Image

തൂത്തുക്കുടി കസ്റ്റഡി മരണം; മരിച്ചവരുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് രജനീകാന്ത്

Published on 28 June, 2020
 തൂത്തുക്കുടി കസ്റ്റഡി മരണം; മരിച്ചവരുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് രജനീകാന്ത്

തൂത്തുക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമാവുന്നതിനിടെ സിനിമാരംഗത്തുനിന്നുള്ള പലരും വിഷയത്തില്‍ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുന്നുണ്ട്. നടന്‍ സൂര്യ ഈ വിഷയത്തില്‍ വിശദമായ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ മരിച്ചവരുടെ ബന്ധുക്കളെ രജനീകാന്ത് ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചതായും വാര്‍ത്തകള്‍ വരുന്നു. മരിച്ച ജയരാജന്റെ ഭാര്യയെ രജനീകാന്ത് ഫോണില്‍ വിളിച്ചുവെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.


ജയരാജനും മകന്‍ ഫെനിക്‌സും മരണപ്പെട്ടിരുന്നില്ലെങ്കില്‍ പൊലീസ് അതിക്രമം ഇത്രയും ശ്രദ്ധ നേടുമായിരുന്നോ എന്നായിരുന്നു സൂര്യയുടെ ചോദ്യം. 'സാത്താങ്കുളം പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവം പൊലീസ് സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. എവിടെയോ നടന്ന ഒരു സംഭവമെന്ന നിലയില്‍ അവഗണിക്കാനാവുന്ന ഒന്നല്ല ഇത്. പൊലീസിന്റെ ക്രൂര അതിക്രമത്തിനു വിധേയരായ ശേഷവും ജയരാജിനെയും ഫെനിക്‌സിനെയും പരിശോധിച്ച സര്‍ക്കാര്‍ ഡോക്ടര്‍ വിലയിരുത്തിയത് അവരുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നാണ്. അവരുടെ യഥാര്‍ഥ സ്ഥിതി എന്തെന്നു പരിഗണിക്കാതെയാണ് മജിസ്‌ട്രേറ്റ് കസ്റ്റഡി അനുവദിച്ചു കൊടുത്തതും. ജയില്‍ വിചാരണയും വേണ്ടവിധത്തിലല്ല നടന്നത്. പൗരാവകാശത്തിന്റെ കാര്യത്തില്‍ നമ്മുടെ അധികാര കേന്ദ്രങ്ങള്‍ കാട്ടുന്ന അലംഭാവം എത്രത്തോളമാണെന്നതിനു തെളിവാണ് ഈ ജാഗ്രതക്കുറവ്', സൂര്യ പറയുന്നു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് രാത്രി ഒന്‍പതുമണി കഴിഞ്ഞിട്ടും സ്വന്തം വ്യാപാരസ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജയരാജനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവരമറിഞ്ഞ് മകന്‍ ഫെനിക്‌സ് സ്റ്റേഷനിലേക്കെത്തി. കൊവിഡ് പരിശോധനയ്ക്കായി കോവില്‍പട്ടി സബ്ജയിലിലേക്ക് കൊണ്ടുപോയ ജയരാജനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന ഫെനിക്‌സിനും മര്‍ദ്ദനമേറ്റു. തിങ്കളാഴ്ചയായിരുന്നു ബെനിക്‌സിന്റെ മരണം. ചൊവ്വാഴ്ച ജയരാജനും മരണത്തിനു കീഴടങ്ങി. സമൂഹമാധ്യമങ്ങളില്‍ വലിയ ജനരോഷമാണ് ഈ വിഷയത്തില്‍ ഉയരുന്നത്. ജയരാജനും ഫെനിക്‌സിനും നീതി ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍ മുന്നോട്ടുപോകുന്നുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക