Image

വാക്കുകളുടെ വണ്ടി ( കവിത :കാവ്യഭാസ്ക്കർ ബ്രഹ്മമംഗലം )

Published on 29 June, 2020
വാക്കുകളുടെ വണ്ടി ( കവിത :കാവ്യഭാസ്ക്കർ ബ്രഹ്മമംഗലം )

എന്നും മനസ്സിന്റെ
യുള്ളറയിൽ നിന്നും
വാക്കുകളുടെ വണ്ടി
പുറപ്പെടും.
വാക്കുകളെയെല്ലാം
കുത്തിനിറച്ചുകൊണ്ട്
ആടിയാടിയാണതിന്റെ വരവ്.
ചില നേരങ്ങളിൽ
വാക്കുകളുടെ 
തള്ളിക്കയറ്റത്താൽ
വണ്ടി നിന്നു പോകും.
നാവിൻതുമ്പിൽകിടന്ന്
പുളയും.
എന്നിട്ടോ.....
നീട്ടീം തുമ്മീം ചുമച്ചും
അതങ്ങനെ നില്ക്കും.
പറയേണ്ട സ്ഥലത്ത്
വാക്കുകളെയിറക്കാനും
കഴിഞ്ഞില്ല..
അവസാനം
വിജനമായൊരിടത്ത്
ഈ... വാക്കുകളെയെല്ലാം
കാറ്റിൽപറത്തി വിടും...
വണ്ടി ചുമച്ചും തുമ്മിയും
മനസ്സിലേക്കു തന്നെ 
തിരിക്കും...
കാറ്റിൽ പറത്താനാണോ
ഈ.. വാക്കുകളെയെല്ലാം
നിനക്കു തന്നുവിടുന്നതെന്ന്
മനസ്സ് ചോദിച്ചാൽ..
തുറന്നങ്ങ് പറയും...!!
നിന്റെ വാക്കുകളെ
കോരിയെടുക്കാൻ
ആരും തന്നെ വന്നിരുന്നില്ല..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക