Image

വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം: കുവൈറ്റിനെ ഒഴിവാക്കിയതില്‍ കല കുവൈറ്റ് പ്രതിഷേധിച്ചു

Published on 28 June, 2020
 വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം: കുവൈറ്റിനെ ഒഴിവാക്കിയതില്‍ കല കുവൈറ്റ് പ്രതിഷേധിച്ചു

കുവൈറ്റ് സിറ്റി: കൊവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുള്ള രാജ്യാന്തര വ്യോമനിയന്ത്രണങ്ങളുടെ ഭാഗമായി വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുവന്‍ വന്ദേഭാരത് മിഷന് കഴിയുന്നില്ല. വിവിധ കാരണങ്ങളാല്‍ നാട്ടില്‍ തിരികെയെത്താനാഗ്രഹിക്കുന്ന നിരവധിയാളുകളാണ് മൂന്ന് ഘട്ടങ്ങള്‍ക്ക് ശേഷവും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുവൈറ്റിനെ ഒഴിവാക്കിയതില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രതിഷേധിച്ചു.

നാലാം ഘട്ടത്തില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ വലിയ രീതിയില്‍ പരിഗണിച്ചപ്പോള്‍ ലക്ഷകണക്കിന് ഇന്ത്യക്കാര്‍ അധിവസിക്കുന്ന കുവൈറ്റിനെ പാടെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യ മൂന്ന് ഘട്ടത്തിലും വളരെ കുറച്ചു സര്‍വീസ് മാത്രമാണ് കുവൈറ്റില്‍ നിന്നും ഉണ്ടായിരുന്നത്. ഇത് പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ കുവൈറ്റിലെ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത വിമാന സര്‍വീസുകളാണ് നാട്ടിലേക്കെത്തുന്നതിന് പ്രവാസികള്‍ക്ക് ആശ്വാസമായത്. രോഗബാധിതര്‍, വിദ്യാര്‍ത്ഥികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങി നിരവധിയാളുകളാണ് വിവിധ കാരണങ്ങളാല്‍ ഇനിയും കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത്.

നാലാം ഘട്ടത്തില്‍ കുവൈറ്റിനെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രധിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ കുവൈറ്റിലെ പ്രവാസികളോട് കാണിക്കുന്ന പ്രവാസി വിരുദ്ധ നിലപാടില്‍ പ്രതിഷേധിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് എന്നിവര്‍ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക