Image

ഓരോ കുട്ടിയും ജീനിയസാണ് (ഡഗ്ളസ് ജോസഫ്)

Published on 29 June, 2020
ഓരോ കുട്ടിയും ജീനിയസാണ് (ഡഗ്ളസ് ജോസഫ്)
ലോകത്തെ  മാറ്റിമറിച്ച ഏതു കണ്ടുപിടുത്തങ്ങളോ, സംരഭങ്ങളോ എടുത്തുനോക്കിയാലും അതിനെല്ലാം പിന്നിൽ  അമേരിക്കക്കാരാണെന്നുള്ളത്    വളരെ അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ് , ആപ്പിൾ  ഫോൺ ,പേർസണൽ കമ്പ്യൂട്ടർ, ഫേസ് ബുക്ക് , വാട്ട്സ്ആപ്, ഇമെയിൽ, മൊബൈൽ ഫോൺ , വീഡിയോ  ഗെയിംസ് ,ഇന്റർനെറ്റ്, ജി.പി.എസ് , ലെഡ് , യൂബർ തുടങ്ങി അടുത്തകാലത്തു മനുഷ്യജീവിതത്തെ സ്വാധിനിക്കുന്ന കാര്യങ്ങൾ മുതൽ വിമാനം,  മൈക്രോവേവ് അവൻ , കീമോ തെറാപ്പി, ട്രാഫിക് ലൈറ്റ്സ് , കാറുകളിലെ ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ, ഇലക്ട്രിക്ക് ഗിറ്റാർ എന്നിങ്ങനെ പഴയ കാല സംഗതികൾ  വരെ ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങളാണ് അമേരിക്കക്കാരുടെ പേരിലുള്ളതാണ്. അമേരിക്കക്കാർ  കഴിഞ്ഞാൽ , അടുത്തകാലത്തു ചൈനയുടെ മുന്നേറ്റം ഒഴിച്ചാൽ ഇംഗ്ലണ്ട് , ജർമ്മനി , റഷ്യ  തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളാണ് സാങ്കേതിക വിദ്യയിലും, കണ്ടുപിടുത്തങ്ങളിലും മുന്നിൽ നിൽക്കുന്നത്. വർഷങ്ങളായി ശാസ്ത്ര, സാഹിത്യ മേഖലയിലെ നൊബേൽ സമ്മാനങ്ങളും ബഹുഭൂരിപക്ഷവും കയ്യടക്കുന്നത് അമേരിക്കക്കാരും , യൂറോപ്യൻസുമാണ്.

എന്തുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങൾ ശാസ്ത്ര, സാങ്കേതിക , കായിക മേഖലകളിൽ വൻ മുന്നേറ്റം നടത്തുന്നത്?  മറ്റു രാജ്യങ്ങൾ പിന്നോക്കം നിൽക്കുന്നതെന്തുകൊണ്ട് ? ഈ ചോദ്യം നമ്മളെ എത്തിക്കുന്നത്  സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കാണ്.       നൂറ്റാണ്ടുകളായി  തുടർന്നുവരുന്ന  നമ്മുടെ  സ്കൂൾ വിദ്യാഭ്യാസം  കുട്ടികളുടെ വിവിധ  കഴിവുകളെ  വളർത്താനോ, സമുഹത്തിന് ഉപകരിക്കുന്ന വിധം അവരെ മാറ്റിയെടുക്കാനോ ഉപകരിക്കുന്നില്ല.  അമേരിക്കയിലോ, യൂറോപ്യൻ രാജ്യങ്ങളിലോ കുടിയേറിയ നമ്മുടെ നാട്ടിൽ നിന്നുള്ളവർ  പരാതിപ്പെടുന്ന ഒരു കാര്യമാണ് അവിടെ സ്കൂളിൽ കുട്ടികളെ ചേർക്കുമ്പോൾ ആറാം ക്ലാസ്സ്  വരെ ഒന്നും പഠിപ്പിക്കുന്നല്ല, കുട്ടികൾ വെറുതെ പാട്ടുപാടിയും , പടം വരച്ചും, പലവിധ ആക്ടിവിറ്റികൾ ചെയ്തും സമയം കളയുന്നു എന്നുള്ളത് . നമ്മുടെ  നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം പ്രകാരം മൂന്നു വയസു മുതൽ കനത്ത ഭാരമാണ് കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത്.  മനഃപാഠമാക്കിയും, കാണാതെ  പഠിച്ചും കുട്ടികൾ  പാഠഭാഗങ്ങൾ വിഴുങ്ങുന്നു.

നമ്മുടെ നാട്ടിൽ ഇപ്പോഴും പിന്തുടരുന്നത്  പഴഞ്ചൻ  വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിൽ  അധിഷ്ടിദമായ രീതിയാണ്. അതുപ്രകാരം കുട്ടികൾ രണ്ടു  തരം  പഠന നൈപുണി അഥവാ  ബുദ്ധിശക്തി നിലവാരം ഉള്ളവരാണ്.  ഒന്നാമത്തേത് ,ഗണിത  - യുക്തിപൂര്‍വ്വമുളള ചിന്ത   (Logical-mathematical intelligence) രണ്ടാമത്തേത്  ഭാഷാപരമായ ബുദ്ധി  നിലവാരം   (Linguistic intelligence ) . ലോജിക്കൽ ഗണിത  ബുദ്ധിശക്തി ഉള്ള കുട്ടികൾ മാത്‍സ്, ഫിസിക്സ് , അക്കൗണ്ടൻസി തുടങ്ങിയ വിഷയങ്ങളിൽ മികവ് കാട്ടും. ലിങ്‌വിസ്റ്റിക്  ബുദ്ധിശക്തി ഉള്ള കുട്ടികൾ ഭാഷാ വിഷയങ്ങൾ, ചരിത്രം, സാമൂഹികവിഷയങ്ങൾ എന്നിവയിൽ ശോഭിക്കും.  അതിനാൽ കണക്കിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ ബുദ്ധിയില്ലാത്തവരായും ഐ. ക്യു കുറഞ്ഞവരായും ചിത്രീകരിക്കുന്നു. എന്നാൽ കണക്കിന് ഉയർന്ന മാർക് നേടിയ ചില വിദ്യാർഥികൾ, ഭാഷാപരമായ ബുദ്ധി  നിലവാരം കുറവുള്ളതിനാൽ ഭാഷ വിഷയങ്ങളിലും, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലും പിന്നോക്കം പോകുന്നു. കായികം , കല, അഭിനയം , സംഗീതം , സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യമായ മേഖലകളിൽ ശോഭിക്കേണ്ട ലക്ഷകണക്കിന് കുട്ടികളുടെ ഭാവിയാണ്  നമ്മുടെ സ്കൂളുകളിൽ  വർഷങ്ങളായി പിന്തുടരുന്ന ഇരട്ട ബുദ്ധിശക്തി അഥവാ നൈപുണി വികസനത്തിലുടെ ഇരുളടഞ്ഞത്. കണക്കിന് മോശമായതിന്റെ പേരിൽ അധ്യാപകരുടെ പരിഹാസത്തിനു പാത്രമായി   സ്കൂൾപഠനത്തോടെ വിദ്യാഭ്യാസം  അവസാനിപ്പിച്ച അനേകം കുട്ടികളുണ്ട്.  എന്നാൽ അവരിൽ ഉറങ്ങിക്കിടക്കുന്ന നിരവധി കഴിവുകളെ അല്ലെങ്കിൽ വ്യത്യസ്തമായ ബുദ്ധി നിലവാരത്തെ കണ്ടെത്തി  പരിപോഷിപ്പിക്കാൻ  നമ്മുടെ സ്കൂളുകൾ പരാജയമാണ്.

എന്തുകൊണ്ടു ലോകത്തെ മാറ്റിമറിക്കുന്ന നിരവധി പ്രതിഭാശാലികളെ  സംഭാവന ചെയ്യാൻ അമേരിക്കയ്ക്കും , യൂറോപ്യൻ രാജ്യങ്ങൾക്കും സാധിക്കുന്നു എന്നതിന് ഉത്തരമാണ്‌ അവിടങ്ങളിൽ പിൻതുടരുന്ന വൈവിധ്യ ബുദ്ധിശക്‌തി ( Multi - Intelligence ).  എന്താണ് ഈ വൈവിധ്യ ബുദ്ധിശക്‌തിയിൽ അടങ്ങിയ വിദ്യാഭ്യാസ സമ്പ്രദായം എന്ന് മനസിലാക്കുന്നതിന്  ഉപകരിക്കുന്ന  കഥയുണ്ട്.

 

പണ്ട് കാട്ടിൽ മൃഗങ്ങൾക്കായി ഒരു ഒളിംപിക്സ്  സംഘടിപ്പിച്ചു.  വിവിധ കായിക  മത്സര ഇനങ്ങൾ അടങ്ങിയ കായിക മാമാങ്കത്തിൽ മൃഗങ്ങൾ ആവേശപൂർവം പങ്കെടുത്തു.  മരംകയറ്റ മത്സരത്തിൽ അണ്ണാൻ  റെക്കോഡ് വേഗത്തിൽ ഒന്നാമതെത്തി. പക്ഷെ  മുതല  ഒന്നാമതെത്തിയ നീന്തൽ മത്സരത്തിൽ, പങ്കെടുക്കാനിറങ്ങിയ അണ്ണാൻ വെള്ളം കുടിച്ചു മുങ്ങിതാണു.  വെയിറ്റ് ലിഫ്റ്റിങ്ങിൽ ആന ഒന്നാമതെത്തി. പക്ഷെ  മുയൽ ഒന്നാമതെത്തിയ ഓട്ടമത്സരത്തിൽ, ഏറ്റവും പിറകിലായിരുന്നു ആനയുടെ സ്ഥാനം. ചുരുക്കത്തിൽ, മൃഗങ്ങളിലും, മനുഷ്യരിലും വ്യത്യസ്‌തമായ കഴിവുകളാണ് സർവശക്തൻ നിക്ഷേപിച്ചിരിക്കുന്നത്.

1983 ലാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഗാർണരാണ്  വൈവിധ്യ ബുദ്ധിശക്‌തി  (multiple intelligence )എന്ന വിദ്യാഭ്യാസ രംഗത്തെ അടിമുടി മാറ്റിമറിച്ച ആശയം മുന്നോട്ടുവച്ചത് .  ഗാർനെർ  കുട്ടികളിൽ അതുവരെ പിന്തുടർന്നു വന്ന രണ്ടിന ബുദ്ധിശക്തിക്കു പകരം എട്ടു വിധ ബുദ്ധിശക്തിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ തിയറി അവതരിപ്പിച്ചു.

•             ഭാഷാപരമായ  ബുദ്ധിശക്തി( Linguistic intelligence.)

•             ഗണിത - യുക്തി  ബുദ്ധിശക്തി (Logical-mathematical intelligence )

•             വിഷ്വൽ  ബുദ്ധിശക്തി (Spatial intelligence)

•             കായിക  ബുദ്ധിശക്തി (Bodily-Kinesthetic intelligence )

•             സംഗീത ബുദ്ധിശക്തി( Musical intelligence )

•             ആശയവിനിമയ ബുദ്ധിശക്തി  (Interpersonal intelligence)

•             സ്വയ ബുദ്ധിശക്തി ( Intra-personal intelligence )

•             പ്രകൃതി നീരിക്ഷണ ബുദ്ധിശക്തി (Naturalist intelligence)

ഗാർനെർ തിയറി പ്രകാരം ഓരോ കുട്ടിയും  തങ്ങളുടേതായ  രീതിയിൽ ജീനിയസാണ്. കണക്കിനോ, സയൻസിനോ, ഇംഗ്ലീഷിനോ മോശമായ മണ്ടൻ, പഠിക്കാൻ കൊള്ളാത്തവൻ എന്നൊക്കെ പറഞ്ഞു എഴുതി തള്ളാൻ വരട്ടെ. അവർ ഒരുപക്ഷേ സംഗീത, കായിക, കമ്മ്യൂണിക്കേഷൻ ബുദ്ധിശക്തി ഉള്ളവരായിരിക്കും. നാളെ ലോകമറിയുന്ന എഴുത്തുകാരനോ, ഗായകനോ, കവിയോ, കായികതാരമോ, സിനിമാതാരമോ, ടെലിവിഷൻ  അവതാരകനോ, പ്രഭാഷകനോ ഒക്കെ ആയിത്തീരാം. ക്രിക്കറ്റിലെ ദൈവം എന്നറിയപ്പെടുന്ന സച്ചിൻ തെണ്ടുൽക്കർ ഇതിനുദാഹരണമാണ്. പഠനത്തിൽ മോശമായിരുന്നു സച്ചിൻ, പത്താം ക്ലാസ്സിൽ ഇംഗ്ലീഷിന്  തോറ്റിരുന്നു. ഒരു പ്രഫസറും, മറാത്തിയിലെ അറിയപ്പെടുന്ന എഴുത്തുകാരനുമായിരുന്ന സച്ചിന്റെ പിതാവ് മകൻ ചെറുപ്പത്തിലെ മികവു കാട്ടിയിരുന്ന ക്രിക്കറ്റിൽ അവന് എല്ലാവിധ പിന്തുണയും നൽകി.  ഗാർനെർ തിയറി പ്രകാരം സച്ചിൻ പരമ്പരാഗത ബുദ്ധിശക്തി അളവുകോലായ ഭാഷാപരമായ  ബുദ്ധിശക്തി ( Linguistic intelligence) ഗണിത - യുക്തി  ബുദ്ധിശക്തി എന്നിവയിൽ പിന്നിലായിരിക്കാം. പക്ഷേ സച്ചിൻ കായിക  ബുദ്ധിശക്തിയിൽ  (Bodily-Kinesthetic intelligence ) മുന്നിലായിരുന്നു.
അതിനാൽ, കണക്കിനോ, മറ്റു പാഠ്യ വിഷയങ്ങൾക്കോ നിങ്ങളുടെ മക്കൾ മോശമാണെന്നു കരുതി അവർക്കു ഭാവിയില്ല എന്നു വിധിയെഴുതരുത്. വിവിധങ്ങളായ ബുദ്ധിശക്തിയുടെ, കഴിവുകളുടെ കേദാരമാണ് ഓരോ കുട്ടിയും. അവരുടെ കഴിവുകൾ കണ്ടെത്തി പിന്തുണ കൊടുക്കുക. നാളെ അവർ ലോകമറിയുന്ന പ്രതിഭകളാവും.

ഓരോ കുട്ടിയും ജീനിയസാണ് (ഡഗ്ളസ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക