Image

പൊലീസുകാരെ പ്രകീര്‍ത്തിച്ച്‌ ചിത്രങ്ങള്‍ എടുത്തതില്‍ കുറ്റബോധം തോന്നുന്നുവെന്ന് സിങ്കം സംവിധായകന്‍

Published on 28 June, 2020
പൊലീസുകാരെ പ്രകീര്‍ത്തിച്ച്‌ ചിത്രങ്ങള്‍ എടുത്തതില്‍  കുറ്റബോധം തോന്നുന്നുവെന്ന്  സിങ്കം സംവിധായകന്‍
ചെന്നൈ: പൊലീസുകാരെ പ്രകീര്‍ത്തിച്ച്‌ ചിത്രങ്ങള്‍ എടുത്തതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്ന് പ്രമുഖ സംവിധായകന്‍ ഹരി. തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് ഹരിയുടെ പ്രതികരണം. 

തമിഴിലെ ഏറ്റവും മികച്ച പൊലീസ് ചിത്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിങ്കം സീരീസ്, സാമി, സാമി 2, എന്നീ ചിത്രങ്ങളൊരുക്കിയത് ഹരിയാണ്. 

എന്നാല്‍ പൊലീസുകാര്‍ക്ക് ഹീറോ പരിവേഷം നല്‍കി ഇത്തരം ചിത്രങ്ങള്‍ ഒരുക്കിയതില്‍ ഇപ്പോള്‍ വേദന തോന്നുന്നുവെന്നാണ് ഹരി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

'പൊലീസുകാരില്‍ ചിലര്‍ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്.. പൊലീസുകാരെ മഹത്വവത്കരിച്ച്‌ അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്.. പ്രസ്താവനയില്‍ ഹരി പറയുന്നു.

 'സതങ്കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്‌നാട്ടില്‍ ആര്‍ക്കും ഇനി സംഭവിക്കരുത്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏക മാര്‍ഗം' ഹരി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

നടന്‍ സൂര്യയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രമാണ് ഹരിയുടെ സംവിധാനത്തിലെത്തിയ സിങ്കം. ചിത്രത്തിന്‍റെ മൂന്ന് ഭാഗങ്ങളാണ് വിവിധ കാലയളവില്‍ പുറത്തുവന്നത്. 

സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പോരാടുന്ന ദുരൈ സിങ്കം എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തുന്നത്.  ഇപ്പോള്‍ തൂത്തുക്കുടിയിലെ ക്രൂര സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍റെ മനസ്താപം.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണില്‍ ലോക്ക്ഡൗണ്‍ ഇളവ് സമയം കഴിഞ്ഞിട്ടും കടകള്‍ തുറന്നു എന്ന കാരണത്താലാണ്പി ജയരാജ്(59) മകന്‍ ബെനിക്സ്(31) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രൂരമായ പീഡനത്തിന് ശേഷം ആശുപത്രിയിലെത്തിക്കപ്പെട്ട ഇവര്‍ മരണത്തിന് കീഴടങ്ങി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക