Image

ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ചൈന

Published on 30 June, 2020
ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ചൈന

59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി തങ്ങള്‍ക്ക് കടുത്ത ആശങ്കയുളവാക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം. മന്ത്രാലയത്തിന്റെ വക്താവ് ഷാവോ ലിജിയാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 


അന്തര്‍ദ്ദേശീയമായ നിയമങ്ങളും, പ്രവര്‍ത്തിക്കുന്ന രാജ്യത്തെ നിയമങ്ങളും അനുസരിക്കണമെന്നാണ് ചൈനീസ് സര്‍ക്കാര്‍ എല്ലാക്കാലത്തും ബിസിനസ്സുകാരോട് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.


ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ നടപടി. ടിക്‌ടോക് അടക്കമുള്ള വലിയ ജനപ്രിയതയുള്ള ആപ്പുകളാണ് ഇന്ത്യ നിരോധിച്ചവയില്‍ പലതും. ടിക്‌ടോക്കിനു മാത്രം ആറ് കോടിയിലധികം വരിക്കാരുണ്ട് ഇന്ത്യയില്‍.


രാജ്യത്തെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും അവ ഒളിച്ചു കടത്തുന്നുവെന്നുമാണ് ഇന്ത്യ ചൈനീസ് ആപ്പുകള്‍ക്കെതിരെ ആരോപിക്കുന്നത്. ടിക്ടോക്ക്, ഹെലോ, യുസി ബ്രൗസര്‍ തുടങ്ങിയ വലിയ പ്രചാരമുള്ള ആപ്ലിക്കേഷനുകളാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്.


ചൈനയും യുഎസ്സും കഴിഞ്ഞാല്‍ ടിക്‌ടോക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. അടുത്തു തന്നെ 2 ബില്യണ്‍ ഡൗണ്‍ലോഡുകളിലേക്ക് ഈ ആപ്ലിക്കേഷന്‍ എത്താനിരിക്കെയാണ് കമ്ബനിയുടെ ബിസിനസ്സിന് വലിയ ഇടിവ് വരുത്താനിടയുള്ള നീക്കം ഇന്ത്യ നടത്തുന്നത്. 


ആകെ ഡൗണ്‍ലോഡ്സില്‍ 611 ദശലക്ഷം ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. ഉപയോക്താക്കളെ മാത്രമല്ല, നിരവധി തൊഴിലുകളെയും ആപ്ലിക്കേഷനുകളുടെ നിരോധനം ബാധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക