Image

മാണിയെ മറന്നുകൊണ്ടുള്ള തീരുമാനം; രാഷ്ട്രീയ അഭയം നല്‍കിയ ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു: ജോസ് കെ.മാണി

Published on 30 June, 2020
മാണിയെ മറന്നുകൊണ്ടുള്ള തീരുമാനം; രാഷ്ട്രീയ അഭയം നല്‍കിയ ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു: ജോസ് കെ.മാണി


കോട്ടയം: ഐക്യജനാധിപത്യ മുന്നണിയെ പടുത്തുയര്‍ത്താനുള്ള ശക്തിയായിരുന്ന കെ.എം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യു.ഡി.എഫ് എടുത്തതെന്ന് ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍. 

തത്ക്കാലം ഒരു മുന്നണിയിലേക്കുമില്ല. ഉചിതമായ സമയത്ത് ചിതമായ തീരുമാനമുണ്ടാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകും. കെ.എം മാണി രാഷ്ട്രീയ അഭയം നല്‍കിയ ജോസഫ് പാര്‍ട്ടിയേയും പാര്‍ട്ടി ഓഫീസും ഒടുവില്‍ കെ.എം മാണിയുടെ വീടു വരെയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. യു.ഡി.എഫ് തങ്ങളെ മുറിച്ചുമാറ്റി. മുന്നണിയിലേക്കുള്ള ഒരു തിരിച്ചുപോക്കിനെ കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. 

കഴിഞ്ഞ 38 വര്‍ഷക്കാലം ഐക്യ ജനാധിപത്യമുന്നണിയെ പടുത്തുയര്‍ത്താനുള്ള 'സോഴ്‌സ് ഓഫ് പവര്‍' ആയിരുന്നു കെ.എം മാണി. ആ പ്രസ്ഥാനത്തേയും അദ്ദേഹെത്തയുമാണ് യു.ഡി.എഫ് പുറത്താക്കിയത്. കര്‍ഷക പെന്‍ഷന്‍ മുതല്‍ കാരുണ്യ വരെയുള്ള പദ്ധതികള്‍ വഴി യു.ഡി.എഫ് സര്‍ക്കാരിന് ജനകീയ മുഖം കൊടുത്തത് കെ.എം മാണിയും കേരള കോണ്‍ഗ്രസുമാണ്. അത്രയേറെ സംഭാവന നല്‍കിയ കെ.എം മാണിയോടുള്ള ഹൃദയബന്ധത്തെയാണ് ഒരു കാരണവുമില്ലാതെ മുറിച്ചുനീക്കിയത്. ഒരു ലോക്കല്‍ ബോഡി പദവിക്ക് വേണ്ടിയാണത്. 

താഴെ തട്ടിലുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ വരെ മുറിവേല്‍പ്പിച്ചു. യു.ഡി.എഫ് നേതൃത്വത്തില്‍ നിന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ല. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകേണ്ട ധര്‍മ്മവും ചുമതലയും അവര്‍ മറന്നുപോയി. പിറന്നുവീണ നാളുമുതല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ഒളിഞ്ഞുംതെളിഞ്ഞും പലരും ശ്രമിച്ചിട്ടുണ്ട് അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് കേരള കോണ്‍ഗ്രസിനുള്ളത്. 

ഇതുവരെ പറഞ്ഞുകൊണ്ടിരിക്കുന്ന നുണകള്‍ പി.ജെ ജോസഫ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പി.ജെ ഗ്രൂപ്പിന് മാണി രാഷ്ട്രീയ അഭയം കൊടുത്തു. അതിനു ശേഷം പലപ്പോഴും, പ്രത്യേകിച്ച മാണിയുടെ മരണത്തിനു ശേഷം ആ പ്രസ്ഥാനത്തെ, കഴിഞ്ഞ 50 വര്‍ഷക്കാലം വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ, ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. മാണിയുടെ മരണത്തിനു ശേഷവും അങ്ങനെയൊരു നടപടിയുമായി മുന്നോട്ടുപോയപ്പോള്‍ ഈ പ്രസ്ഥാനത്തെ സംരക്ഷിക്കുവാന്‍ ശ്രമിച്ചുവെന്നതാണോ താന്‍ ചെയ്ത തെറ്റ്? -ജോസ് കെ.മാണി ചോദിക്കുന്നു. 

മാണിയുടെ മരണത്തിനു ശേഷം ജോസഫ് ആവശ്യപ്പെട്ടതെല്ലാം അനാവശ്യമായിരുന്നു. ലോക്‌സഭാ സീറ്റ് ചോദിച്ചപ്പോള്‍ തന്നെ ധിക്കാരിയാക്കി. പാര്‍ട്ടി തീരുമാനമെടുത്തപ്പോള്‍, ജോസഫ് പുറത്തുപറഞ്ഞത് താന്‍ തീരുമാനമെടുത്തുവെന്ന്. ലോക്‌സഭാ സീറ്റ് അവിടെയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിന്റെ അവസ്ഥ എന്താകുമായിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പില്‍, പാലായ്ക്ക് പുറത്തുനിന്ന് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നാല്‍ ചിഹ്നം നല്‍കാമെന്നായി ജോസഫ്. എന്നാല്‍ പാലായില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചപ്പോള്‍ അവിടേയും താന്‍ ധിക്കാരിയായി. അകലക്കുന്നം പഞ്ചായത്തിലും ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴും ചിഹ്നം പോലും ലഭിക്കാതെ ഒറ്റയ്ക്ക് നിന്ന് മത്സരിച്ചു ജയിച്ചു. അവിടേയും താന്‍ മോശക്കാരനായി. കാസര്‍ഗോഡ് ബലാല്‍ പഞ്ചായത്തിലും തന്നെ മോശക്കാരനാക്കി. ജില്ലാ പഞ്ചായത്തില്‍ വന്നപ്പോള്‍ ഗ്രൂപ്പ് മാറിയവന് സീറ്റ് നല്‍കണമെന്ന് പറഞ്ഞു. ഒടുവില്‍ തന്റെ വീട് മാണിയുടെ ഓര്‍മ്മയ്ക്ക് മ്യൂസിയം ആക്കണമെന്ന് പറഞ്ഞു. പാര്‍ട്ടിയും വീടും വരെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം കിട്ടാതെ വന്നപ്പോഴാണ് 'മാണിസാറാണ് ചിഹ്ന'മെന്ന് പറയേണ്ടി വന്നത്. 

ഉപതെരഞ്ഞെടുപ്പിനു ശേഷം തന്നെ ഏറെ വ്യക്തിഹത്യ ചെയ്തു. അടുത്ത പത്തിന് മുന്‍പായി എല്ലാ കമ്മിറ്റികളും യോഗം ചേരും. പഞ്ചായത്ത് തെരഞ്ഞെടുപ്പു ഒരുക്കങ്ങളുമായി മുന്നോട്ടുപോകും. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് കെ.മാണി മുന്നണി പ്രവേശത്തെ കുറിച്ച് പ്രതികരിച്ചു. 

യു.ഡി.എഫ് ഞങ്ങളെ മുറിച്ചുമാറ്റി, പുറത്താക്കിയെന്നും ജോസ് കെ. മാണി പറഞ്ഞു. യു.ഡി.എഫ് മുന്നണിയിലേക്ക് തിരിച്ചുപോകാന്‍ ഇനിയും സാധ്യതയുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. 

Join WhatsApp News
Jose 2020-06-30 05:36:51
Abolish Maani Party- waht you guys think?. ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ട്. ജോസ് കെ മാണിയുമായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. ഇത് വിജയിക്കാത്ത സാഹചര്യത്തിലാണ് ഒരിക്കലും ആഗ്രഹിക്കാത്ത ഈ തീരുമാനം എടുത്തതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. Where is rump malayalees?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക