശീയ പുരസ്‌കങ്ങളുടെ പൊൻതിളക്കത്തിലാണ് ജലസമാധി.

ലസമാധിയുടെ പ്രിവ്യൂ കാണാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കാണുന്നു.  രണ്ട് മണിക്കൂർ കടന്നുപോയത് അറിഞ്ഞതേയില്ല. 

 ഇതൊരു സിനിമയായിട്ട് തോന്നിയതേയില്ല.  കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു സിനിമ കാണുന്ന പ്രതീതി ഉളവായതേയില്ല,  മറിച്ച് മുനിസ്വാമിയുടെയും സെൽവന്റെയുമൊക്കെ കൂടെ നമ്മളും ജീവിക്കുകയായിരുന്നു... 

മീനാക്ഷിപാളയത്തെ ജാഡകളും വെച്ചുകെട്ടുകളുമില്ലാത്ത,  ദാരിദ്ര്യത്തിന്റെ ദൈന്യത കണ്മഷിയെഴുതിയ കുറച്ചു പച്ച മനുഷ്യരുടെ നിത്യജീവിതത്തിന്റെ നേർക്കാഴ്ച്ച.   

തമിഴ്‌നാട്ടിലെ ചില ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്നും നടക്കുന്ന വലിയൊരു സാമൂഹിക വിപത്തിനു നേരെ വിരൽ ചൂണ്ടുന്ന സിനിമ.   പ്രശസ്ത കഥാകൃത്ത് ശ്രീ സേതുവിൻറെ *അടയാളങ്ങൾ* എന്ന കഥ സിനിമയാക്കിയപ്പോൾ മുനിസ്വാമിയുടെയും മകളുടെയും ഭാര്യ ചെമ്പകത്തിന്റെയും,  കമ്പനിയുടെ സുപ്രണ്ടിന്റെയും ഓഫീസർ നിവേദിതയുടേയുമൊക്കെ നിറപ്പകിട്ടുകളില്ലാത്ത,  തീർത്തും നിറം മങ്ങിയ ജീവിതത്തിലെ വികാരഭരിതമായ ഏടുകളും മുഹൂർത്തങ്ങളും തന്മയത്വത്തോടെ,  അതിമനോഹരമായ പശ്ചാത്തല സംഗീതത്തിന്റെയും മനസ്സിൽ വേദനയുടെ ചൂളകൾ നിറയ്ക്കുന്ന സീനുകളുടെയും അകമ്പടിയോടെ കാണികളിലേക്ക് സന്നിവേശിപ്പിക്കാൻ,  നിർമ്മാതാവും സംവിധായകനുമായ ശ്രീ വേണു നായർ കാഴ്ച്ച വെച്ച അനിതരസാധാരണമായ പ്രതിഭ എടുത്തു പറയേണ്ടതാണ്. 

പരിസ്ഥിതി മലിനീകരണത്തിനെതിരെയും മറ്റും യാതൊരു വിധ മുൻകരുതലുകളുമെടുക്കാതെ,  സമൂഹത്തിലെ  ധനമോഹികളായ കുറെ ഉന്നതന്മാരുടെ ദുഷ്പ്രവൃത്തികൾക്കും തിന്മകൾക്കും നേരെ ഉയർന്ന ക്യാമറക്കണ്ണുകൾ സമൂഹമധ്യത്തിലേക്ക് മൂല്യമേറിയ ഒരു സന്ദേശമെത്തിക്കുന്നു.   

ആഡംബര സമൃദ്ധമായ ഒരു സെറ്റു പോലും ഈ സിനിമയിലെങ്ങും കാണുവാൻ കഴിഞ്ഞില്ല.... പട്ടിന്റെയും പളപളപ്പിന്റെയും കണ്ണുമഞ്ഞളിപ്പിക്കുന്ന ആടയാഭരണങ്ങളുടെയും തിളക്കങ്ങളും കഥയിലൊരിടത്തും ഉപയോഗിച്ചിട്ടേയില്ല... പകരം ജീവിതക്കരി പുരണ്ട ഉടുപ്പുകളിട്ട,  കണ്ണുകളിൽ ദൈന്യതയുടെ പീളയടിഞ്ഞ കുറെ സാധാരണക്കാർ മാത്രം.. എങ്കിലും ഈ സിനിമയുടെ മുന്നോട്ടുള്ള കഥാവഴികളിലെ സമ്പന്നത തിയേറ്റർ വിട്ട് പുറത്തിറങ്ങിയിട്ടും മനസ്സിൽ നിന്നും ഇറങ്ങിപ്പോവാൻ കൂട്ടാക്കാത്തവയാണ്. 

അതിസൂക്ഷ്മമായി സമൂഹത്തെ നിരീക്ഷിച്ച് ഓരോ സീനും കൃത്യവും വസ്തുനിഷ്ഠവുമായ ഊടും പാവും ചേർത്തു നെയ്‌തെടുത്തൊരു മനോഹരകാവ്യം പോലുള്ള സൃഷ്ടി കാണികളെ അത്ഭുതപരന്ത്രരാക്കുന്നു.   

ഭാസ്കർ എന്ന നടനിൽ ഭദ്രമായ മുനിസ്വാമിയെന്ന കഥാപാത്രം പെയ്തു തോർന്നു തീർന്നിട്ടും മനസ്സിൽ മരം പെയ്യുന്ന അനുഭവമായി. 

സ്ലോ മോഷനിൽ നടന്നു വരുമ്പോൾ കയ്യടിക്കാൻ നീണ്ട താരനിരകളോ നക്ഷത്രത്തിളക്കങ്ങളോ ഇല്ലാതിരുന്നിട്ടും മികച്ച കയ്യടക്കത്തോടെ,  ഏറെ ശ്രദ്ധയോടെ തുടക്കം മുതൽ തന്നെ ഓരോ രംഗവും മനുഷ്യമനസ്സുകളെ ഇളക്കി മറിക്കാൻ പോന്ന അനുഭവമാക്കാൻ സംവിധായകന് കഴിഞ്ഞു. 

അതിനൂതനവും അതീവ ഹൃദ്യവുമായ മാന്ത്രിക സ്പർശമുള്ള പശ്ചാത്തല സംഗീതത്തിലൂടെ കിളിമാനൂർ രാമവർമ്മ തന്റെ സിനിമാ ജീവിതത്തിലെ പുതിയൊരു സാധ്യതയെയാണ് പ്രേക്ഷകർക്കായി പകർന്നു നൽകിയത്.   ചിലയിടങ്ങളിൽ സംഭാഷണങ്ങളെക്കാളും മനസ്സിൽ കൊണ്ടുകയറിയ മ്യൂസിക് സ്നേഹസമുദ്രം പോലെ മനസ്സിനെ സ്പർശിക്കുന്നു.   

ഈയൊരു സിനിമയിലൂടെ  വേണു നായർ എന്ന സംവിധായകൻ തന്റെ സംവിധായകമികവ് സിനിമാലോകത്തെ അറിയിച്ചു കഴിഞ്ഞു എന്നു പറയാൻ സന്തോഷമുണ്ട്.

പലപ്പോഴും സിനിമയെന്നാൽ സൗന്ദര്യാത്മക മേഖലയിൽ മാത്രം അഭിരമിക്കുന്ന കലയായാണ് പൊതുവെ വിവക്ഷിക്കുന്നതെങ്കിലും *ജലസമാധി* എന്ന സംരംഭത്തിലൂടെ വേണു നായർ എന്ന സംവിധായകൻ പറഞ്ഞു വെക്കുന്നത് തികച്ചും നിറം മങ്ങിയ,  അതേസമയം സുപ്രധാനവുമായ ഒരു വിഷയമാണ്. 

 60 വയസ്സൊക്കെ കഴിയുമ്പോൾ,  ഉപയോഗവും ഉപകാരവും ഇല്ലാത്ത അവസ്ഥയിലെത്തുമ്പോൾ  അച്ഛനമ്മമാരെ ഇല്ലാതാക്കുന്ന ഹൃദയഭേദകമായ രംഗങ്ങൾ  കാരമുള്ളുകളായി പ്രേക്ഷകഹൃദയങ്ങളിൽ കുത്തിക്കയറുന്നതായിരുന്നു.

ഇതുപോലുള്ള നല്ല കൂട്ടുകെട്ടിലൂടെ സമൂഹനന്മയ്ക്കുതകുന്ന നല്ല നല്ല സൃഷ്ടികൾ വേണു നായരെന്ന സംവിധായകന്റെതായി ഇനിയുമിനിയും പിറവിയെടുക്കട്ടെ.





ഒരു സാധാരണ ആസ്വാദകയായ എന്റെ കണ്ണിലൂടെ *ജലസമാധി*
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക