Image

യുദ്ധവും സമാധാനവും ഇവിടെ മുഖാമുഖം (ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 30 June, 2020
യുദ്ധവും സമാധാനവും ഇവിടെ മുഖാമുഖം (ദല്‍ഹികത്ത്: പി.വി.തോമസ്)
 ഇന്‍ഡ്യയും ചൈനയും ഏതാണ്ട് ഒരു യുദ്ധ സന്നാഹത്തില്‍ ആണ്. കാലാകാലങ്ങള്‍ ആയിട്ടുള്ള അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷവും ജൂണ്‍ 15 രാത്രിയിലെ ഗാല്‍വാന്‍ താഴ് വരയിലെ സംഘട്ടനത്തോടെ യുദ്ധോന്മുഖം ആയിരിക്കുകയാണ്. ഇന്‍ഡ്യയുടെ 20 ജവാന്മാര്‍ ആണ് ആ സംഘട്ടനത്തില്‍ വീരമൃത്യു വരിച്ചത്. സമാധാന സംഭാഷണങ്ങള്‍ പട്ടാള-നയതന്ത്ര തലങ്ങളില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും അവ ഫലവത്തായിട്ടില്ല. യുദ്ധവും സമാധാനവും ഇവിടെ ഇപ്പോള്‍ മുഖാമുഖം ആണ്.
ഗാല്‍വാന്‍ നദീതട-താഴ് വരയിലെ ആ സംഘര്‍ഷം ഒരു ഇന്‍ഡോ-ചൈന യുദ്ധത്തിലേക്ക് നയിക്കുമോ? അത് അതിലും വ്യാപകമായ ഒരു മഹായുദ്ധത്തിന് വഴി തെളിക്കുമോ? ഇവയൊന്നും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം. എന്നിരുന്നാലും ഇപ്പോഴത്തെ ഗ്രൗണ്ട് റിയാലിറ്റി പരിശോധിച്ചേ പറ്റൂ.

ഇന്‍ഡ്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാല്‍വാന് ശേഷം ഏതാനും ദിവസത്തെ മൗനത്തിലായിരുന്നു. അതിന് ശേഷം പ്രതികാരത്തിന്റെ ഭാഷയില്‍ ആണ് അദ്ദേഹം സംസാരിച്ചത്. പിന്നീട് അദ്ദേഹം ചൈന ഇന്‍ഡ്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്ന്് പ്രഖ്യാപിച്ചു. പിന്നെ എന്തിന് യുദ്ധസന്നാഹം എന്ന ചോദ്യം അവശേഷിക്കുന്നു. അതുപോലെ തന്നെ 20 ഇന്‍ഡ്യന്‍ സൈനികരുടെ വീരമൃത്യുവും ഒരു കടങ്കഥ അല്ലല്ലോ. മോദി ഒരു രാഷ്ട്രീയ തടിതപ്പലിലൂടെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നോ? അതോ ഏതോ നിഗൂഢമായ ഒരു യുദ്ധതന്ത്രത്തിന്റെ ഭാഗം ആയിരുന്നോ അത്. ഏതായാലും പ്രധാനമന്ത്രിയുടെ ഉറപ്പിനെ വിശ്വസിച്ചേ പറ്റൂ. അതിര്‍ത്തിയിലെ കാര്യങ്ങളില്‍ അദ്ദേഹം ആണ് അവസാനവാക്ക്. ചൈന ഇന്‍ഡ്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയിട്ടില്ല. നമ്മള്‍ വിശ്വസിക്കണം.

പിന്നെ എന്തിനാണ് ഇന്‍ഡ്യയുടെ ചൈനീസ് അംബാസിഡര്‍ വിക്രമം മിസ്‌റി, ഒരു പ്രസ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ ട്വീറ്റ് പ്രകാരം മോദിയുടെ അവകാശവാദത്തെ നിരാകരിച്ചത്? അതിന്റെ അര്‍ത്ഥം ചൈന ഇന്‍ഡ്യന്‍ മണ്ണില്‍ അതിക്രമിച്ചുകടന്നു എന്നല്ലെ? മോദി ഗവണ്‍മെന്റ് ഇത് നിരാകരിച്ചിട്ടില്ല ഇത് എഴുതുന്നതുവരെ. മോദി ഗവണ്‍മെന്റ് ഈ നയതന്ത്ര പ്രതിനിധിക്കെതിരെ നടപടിയും എടുത്തിട്ടില്ല. പകരം വാര്‍ത്താ ഏജന്‍സിയെ ദേശവിരുദ്ധം എന്ന് വിളിച്ചുകൊണ്ട് പ്രസാര്‍ ഭാരതി ഒരു കത്തും അയച്ചു. ബന്ധങ്ങള്‍ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്താണ് ഇവയെല്ലാം വ്യക്തമാക്കുന്നത്? ഇതിനു മുമ്പ് ഇന്‍ഡ്യയുടെ രക്ഷാമന്ത്രി അല്ലേ ചൈന ഇന്‍ഡ്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി നിര്‍മ്മാണ പ്രക്രിയകള്‍ നടത്തുന്നുണ്ടെന്ന് പരാതിപ്പെട്ടത് ? ആരെ വിശ്വസിക്കണം? മോദിയെയോ? രക്ഷാമന്ത്രിയെയോ? അതോ ബീജിങ്ങിലെ ഇന്‍ഡ്യന്‍ നയതന്ത്ര പ്രതിനിധിയെയോ? കാര്യങ്ങള്‍ അങ്ങനെ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്.

ഇതിനിടെ അമേരിക്കന്‍ രാഷ്ട്രപതി ഡൊണാള്‍ഡ് ട്രമ്പ് ഇടപെട്ടു. അദ്ദേഹം മദ്ധ്യസ്ഥത നിര്‍ദ്ദേശിച്ചു. അത് ഇന്‍ഡ്യ നിരാകരിച്ചു. പിന്നീട് അദ്ദേഹം ഇന്‍ഡ്യക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്തൊരു മ്ദ്ധ്യസ്ഥത, എന്തൊരു പിന്തുണ? എന്തൊരു മലക്കം മറിച്ചില്‍? ്അമേരിക്ക കോവിഡില്‍ തകര്‍ന്നിരിക്കുകയാണ്. നവംബറിലെ തെരഞ്ഞെടുപ്പ് ട്രമ്പിന് വന്‍വെല്ലുവിളിയാണ്. ചൈനയാണ് ്അമേരിക്കയുടെ, ഇപ്പോഴത്തെ പ്രധാന ശത്രു. അമേരിക്കയാണ്(ട്രമ്പ്) ചൈനയെ ഇങ്ങനെ ഒരു സാമ്പത്തീക ശക്തിയായി വളര്‍ത്തിയതെന്ന് ഒരു വിഭാഗം ചിന്തകര്‍ വിശ്വസിക്കുന്നു(ഉദാഹരണം, ജോണ്‍ മാര്‍ഷിയമര്‍). അത്യാധൂനിക ഉപകരണങ്ങളും മദ്ധ്യകാല മനസ്ഥിതിയുമുള്ള ചൈന ഏറ്റവും അപകടകാരി ആണെന്ന് ഓര് വെല്ലി ഷെല്ലിയെപോലുള്ള എഴുത്തുകാരും വിശ്വസിക്കുന്നു.

കൊറോണയിലും സാമ്പത്തിക പ്രതിസന്ധിയിലും മുങ്ങി നില്‍ക്കുന്ന അമേരിക്ക രണ്ട് ഏഷ്യന്‍ ഭീമന്മാരെ തമ്മിലടിപ്പിച്ച് സാമ്പത്തീക-രാഷ്ട്രീയ തിരിച്ചു വരവിന് ശ്രമിക്കുകയാണോ? അമേരിക്കയുടെ സേന പുനര്‍വിന്വസിപ്പിക്കല്‍, പിന്തുണ എല്ലാം കണ്ട് ഇന്ത്യ യുദ്ധം എന്ന ചതിക്കുഴിയില്‍ വീഴുമോ? ചൈന ഇതെല്ലാം മുന്‍പേ കണക്കുകൂട്ടി കണ്ടിട്ടുണ്ടാകാം. അമേരിക്ക-ഇന്ത്യ-ഓസ്‌ട്രേലിയ- വിയറ്റ്‌നാം എന്ന ചൈന വിരുദ്ധ കൂട്ടുകെട്ട് ഒരു മിഥ്യ ആയിരിക്കാം. കൊറോണയും(ചൈന കേന്ദ്രീകൃതം) ഗാല്‍വാന്‍ താഴ് വരയും അമേരിക്ക- ചൈന സാമ്പത്തീക, കൊറോണ യുദ്ധവും ഇന്‍ഡ്യക്ക് ഒരു കെണി ആകരുത്. ഇന്‍ഡ്യയുടെ ചുമലില്‍ തോക്ക് വച്ചു ചൈനയെ വെടിവെക്കുവാന്‍ നിന്നു കൊടുക്കരുത്. ചൈനയുമായുള്ള കണക്കുതീര്‍ക്കല്‍ രാഷ്ട്രീയ- പട്ടാള-നയതന്ത്രതലത്തില്‍ നേരിട്ട് വേണം നടത്തുവാന്‍.

അത് സാധിച്ചില്ലെങ്കില്‍ കേന്ദ്രഗവണ്‍മെന്റ് പരാജയപ്പെട്ടു എന്നാണ് അര്‍ത്ഥം. അതിന്, ഇടവരത്തരുത് മേദിയും ഷായും രാജ്‌നാഥ് സിംങ്ങും. ആഗോള രാഷ്ട്രീയത്തില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ചുങ്ക വിഹിത തര്‍ക്കവും ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള കച്ചവട തര്‍ക്കങ്ങളും എല്ലാം കണക്കിലെടുക്കണം. അവ തീര്‍ക്കുവാനുള്ള ഒരു വേദിയായി ഗാല്‍വാന്‍ താഴ് വര(ലഡാക്ക്) മാറരുത്.
ഗാല്‍വാനില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രം ഇല്ല. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ, പുരോഗതിയുടെ കാര്യം അറിയില്ല. പ്രധാനമന്ത്രി പറയുന്നതു പ്രകാരം ചൈന ഇന്‍ഡ്യയുടെ  സ്ഥലത്തേക്ക് കൈയ്യേറിയിട്ടില്ലെങ്കില്‍ കെട്ടിടങ്ങള്‍ പണിതിട്ടില്ലെങ്കില്‍, റോഡ് നിര്‍മ്മിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തു ചര്‍ച്ച? എന്ത് സേനാ പിന്മാറ്റം? കാര്യങ്ങള്‍ വ്യക്തമാക്കണം. പാങ്ങോങ്ങ് തടാകക്കരയില്‍ സംഘര്‍ഷം ആരംഭിക്കുന്നത് 2019 സെപ്തംബറില്‍ ആണ്. അതായത് ഇന്‍ ലഡാക്ക് ഉള്‍പ്പെടുന്ന ജമ്മു-കാശ്മീരിന്റെ ഭരണഘടനപ്രകാരമുള്ള അന്തസ്സ്  മാറ്റിയപ്പോള്‍. എന്താണ് ഇവ തമ്മിലുള്ള ബന്ധം?
പ്രധാനമന്ത്രി മോദിയുടെ ഒരു പ്രസ്താവന പ്രകാരം ഇന്‍ഡ്യ ചൈനക്ക് ഉചിതമായ മറുപടി നല്‍കി കഴിഞ്ഞു. എങ്കിലും കര-വായു സേനകള്‍ എന്തിനും തയ്യാറായി നിലകൊളളുകയാണ്. മോദി അദ്ദേഹത്തിന്റെ 'മന്‍കീ ബാത്ത്' എന്ന പ്രതിമാസ റേഡിയോ പ്രക്ഷേപണത്തില്‍ രാജ്യത്തിന് ഉറപ്പ് നല്‍കുകയുണ്ടായി ഇന്‍ഡ്യയുടെ മണ്ണില്‍(ലഡാക്ക്) കണ്ണുവച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന്. എന്നിട്ടും 8 ആഴ്ച നീണ്ടു നില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷത്തിന് ഒരു അവസാനവും കാണുന്നില്ല. എന്തുകൊണ്ട്? ജനം എന്ത് വിശ്വസിക്കണം? ഇന്‍ഡ്യയുടെ മണ്ണില്‍ ചൈന ആധിപത്യം സ്ഥാപിച്ചിരിക്കുകയാണോ? ആണെങ്കില്‍ ചൈനീസ് സേന എന്തുകൊണ്ട് ഗാല്‍വാന്‍ നദീതട താഴ് വര പ്രദേശത്തു നിന്നും പിന്‍വാങ്ങുന്നില്ല? 

ഇന്‍ഡ്യയുടെ സര്‍വ്വാധികാരവും അതിര്‍ത്തി ഭദ്രതയും കാത്ത് സൂക്ഷിക്കുവാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം ആണെന്ന് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഉയര്‍ന്നതല ഉദ്യോഗസ്ഥന്മാര്‍ ആവര്‍ത്തിച്ചു പറയുന്നു. ചര്‍ച്ചകള്‍ തുടരുന്നു എന്നല്ലാതെ ഒന്നും പറയുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ചൈനയുടെ പട്ടാള പിന്‍വാങ്ങലും ഇന്‍ഡ്യയുടെ അജണ്ടയിലുണ്ടെന്ന് ഇവര്‍ ആവര്‍ത്തിച്ചു പറുന്നു. ചൈനയുടെ പട്ടാളം ഇന്‍ഡ്യയുടെ മണ്ണില്‍ ഉണ്ടോ? ഇല്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ജനം ആരെ വിശ്വസിക്കണം.

'ഈ കാലത്ത് ആരും ഒരു യുദ്ധം ജയിക്കുന്നില്ല. 2020 ലെ ഇന്‍ഡ്യ 1962-ലെ ഇന്‍ഡ്യ അല്ല. അതിന് വളരെ വ്യാപകമായ ആഗോളബന്ധ വ്യാപ്തി ഉണ്ട്. ചൈനയുടെ ഉന്നം ഒരു പരമോന്നത ശക്തി ആകുവാന്‍ ആണ്. മറ്റുള്ളവരില്‍ ഭീതി വളര്‍ത്തുവാന്‍ ആണ്. അവര്‍ മനസിലാക്കേണ്ട കാര്യം അവര്‍ക്ക് പഴയ സ്ഥാനത്തേക്ക് പിന്‍വാങ്ങേണ്ടിവരും എന്നാണ്.' ഈ വാക്കുകളും ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഉന്നതാധികാരികളുടേതാണ്. ആഗോള കൂട്ടുകെട്ട് കണ്ടുകൊണ്ട് ഇന്‍ഡ്യ ഒരു അതിസാഹസികതക്ക് മുതിരുമോ? അതും ചൈനയുമായി. പഴയ സ്ഥാനത്തേക്ക് പിന്‍വാങ്ങണമെന്ന് മുന്നറിയിപ്പ് പ്രധാനമന്ത്രിയുടെ പ്ര്‌സ്താവനയുമായി ഒത്തുപോകുന്നുമില്ല. സത്യം ജനം അറിയണം.

ട്രമ്പിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ അദ്ദേഹത്തിന്റെ ഈയിടെ ഇറങ്ങിയ പുസ്തകത്തില്‍(ദ റൂം വെര്‍ ഇറ്റ് ഹാപ്പന്‍ട്ട്: എന്ന വൈറ്റ് ഹൗസ് മെമ്മയര്‍) പറയുകയുണ്ടായി ട്രമ്പിന് പരിമിതമായ അറിവേ കുഴഞ്ഞുമറിഞ്ഞ ലോക വ്യവസ്ഥയെ കുറിച്ചും രാജ്യസുരക്ഷയെ കുറിച്ചും ഉള്ളൂ. ബുദ്ധിപൂര്‍വ്വമായ നയപരിപാടി ആസൂത്രണം ട്രമ്പിന്റെ ഭരണ വ്യവസ്ഥയില്‍ ഇല്ല. മോദിയും ഷായും രാജ്‌നാഥ് സിങ്ങും കലര്‍ന്ന ഈ ത്രിമൂര്‍ത്തി സമൂഹവും ഈ വകകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. യുദ്ധം കുട്ടിക്കളി അല്ല. രാജ്യത്തിന്റെ അഭിമാനം അടിയറവ് വയ്ക്കുവാനുള്ളതല്ല. എല്ലാകാര്യത്തിലും സുതാര്യത വേണം ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍. യുദ്ധസമാനമായ സാഹചര്യത്തില്‍ പരസ്പരം അഴിമതി ആരോപണങ്ങള്‍ നടത്തി രാജ്യമീംമാസയെ പിള്ള കളി ആക്കരുത്. ചൈനയില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷനും(കോണ്‍ഗ്രസ്) അവിടെ നിന്നും തന്നെ 'പി.എം.കെയര്‍' എന്ന മോദി സര്‍ക്കാര്‍ ട്രസ്റ്റും പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അത് അതിര്‍ത്തി സംഘര്‍ഷവുമായി കൂട്ടികലര്‍ത്തി രാജ്യത്തിന്റെ പരമാധികാരത്തെയും അതിര്‍ത്തിയുടെ ഭദ്രതയെയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുവാനുള്ള കരുക്കള്‍ ആക്കരുത്.

യുദ്ധവും സമാധാനവും ഇവിടെ മുഖാമുഖം (ദല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക