Image

വന്ദേഭാരത് വിമാനത്തില്‍ സ്വര്‍ണം കള്ളക്കടത്ത്: 2 പേര്‍ അറസ്റ്റില്‍

Published on 28 June, 2020
വന്ദേഭാരത് വിമാനത്തില്‍ സ്വര്‍ണം കള്ളക്കടത്ത്: 2 പേര്‍ അറസ്റ്റില്‍
ദുബായ്: വന്ദേഭാരത് ദൗത്യപ്രകാരം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ദുബായില്‍ നിന്നു മടങ്ങിയ ആളെ ഉപയോഗിച്ചു സ്വര്‍ണം കള്ളക്കടത്ത്; 2 പേര്‍ അറസ്റ്റില്‍. 340 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കടത്തിക്കൊണ്ടു വന്ന സ്വര്‍ണം വാങ്ങാന്‍ എത്തിയ കോഴിക്കോട് കൊടുവള്ളി മൂലയില്‍ വീട്ടില്‍ ഷമീര്‍ (35), കണ്ണാടിപൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് (40) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍മാരായ ജസ്റ്റിന്‍ ജോണ്‍, വിപിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. സ്വര്‍ണം കൊണ്ടുവന്ന ചാത്തന്നൂര്‍ കാരംകോട് വിസ്മയയില്‍ ജോസ് ദാസിന് (35) എതിരെയും കേസ് എടുത്തു. ഇന്നലെ പുലര്‍ച്ചെ നാലോടെ ആദിച്ചനല്ലൂര്‍ അടിമുക്കിനു സമീപമാണു സംഘം പിടിയിലായത്.

കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ ജോസ് ദാസ് ചാത്തന്നൂര്‍ ജെഎസ്എം ആശുപത്രിക്കു സമീപമാണു താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.30നു ദുബായില്‍ നിന്നു തിരുവനന്തപുരം വിമാനത്തിലാണ് ജോസ് ദാസ് എത്തിയത്. ക്വാറന്റീനില്‍ കഴിയണമെന്നതിനാല്‍ കൂടെ ജോലി ചെയ്യുന്ന ആദിച്ചനല്ലൂര്‍ സ്വദേശിയുടെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ എത്തുകയായിരുന്നു.

വീടു വരെ കാര്‍ എത്താത്തതിനാല്‍ സമീപത്തെ റോഡില്‍ വച്ചു സ്വര്‍ണം കൈമാറി. സ്വര്‍ണം വാങ്ങി കോഴിക്കോട് സ്വദേശികള്‍ കാറില്‍ കയറിയപ്പോള്‍ പൊലീസ് പട്രോളിങ് സംഘത്തിന്റെ മുന്നില്‍പ്പെട്ടു. അനധികൃതമായി സ്വര്‍ണം കടത്തിയതിനു പുറമേ ക്വാറന്റീന്‍ ലംഘിച്ചതിനും ജോസ് ദാസിനെതിരെ കേസ് എടുത്തു. ജോസ് ദാസ് ക്വാറന്റീനില്‍ തുടരുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനു കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.പ്രതികളെ സെന്‍ട്രല്‍ കസ്റ്റംസ് അധികൃതര്‍ക്കു കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക